കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ ദിവാസ്വപ്‌നം കാണുകയായിരുന്നോ; മോദി എന്നെ ദേവദാസാക്കി: ശോഭാ ഡേ
D' Election 2019
കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ ദിവാസ്വപ്‌നം കാണുകയായിരുന്നോ; മോദി എന്നെ ദേവദാസാക്കി: ശോഭാ ഡേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 6:04 pm

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഞാന്‍ ദേവദാസ് മോഡിലാണ് എന്ന് എഴുത്തുകാരിയും, രാഷ്ട്രീയ നിരീക്ഷകയുമായ ശോഭ ഡേ. ദി പ്രിന്റില്‍ എഴുതിയ ലേഖനത്തിലാണ് ശോഭ ഡേ തെരഞ്ഞെടുപ്പിനോടുള്ള പ്രതികരണം കുറിച്ചത്.

ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ വായിക്കാം:

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഞാന്‍ ദേവദാസ് മോഡിലാണ്. മാധുരി ദീക്ഷിത് വരും എന്ന പ്രതീക്ഷയില്‍ ഞാന്‍ ‘മാറ് ഡാല’ പാടിക്കൊണ്ടിരിക്കുകയാണ്. ഷാരൂഖ് ഖാനെ പോലെ സങ്കടം മുഴുവന്‍ കുടിച്ച് തീര്‍ക്കുക തന്നെയാണ്. ഞാന്‍ വിഷാദത്തിലേക്ക് പോവുന്നു.പലതും അംഗീകരിക്കാന്‍ കഴിയുന്നില്ല.

നരേന്ദ്ര മോദി ജയിച്ചു. ബി.ജെ.പിയല്ല മോദിയാണ് ജയിച്ചത്. സംസ്ഥാനങ്ങളും അവിടുത്തെ സീറ്റുകളും മറ്റെല്ലാം മറന്നേക്കൂ. അയാള്‍ തിരിച്ചു വന്നിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും അത് അംഗീകരിക്കാന്‍ കഴിയുന്നില്ല

ഇവിടുത്തെ ബിസിനസുകാരെ പോലെ മരിക്കുമ്പോഴും സെന്‍സെക്‌സ് നോക്കിയിരിക്കാന്‍ എനിക്ക് കഴിയില്ല. ഇന്നാട്ടിലെ ബിസിനസ്സുകാര്‍ മുഴുവന്‍ അവര്‍ക്ക് വരാനിരിക്കുന്ന ലാഭം കണക്കുകൂട്ടി നടക്കുമ്പോള്‍ ഞാനിവിടെ ‘ജനഹിതത്തെ’ കുറിച്ച് സംസാരിക്കുന്നു!

ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ മുറിവേറ്റരിക്കുകയാണ്. ഞാനൊരു വിഡ്ഢിയാവുകയായിരുന്നൊ കഴിഞ്ഞ അഞ്ച് വര്‍ഷം.ഇത്ര തെറ്റിദ്ധാരണ ഉണ്ടായതെങ്ങനെയാണ് എന്നോര്‍ത്ത് ഞാന്‍ കുഴയുന്നു.

ഇ.വി.എമ്മിനെ വില്ലനാക്കി കടന്നു കളയാന്‍ ഞാന്‍ തയ്യാറല്ല. മോദി പലതും മനസ്സിലാക്കി. അയാള്‍ക്ക് മര്‍മ്മം അറിയാമായിരുന്നു. മരിക്കും വരെ ഇതിനെ പോസ്റ്റ് മോര്‍ട്ടംചെയ്യാം.

മറന്നു കളയാന്‍ പാടില്ലാത്തത് മോദി ജയിച്ചു എന്ന കാര്യമാണ്. ഇന്ത്യ മാറി ചിന്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരുന്നു. ഞാന്‍ തീര്‍ച്ചയായും മോദി ഇനി വരില്ല എന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് കോണ്‍ഗ്രസ് വരണം എന്നാഗ്രഹം കൊണ്ടല്ല. ഞാന്‍ റോബേര്‍ട്ട് വാദ്രയല്ല. ഒരു ബദല്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. രാജ്യത്തെ വിഭജിക്കുന്നത് കാണുമ്പോള്‍ ഞാന്‍ അസ്വസ്ഥയായിരുന്നു.

നരേന്ദ്ര മോദിയുടെ പൊങ്ങച്ചത്തിലും വേഷം കെട്ടലിലും എനിക്കൊരു അര്‍ത്ഥവും തോന്നിയിരുന്നില്ല. അതിനെ ഒക്കെ പുച്ഛിച്ചു. പക്ഷെ അതിനൊക്കെ പിന്നില്‍ ഒരു അര്‍ത്ഥമുണ്ടായിരുന്നുവെന്നിപ്പോള്‍ ബോധ്യമായി. അത് വെച്ച് ജനങ്ങളെ വലയില്‍ വീഴ്ത്താന്‍ മോദിക്ക് സാധിച്ചു.

എന്നെ പോലുള്ളവര്‍ക്ക് വരും വര്‍ഷങ്ങളില്‍ എന്ത് സംഭവിക്കുമെന്നത് കൗതുകത്തോടെ കാണേണ്ട ഒന്നാണ്. എന്നെ പോലെ ആയിരങ്ങളുണ്ടാകും. മാറി ചിന്തിച്ചതിനും വ്യത്യസ്തമായ നിലപാട് എടുത്തതിനും നമുക്ക് അഭിമാനിക്കന്‍ കഴിയും എന്നുറപ്പാണ്. അത് കൊണ്ട് മാറ്റം ഒന്നും സംഭവിക്കില്ലെങ്കില്‍ പോലും നമുക്ക് പരസ്പരം തലയുയര്‍ത്തി നോക്കാന്‍ സാധിക്കും.

ചുരുങ്ങി കൊണ്ടിരിക്കുന്ന ഒരു ചെറിയ കൂട്ടത്തിന്റെ ഭാഗമാണ് എന്നത് കൊണ്ട് ഞാന്‍ ഈണം മാറ്റി പാടാന്‍ ഒന്നും തയ്യാറല്ല. ഇനിയും മോദിക്ക് നേരെ കൈചൂണ്ടും. എനിക്ക് പറയാനുള്ളതെല്ലാം പറയുക തന്നെ ചെയ്യും.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്തെങ്കിലും തെളിയിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യം മരിച്ചിട്ടില്ല എന്നതാണ്. അത് കൊണ്ട് തന്നെ ഈ നാട്ടില്‍ എന്നെപോലുള്ളവര്‍ക്കും ശബ്ദം ഉണ്ടാവണം. അത്രമാത്രം.

എന്റെ മനസ്സിനെ ശാന്തമാക്കാന്‍ കേദാര്‍നാഥിലെ ‘ധ്യാന ഗുഹ’ യിലേക്ക് പോവണം. എനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം എടുക്കും. ഒരു ചുവന്ന പരവതാനിയും സ്വര്‍ണനിറമുള്ള ട്രെയിനും കരുതും. എപ്പോഴാണ് മാധ്യമങ്ങള്‍ എത്തുക എന്ന് പറയാന്‍ കഴിയില്ലല്ലോ. ഫോട്ടോക്കുള്ള ഒരു അവസരവും കളയാന്‍ കഴിയില്ല. അങ്ങനെയുള്ളവരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നത്. അഞ്ച് വര്‍ഷം പഴക്കമുള്ള എന്റെ ഓള്‍ഡ് മോങ്കിന്റെ ബോട്ടില്‍ എവിടെ. ഇപ്പോഴാണ് എനിക്കത് ഏറ്റവും ആവശ്യം.