| Saturday, 3rd February 2024, 9:18 am

ആ സിനിമക്ക് ശേഷം അച്ഛൻ മമ്മൂക്കയോടൊപ്പമുള്ള രണ്ട് സിനിമകൾ വേണ്ടെന്ന് വെച്ചു: ഷോബി തിലകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു തിലകൻ. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന പല വ്യത്യസ്ത കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് മമ്മൂട്ടിയും തിലകനും.

ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് തിലകന്റെ മകൻ ഷോബി തിലകൻ. തന്റെ മുന്നിൽ വച്ച് ഇരുവരും ഒരുപാട് വട്ടം വഴക്കു കൂടിയിട്ടുണ്ടെന്നും ആ സമയത്ത് താനാരോടൊപ്പവും നിൽക്കാറില്ലെന്നും അത് പെട്ടെന്ന് റെഡിയാവുമെന്ന് തനിക്ക് അറിയാമെന്നും ഷോബി പറയുന്നു.

മമ്മൂട്ടിയോടൊപ്പമുള്ള ചില സിനിമകൾ അഭിനയിക്കുന്നില്ല എന്ന് തിലകൻ നിർമാതാക്കളെ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും മാസ്റ്റർ ബിനിനോട് അദ്ദേഹം പറഞ്ഞു.

‘തച്ചിലേടുത്തു ചുണ്ടൻ എന്ന സിനിമയുടെ ലൊക്കേഷനിൽ മുഴുവൻ ദിവസവും ഞാൻ ഉണ്ടായിരുന്നു. എന്റെ മുന്നിൽ വച്ച് ഒരുപാട് വട്ടം മമ്മൂക്കയും അച്ഛനും തമ്മിൽ ഉടക്കിയിട്ടുണ്ട്. ഞാനതെല്ലാം ഒരു ചിരിയോടെയാണ് കണ്ടിട്ടുള്ളത്. എനിക്കതിൽ ഒരു ടെൻഷനും തോന്നിയിട്ടില്ല. അച്ഛൻ, അയാൾ പറഞ്ഞത് ശരിയാണോ എന്നൊക്കെ ചോദിക്കും. ഞാൻ അച്ഛനെ സപ്പോർട്ട് ചെയ്യാനോ എതിർത്തു പറയാനോ ശ്രമിക്കാറില്ല.

കാരണം എനിക്കറിയാം ഇത് രണ്ടുദിവസം കഴിയുമ്പോഴും റെഡിയാവുമെന്ന്. അതുപോലെതന്നെ മമ്മൂക്കയും അച്ഛനെക്കുറിച്ച് പറയും. ഇതാണ് ഇവർ തമ്മിലുള്ള പ്രശ്നം. ചെറിയ ഒരു ഈഗോ പ്രശ്നമാണ്. ആ സിനിമയ്ക്ക് ശേഷം അച്ഛൻ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ ഇരുന്ന രണ്ടു സിനിമകൾ വേണ്ടെന്ന് വെച്ചു. അച്ഛൻ ആ സിനിമകളുടെ നിർമാതാക്കളെ വിളിച്ചിട്ട് അതിന്റെ അഡ്വാൻസ് തിരിച്ചുനൽകാമെന്ന് പറഞ്ഞു.

എനിക്ക് മമ്മൂട്ടിയും ഒത്തുള്ള കോമ്പിനേഷൻ വേണ്ട എന്നായിരുന്നു അച്ഛൻ അവരോട് പറഞ്ഞത്. ഞാൻ അയാളോടൊപ്പം അഭിനയിക്കുന്നില്ല എന്ന് പറഞ്ഞ് പണം തിരികെ നൽകി.

എന്നാൽ വളരെ പെട്ടെന്ന് തന്നെ മമ്മൂക്ക അച്ഛനെ വിളിച്ച് സംസാരിച്ചു പ്രശ്നം തീർത്തു. അത്രേയുള്ളൂ കാര്യം,’ഷോബി തിലകൻ പറയുന്നു.

Content Highlight: Shobby Thilakan Talk About Thilakan And Mammootty

We use cookies to give you the best possible experience. Learn more