ശബരിമല കാലത്ത് ഗാലറിയിലിരുന്ന് കളി കണ്ട കോണ്‍ഗ്രസിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും; കഴക്കൂട്ടത്ത് മത്സരിക്കുന്നത് അസുര നിഗ്രഹത്തിനെന്ന് ശോഭ സുരേന്ദ്രന്‍
Kerala
ശബരിമല കാലത്ത് ഗാലറിയിലിരുന്ന് കളി കണ്ട കോണ്‍ഗ്രസിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും; കഴക്കൂട്ടത്ത് മത്സരിക്കുന്നത് അസുര നിഗ്രഹത്തിനെന്ന് ശോഭ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 2:46 pm

തിരുവനന്തപുരം: ശബരിമല വിഷയമുള്ള കാലത്ത് ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസെന്ന് കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും ഒരു പെറ്റി കേസ് പോലും നിലനില്‍ക്കുന്നില്ലെന്നും അന്ന് യു.ഡി.എഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വി. മുരളീധരന്‍ പ്രവര്‍ത്തിച്ച മണ്ഡലത്തിലേക്കുള്ള തന്റെ വരവില്‍ കഴക്കൂട്ടത്തെ പ്രവര്‍ത്തകര്‍ സന്തോഷത്തിലാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാര്‍ഥിയെ ആണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുര നിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താനുള്‍പ്പെടെയുള്ളവര്‍ അത്തരം ഒരു സ്ഥാനാര്‍ഥിക്കായി കാത്തിരിക്കുകയായിരുന്നു.

‘കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം ഒരു അസുര നിഗ്രഹം അത് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കണം എന്നത് കേരളത്തിലെ വിശ്വാസികളുടെ ആഗ്രഹമാണ്. അതിന് പ്രാപ്തമായിട്ടുള്ള സ്ഥാനാര്‍ത്ഥിയെ, കൂടുതല്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ ഞാനുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. മാത്രമല്ല മുരളീധരന്‍ ശ്രദ്ധവച്ച് പ്രവര്‍ത്തിച്ച ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതില്‍ പ്രവര്‍ത്തകരും സന്തോഷത്തിലാണ്’.

‘സ്ഥാനാര്‍ത്ഥിയുടെ പേര് എന്നത് പ്രസക്തമല്ല. ശോഭാ സുരേന്ദ്രന്‍ ഒരു സ്ഥാനാര്‍ത്ഥിയായി മാറുന്നു എന്നു മാത്രമേ ഉള്ളു. വിശ്വാസം സംബന്ധിച്ച നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം തുടര്‍ ഭരണമുണ്ടായാല്‍ ശബരിമല ആവര്‍ത്തിക്കും ഒപ്പം യുവതീ പ്രവേശനം സാധ്യമാക്കും. അതാണല്ലോ പാര്‍ട്ടി നിലപാട്. അഫിഡവിറ്റ് തിരുത്താന്‍ തയ്യാറായിട്ടില്ല. ഒരേ സമയം വിശ്വാസികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വിശ്വാസികളുടെ വോട്ട് എന്നുള്ള ആഗ്രഹം അത് സ്വാംശീകരിച്ചെടുത്ത് ഒരു കടകം മറിച്ചിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നടത്തിയിട്ടുള്ളത്’.

സ്ഥാനാര്‍ത്ഥിത്വത്തില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രമാണ്. ഒരു സ്വയം പ്രാപ്തയാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചു കഴിഞ്ഞാല്‍ ആ തെളിയിക്കുന്ന വഴികളിലൂടെ മുന്നോട്ട് പോയാല്‍ സമയമാകുമ്പോള്‍ അവസരം വരും എന്നുള്ളതാണ്. ഞാനൊന്നും സംവരണത്തിലൂടെ വളര്‍ന്നു വന്ന ആളല്ല. ഗൗരിയമ്മയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിട്ട്, പിറ്റേദിവസം മുഖ്യമന്ത്രി ആകുമ്പോള്‍ ഉടുക്കേണ്ട സാരി മാറ്റിവയ്ക്കണമെന്ന് പറഞ്ഞ ഒരു നാടല്ലേ ഇത്’- ശോഭ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shobha Surendran Against Congress and cpim