ജനപിന്തുണയാണ് പ്രധാനം, ചുട്ടുകൊല്ലുമെന്നും, പറത്തിക്കളയുമെന്നും ഭീഷണിപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെ ഓര്‍ത്താല്‍ നന്ന്; തുറന്ന പോരുമായി ശോഭ സുരേന്ദ്രന്‍
Kerala News
ജനപിന്തുണയാണ് പ്രധാനം, ചുട്ടുകൊല്ലുമെന്നും, പറത്തിക്കളയുമെന്നും ഭീഷണിപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെ ഓര്‍ത്താല്‍ നന്ന്; തുറന്ന പോരുമായി ശോഭ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th October 2021, 10:07 am

തിരുവനന്തപുരം: ദേശീയ നിര്‍വാഹസമിതിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.

പതിമൂന്നാമത്തെ വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ച ആളാണ് താനെന്നും ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ലെന്നും പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ ഫോസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനമെന്നും എന്നാല്‍ തന്നെ പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞു.

” ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം.

എന്നാല്‍, തന്നെ പൂജിക്കാത്തവരെ ചുട്ടുകൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ്,” ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കിലെഴുതി.

വ്യാഴാഴ്ച പുറത്തുവന്ന ദേശീയ നിര്‍വാഹകസമിതിയില്‍ കേരളത്തില്‍ നിന്ന് ശോഭാ സുരേന്ദ്രനേയും അല്‍ഫോണ്‍സ് കണ്ണന്താനത്തേയും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിക്കകത്ത വലിയ രീതിയില്‍ത്തന്നെ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പലവട്ടം ശോഭാ സുരേന്ദ്രന്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രംഗത്തെത്തിയിരുന്നയാളാണ് ശോഭാ സുരേന്ദ്രന്‍. സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനേയും ശോഭ പരിഹസിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Sobha Surendran against BJP leadership, Facebook post, BJP Disputes