കോഴിക്കോട്: സംസ്ഥാനത്ത് അതിവേഗ റെയില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന ഭാരവാഹി യോഗവും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്ന് പ്രഖ്യാപിക്കാന്‍ പോകുന്നതേയുള്ളൂവെന്നും അവര്‍ പറഞ്ഞു.
‘സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം, സംസ്ഥാന കമ്മിറ്റി തുടങ്ങിയവ ഒരുമിച്ച് ചേര്‍ന്നുകൊണ്ട് പ്രഖ്യാപിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞതായിട്ട് ഞാന്‍ മാധ്യമങ്ങളിലൂടെ കണ്ടത്,’ ശോഭ പറഞ്ഞു.
ഇതൊരു ഒറ്റയാള്‍ പട്ടാളമല്ലെന്നും പാര്‍ട്ടിയാണെന്നും ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. പദ്ധതിയെ കുറിച്ച് പഠനവും ചര്‍ച്ചയും നടത്തിയ ശേഷമേ കേരളത്തില്‍ ഒരു പദ്ധതി മുന്നോട്ട് പോകൂവെന്നും അവര്‍ പറഞ്ഞു.
‘ഇതൊരു ഒറ്റയാള്‍ പട്ടാളമല്ല, പാര്‍ട്ടിയാണ്. ഇത് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട ഒന്നാണ്. ജനങ്ങള്‍ക്ക് പ്രശ്‌നബാധിതമല്ലാത്ത രീതിയില്‍ പദ്ധതി കൊണ്ടുവരാന്‍ സാധിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള പഠനം, ചര്‍ച്ച, പൊതുജനങ്ങളുടെ പങ്കാളിത്തം ഇതെല്ലാം ചേര്‍ന്ന് കൊണ്ട് മാത്രമേ കേരളത്തില്‍ ഒരു പദ്ധതി മുന്നോട്ട് പോകൂ. ഞങ്ങളാരും വികസനത്തിന് എതിരല്ല,’ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിക്കില്ലെന്നും വി.മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി സ്ഥാനമെന്നും അവര്‍ പറഞ്ഞു. അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തിന് നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതിക്കായി വാശിപിടിക്കുന്നതിന് പകരം ഇ. ശ്രീധരന്‍ പറഞ്ഞത് പോലുള്ള ഒരു ബദല്‍ ഹൈസ്പീഡ് റെയില്‍വേ സംവിധാനമാണ് വേണ്ടതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേരളത്തിലെ വികസനമാണ് പരമ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്, തീര്‍ച്ചയായും അത് കേരളത്തിന് ഗുണം ചെയ്യുന്ന പദ്ധതിയാണ് എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. കേരളത്തിലെ വികസനമാണ് പരമ പ്രധാനമായ കാര്യം. കേരളത്തിലെ അതിവേഗ റെയില്‍വേ വികസനത്തിന്, അതിവേഗത്തില്‍ യാത്ര ചെയ്യാനുള്ള അവസരത്തിന് ഇതൊരു പുതിയ തുടക്കമാകും.
ഇത് യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും മറ്റ് അധികാരികളുമെല്ലാം ശരിയായ നിലയില്‍ ഇതിന് വേണ്ടിയാണ് പരിശ്രമിക്കേണ്ടത്. അല്ലാതെ നടപ്പാക്കാന്‍ സാധിക്കാത്ത കേരളത്തിന് നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതിക്കായി വാശിപിടിക്കുന്നതിന് പകരം മെട്രോ മാന്‍ പറഞ്ഞത് പോലുള്ള ഒരു ബദല്‍ ഹൈസ്പീഡ് റെയില്‍വേ സംവിധാനമാണ് വേണ്ടത് എന്നുള്ളതാണ് അദ്ദേഹത്തില്‍ നിന്നും എനിക്ക് മനസിലായത്,’ എന്നായിരുന്നു കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.
Content Highlight: Shobha surendran against k surendran