| Monday, 28th October 2024, 9:19 pm

ഈ പാട്ട് ഞാന്‍ തന്നെയാണോ പാടിയത് എന്നാണ് മമ്മൂട്ടി മാസ്റ്ററോട് ചോദിച്ചത്: ശോഭ രവീന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സംഗീതസംവിധായകരിലൊരാളാണ് രവീന്ദ്രന്‍ മാസ്റ്റര്‍. ഇന്നും മലയാളികള്‍ ഹൃദയത്തിലേറ്റുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചവയാണ്. 150ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ രവീന്ദ്രന്‍ മാസ്റ്റര്‍ ഒരു ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. മാസ്റ്ററെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ പങ്കാളി ശോഭ രവീന്ദ്രന്‍.

മമ്മൂട്ടിയെ ആദ്യമായി ഒരു സിനിമയില്‍ പാടിച്ചത് രവീന്ദ്രന്‍ മാസ്റ്ററാണെന്ന് പറയുകയാണ് ശോഭ. പാടാന്‍ ആഗ്രഹമുണ്ടെങ്കിലും സഭാകമ്പം കാരണം ഒരിക്കലും പൊതുവേദിയില്‍ പാടാന്‍ താത്പര്യപ്പെടാത്തയാളാണ് മമ്മൂട്ടിയെന്ന് ശോഭ പറഞ്ഞു. എന്നാല്‍ അദ്ദേഹം മനോഹരമായി പാടുമെന്നും മാസ്റ്റര്‍ ഒരിക്കല്‍ അത് കേള്‍ക്കാനിടയായെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

ഒരു പാട്ടെങ്കിലും തന്നെക്കൊണ്ട് സിനിമയില്‍ പാടിക്കുമെന്ന് മാസ്റ്റര്‍ അന്ന് മമ്മൂട്ടിയോട് പറഞ്ഞെന്നും ഒടുവില്‍ അങ്ങനെയൊരു അവസരം വന്നെന്നും ശോഭ പറഞ്ഞു. വി.എം. വിനു സംവിധാനം ചെയ്ത പല്ലാവൂര്‍ ദേവനാരയണനില്‍ മമ്മൂട്ടിയെക്കൊണ്ട് ഒരു പാട്ട് മാസ്റ്റര്‍ പാടിച്ചുവെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സിഗരറ്റൊക്കെ വലിച്ച് ശബ്ദം മോശമായെന്ന തോന്നല്‍ മമ്മൂട്ടിക്കുണ്ടായിരുന്നെന്നും ഒരുപാട് ടെന്‍ഷനടിച്ചാണ് സ്റ്റുഡിയോയില്‍ നിന്നതെന്നും ശോഭ പറഞ്ഞു. അന്ന് മമ്മൂട്ടിയെ ഓക്കെയാക്കിയത് തങ്ങളുടെ മകനാണെന്നും അവനായിരുന്നു ആ പാട്ടിന്റെ സൗണ്ട് എഞ്ചിനിയറെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ പാട്ട് കേട്ടപ്പോള്‍ ഇത് താന്‍ തന്നെ പാടിയതാണോ എന്ന് മമ്മൂട്ടി വണ്ടറടിച്ചെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘മമ്മൂട്ടിയെക്കൊണ്ട് ആദ്യമായി ഒരു സിനിമയില്‍ പാടിച്ചത് രവീന്ദ്രന്‍ മാസ്റ്ററാണ്. നന്നായി പാടാന്‍ കഴിവുള്ളയാളാണ് മമ്മൂട്ടി. പക്ഷേ സഭാകമ്പം അദ്ദേഹത്തിന് നന്നായിട്ട് ഉണ്ട്. ഒരുപാട് ആളുകളുള്ള സദസിലൊന്നും മമ്മൂട്ടി പാടില്ല. എപ്പഴോ മമ്മൂട്ടിയുടെ പാട്ട് കേട്ട മാസ്റ്റര്‍ ‘തന്നെക്കൊണ്ട് ഞാന്‍ ഒരു സിനിമയിലെങ്കിലും പാടിക്കും’ എന്ന് പറഞ്ഞു. അങ്ങനെയാണ് പല്ലാവൂര്‍ ദേവനാരായണനില്‍ അദ്ദേഹം മമ്മൂട്ടിയെക്കൊണ്ട് പാടിക്കുന്നത്. ചെന്നൈയില്‍ ഞങ്ങളുടെ വീടിനടുത്തുള്ള സ്റ്റുഡിയോയില്‍ വെച്ചായിരുന്നു റെക്കോഡിങ്.

മമ്മൂട്ടിക്കാണെങ്കില്‍ വല്ലാത്ത ടെന്‍ഷനായിരുന്നു. സിഗരറ്റൊക്കെ വലിച്ച് ശബ്ദം പോയിരിക്കുകയാണോ എന്നുള്ള പേടിയായിരുന്നു അദ്ദേഹത്തിന്. ഞങ്ങളുടെ മകന്‍ സാജനായിരുന്നു ആ പാട്ടിന്റെ സൗണ്ട് എഞ്ചിനിയര്‍. അവനായിരുന്നു മമ്മൂട്ടിയെ ഓക്കെയാക്കിയത്. പുള്ളി ആ പാട്ട് നല്ല രീതിയില്‍ പാടി. റെക്കോഡിങ് കഴിഞ്ഞ് ആ പാട്ട് കേട്ടപ്പോള്‍ ‘ഇത് ഞാന്‍ തന്നെയാണോ പാടിയത്’ എന്നാണ് മമ്മൂട്ടി ചോദിച്ചത്,’ ശോഭ പറയുന്നു.

Content Highlight: Shobha Raveendran shares memories of Raveendran master

We use cookies to give you the best possible experience. Learn more