| Tuesday, 30th March 2021, 2:48 pm

കഴക്കൂട്ടത്ത് മത്സരം എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മില്‍: ശോഭ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴക്കൂട്ടം: കഴക്കൂട്ടത്ത് ഇത്തവണ ത്രികോണ മത്സരമില്ലെന്നും എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നതെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍.

മണ്ഡലത്തില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനം വളരെ നിര്‍ജ്ജീവമാണെന്നും യു.ഡി.എഫ് ചിത്രത്തിലില്ലെന്നും ശോഭ പറയുന്നു. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തണപ്പെട്ടിടത്ത് ഇത്തവണ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

ശബരിമല വിഷയം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് കഴക്കൂട്ടം. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് അതിന് കാരണമെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു.

ബി.ജെ.പിയുടെ മുന്നേറ്റം എല്‍.ഡി.എഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ ഉണ്ടായ ആസൂത്രിതമായ ആക്രമണം ഇതിന് തെളിവാണെന്നും ശോഭ പറയുന്നു.

സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തനങ്ങളെന്നും പൊലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ ദുരുപയോഗപ്പെടുത്തി വിജയം നേടാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും ശോഭ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന് 20 ശതമാനവും മുസ്‌ലിം സമുദായത്തിന് 80 ശതമാനവുമെന്ന വിവേചനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് മുസ്‌ലിം ലീഗ് കണ്ണുരുട്ടി ഭയപ്പെടുത്തുന്നത് കൊണ്ടാണെന്നും മുസ്‌ലിം ലീഗ് ശബ്ദിച്ചാല്‍ മുട്ടിടിക്കുന്നവരാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.

മുസ്‌ലിം ലീഗിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും, ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ് നിരോധിക്കുമെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ ജനസംഖ്യാ ആനുപാതികമായ വിഹിതം നല്‍കുമെന്നും ശോഭ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more