ആലപ്പുഴ: 10 ലക്ഷം രൂപ വാങ്ങി പറ്റിച്ചെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം സമ്മതിച്ച് ആലപ്പുഴ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന്‍. പണം വാങ്ങിയത് സ്ഥലം വില്‍ക്കാനാണെന്നാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. പറഞ്ഞുറപ്പിച്ച പണം മുഴുവനായി തന്നില്ലെങ്കില്‍ പത്ത് ലക്ഷം തിരികെ നല്‍കില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്‍ തന്റെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി പറ്റിച്ചെന്ന് നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന് പണം നല്‍കിയതിന്റെ രേഖകളും ബാങ്ക് രസീതും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പുറത്തുവിട്ടു.
വോട്ട് കാന്‍വാസ് ചെയ്യാനോ ഇവരെ തോല്‍പ്പിക്കാനോ അല്ല താന്‍ ഇതുപറയുന്നതെന്നും 26ാം തിയ്യതി കഴിഞ്ഞാല്‍ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോയെന്നും ഇനിയും തെളിവുകള്‍ പുറത്തുവിടാനുണ്ടെന്നും നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു.
‘2014ല്‍ അക്കൗണ്ട് വഴി ശോഭ സുരേന്ദ്രനാണ് ഞാന്‍ പണം നല്‍കിയത്. ആ കാലത്ത് കാശ് കൈകാര്യംചെയ്യുന്നതിന് നിയന്ത്രണമില്ല. ഇന്ന് നിയന്ത്രണമുണ്ട്. അതുകൊണ്ട് ഞാന്‍ അക്കൗണ്ട് വഴിയാണ് രണ്ടാമത് പണം കൊടുത്തത്.
അവരുടെ തൃശൂരുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങാനായിട്ട് ഡോക്യുമെന്റ് തന്നപ്പോള്‍ എന്നോട് പത്ത് ലക്ഷം അഡ്വാന്‍സ് വേണമെന്ന് പറഞ്ഞു. അബദ്ധം പറ്റാതിരിക്കാന്‍ എസ്.ബി.ഐ ചെക്ക് വഴിയാണ് പണം അയച്ചത്. ദല്‍ഹി മെയിന്‍ബ്രാഞ്ച് വഴിയാണ് ചെയ്തത്. പണം തിരിച്ചുതന്നില്ല. ഞാന്‍ പ്രോപ്പര്‍ട്ടി കാണാന്‍ പോയപ്പോള്‍ എന്നെപ്പോലെ മറ്റ് രണ്ട് പേര്‍ക്ക് ഇതുപോലെ തന്നെ പ്രോപ്പര്‍ട്ടിയുടെ ഡോക്യുമെന്റ്സ് കൊടുത്ത് പണം വാങ്ങിയിട്ടുണ്ടെന്ന് മനസിലായി,’ ദല്ലാള്‍ നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ പണം വാങ്ങിയെന്ന് സമ്മതിച്ചെങ്കിലും മറ്റ് വിഷയങ്ങളില്‍ ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിനെതിരെ ശോഭ സുരേന്ദ്രന്‍ രൂക്ഷ ആരോപണങ്ങള്‍ ഉയര്‍ത്തി. മാസപ്പടി വിവാദത്തില്‍ കര്‍ത്തക്കെതിരെ നടത്തിയ പ്രസംഗം പിന്‍വലിക്കണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടുവെന്നാണ് ശോഭയുടെ ആരോപണം.
കഴിഞ്ഞ ആഴ്ച മലപ്പുറത്തുള്ള തന്റെ ബന്ധുവിനെ വിളിച്ചുകൊണ്ടാണ് ബ്രിട്ടാസ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ശോഭ ആരോപിച്ചു. തന്നെ നേരില്‍ കാണണമെന്ന് ബ്രിട്ടാസ് പറഞ്ഞുവെന്നും വേണമെങ്കില്‍ ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
Content Highlight: Shobha Surendran admits to Nandakumar’s allegation that he cheated by buying 10 lakh rupees