കോഴിക്കോട്: പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്ന ഒരു വര്‍ഷക്കാലം പൂര്‍ണമായും താന്‍ എഴുത്തിലായിരുന്നെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മോദിയുടെ കുറിച്ചുള്ള ഒരു പുസ്തകം താന്‍ പൂര്‍ത്തിയാക്കിയെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ശേഷം സ്വയം രാഷ്ട്രീയ വനവാസത്തിലായത് എങ്ങനെയാണു തരണം ചെയ്തത് എന്ന ചോദ്യത്തിന് താന്‍ പൂര്‍ണമായും എഴുത്തിലായിരുന്നെന്നും മൂന്ന് പുസ്തകങ്ങളുടെ പണിപ്പുരയിലാണെന്നുമായിരിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.
‘ജനപക്ഷത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട്’ എന്നത് മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം പൂര്‍ത്തിയായെന്നും അമിത് ഷായെയും യോഗി ആദിത്യനാഥിനെയും കുറിച്ചുള്ള പുസ്തകമാണ് അടുത്തതായി പൂര്‍ത്തിയാക്കുനുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
വീടിനകത്ത് ഇരുന്നപ്പോഴും ബി.ജെ.പിയുടെ ആശയങ്ങള്‍ ജനങ്ങളിലേക്കു കൂടുതലായി എത്തിക്കാനുള്ള മാര്‍ഗമാണു താന്‍ അവലംബിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍നിന്ന് ഒരു ഘട്ടത്തിലും വിട്ടുനിന്നിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ജെ.പി.നദ്ദയുടെ യോഗത്തില്‍ പങ്കെടുത്തതു കേന്ദ്ര നിര്‍ദേശപ്രകാരമാണോ എന്ന ചോദ്യത്തിന്
ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന പരിപാടിക്ക് എത്തുകയെന്നത് ബി.ജെ.പി അംഗത്തില്‍ നിക്ഷിപ്തമായ കര്‍ത്തവ്യമാണെന്നും അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിക്കാന്‍ അവിടെ പോയതാണെന്നും ശോഭ പറഞ്ഞു.
നദ്ദയോ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോ നേരത്തേ സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊന്നും ഉണ്ടായില്ലെന്നും തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ നദ്ദാജി ഞാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നെന്നും ശോഭ പറഞ്ഞു.
കെ.സുരേന്ദ്രന്‍ നേതൃത്വം ഏറ്റെടുത്ത ശേഷം എന്തുകൊണ്ടാണ് പാര്‍ട്ടിയോടു സഹകരിക്കാതെ മാറിനിന്നത് എന്ന ചോദ്യത്തിന് ആ വിഷയം തുറന്ന ചര്‍ച്ചയ്ക്കു വയ്ക്കാന്‍ ഇനി സാധ്യമല്ലെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞതിനപ്പുറം ഒന്നും പ്രസക്തമല്ലെന്നുമായിരുന്നു ശോഭയുടെ മറുപടി.
ദേശീയ നിര്‍വാഹകസമിതി അംഗമായ താങ്കളെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചത് കീഴ്വഴക്കം ലംഘിച്ചാണെന്ന് നേരത്തേ പ്രതികരിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് പദവിക്കോ അധികാരത്തിനോ വേണ്ടിയല്ല തന്റെ രാഷ്ട്രീയപ്രവര്‍ത്തനമെന്നായിരുന്നു ശോഭയുടെ മറുപടി.
13ാം വയസ്സില്‍ ബാലഗോകുലത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. പദവിക്കോ അധികാരത്തിനോ വേണ്ടിയല്ല എന്റെ രാഷ്ട്രീയപ്രവര്‍ത്തനം. പൊതുപ്രവര്‍ത്തനം നടത്തുന്ന ആരെയും, പ്രത്യേകിച്ചു സ്ത്രീകളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യാന്‍ പാടില്ല എന്നതാണ് എക്കാലത്തെയും എന്റെ നിലപാട്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദികളില്‍ പറഞ്ഞിട്ടുണ്ട്.
താങ്കളെക്കുറിച്ചു മാധ്യമങ്ങള്‍ ആദ്യമുയര്‍ത്തിയ ചോദ്യങ്ങള്‍ കെ.സുരേന്ദ്രന്‍ അവഗണിച്ചപ്പോള്‍ എന്തു തോന്നിയെന്ന ചോദ്യത്തിന് അടുക്കളയിലും രാഷ്ട്രീയം സംസാരിക്കുന്ന നാടാണിതെന്നും അതില്‍ കൂടുതലൊന്നും അക്കാര്യത്തില്‍ പറയേണ്ട കാര്യമില്ലെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.
ഒരു പ്രശ്‌നവുമില്ല എന്ന അവരുടെ ഉത്തരവും ദേശീയ അധ്യക്ഷന്റെ പ്രതികരണവുമെല്ലാം സംഘടനയുടെ നന്മയ്ക്കുവേണ്ടി ആയിരിക്കുമെന്നും ശോഭ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക