|

എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്, നീതി ലഭിക്കുമെന്ന് ഉറപ്പായിരുന്നു: ശോഭ ഗുപ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ നീതി ലഭിക്കുമെന്നതില്‍ തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ബില്‍ക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്ത. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് തങ്ങള്‍ അപ്പീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതെന്നും ശോഭ ഗുപ്ത പറഞ്ഞു.

കേസില്‍ 11 പേരുടെ ജീവപര്യന്തം തടവ് ശിക്ഷ ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. അതിനെതിരെ ശോഭ ഗുപ്ത നടത്തിയ ശക്തമായ വാദത്തിലൂടെ സുപ്രീം കോടതി വിധി പുനഃസ്ഥാപിച്ചത് . 251 പേജുള്ള വിധിന്യായത്തില്‍, ശിക്ഷാ ഇളവിനുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ സംസ്ഥാനം ഒത്തൊരുമിച്ച് കുറ്റവാളികള്‍ക്ക് കൂട്ടുനിന്നു എന്നും പറഞ്ഞു.

ശോഭ ഗുപ്തയാണ് 2003 മുതല്‍ ബില്‍ക്കിസിന്റെ അഭിഭാഷക. ശോഭ ഗുപ്ത നിയമ നടപടികളിലുടനീളം ഉറച്ച സഹായം ബില്‍ക്കിസിന് നല്‍കിയിരുന്നു. കീഴ്ക്കോടതിയിലും, ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും എല്ലാം ശോഭ ഗുപ്ത അവള്‍ക്കൊപ്പം നില്‍ക്കുകയും നീതിക്കായി ഏതറ്റം വരെ പോകാന്‍ തയ്യാറാക്കുകയും ചെയ്തു.

’11 കുറ്റവാളികളുടെ സ്ഥലം ജയിലിലാണ്, അവര്‍ക്ക് അവിടെ കിടക്കാന്‍ മാത്രമാണ് അര്‍ഹത. പക്ഷേ ആ നീതിയിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. വിധിക്ക് ശേഷം ബില്‍ക്കിസ് വളരെ സന്തോഷത്തിലാണ്. ഇത് വലിയ വിജയമാണ്. നമുക്കോരോരുത്തര്‍ക്കും വേണ്ടി നീതി നടപ്പിലായി,’ ശോഭ ടി.എന്‍.ഐ.ഇ.യോട് പറഞ്ഞു.

16 വര്‍ഷത്തിലേറെയായി ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലാണ് ശോഭ. അഭിഭാഷകയെന്ന നിലയില്‍ സാമൂഹിക കാര്യങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു. നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രോ ബോണോ നിയമസഹായം നല്‍കുന്നതിനും ശോഭ പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യ നിയമസഹായം നല്‍കിയിരുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷനെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും നിരവധി കേസുകളില്‍ അവര്‍ വാദം നടത്തിയിരുന്നു. ഫീസ് നിശ്ചയിക്കല്‍, ഗ്രാറ്റുവിറ്റി നിയമത്തിലെ ഭേദഗതികള്‍, ഗാംഗുലി കമ്മിറ്റിയുടെ ശുപാര്‍ശകള്‍, വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരായ വെല്ലുവിളികള്‍ എന്നിവ ഉള്‍പ്പെടുന്ന സ്വകാര്യ സ്‌കൂളുകളിലെ വിവിധ നിയമ കേസുകളുമായി പ്രവര്‍ത്തിച്ചിരുന്നു.

സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ദുരിതമനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കുന്നതിനുമായി ഒരു സോഷ്യല്‍ പ്ലാറ്റ്ഫോമായ ദി വിമന്‍ ഓഫ് ഇന്ത്യ ഗുപ്ത ആരംഭിച്ചു. തുടര്‍ന്ന് കോവിഡ്-19 വെല്ലുവിളികള്‍ നേരിട്ട നിരവധി വ്യക്തികള്‍ക്ക് സഹായം നല്‍കി. നിയമത്തിന്റെ ശരിയായ പിന്തുണ ലഭിക്കാത്ത പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്ന ഫാള്‍ക്ക് ഫ്രീ ലീഗല്‍ എയ്ഡ് ഗ്രൂപ്പിന്റെ സ്ഥാപകയുമാണ് ശോഭ.

നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പാനല്‍ അഭിഭാഷകയായിട്ടുണ്ട്.

Content Highlight: Shobha Gupta who supported rape survivor Bilkis Bano