ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ ഹിറ്റ് കോമ്പോയായി മാറിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫ് – മോഹന്‍ലാല്‍. ദൃശ്യം, ദൃശ്യം 2, നേര് തുടങ്ങി ഇരുവരും ഒന്നിച്ച പടങ്ങളെല്ലാം തന്നെ സിനിമാപ്രേമികള്‍ക്ക് ഇടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇരുവരും ഒന്നിച്ച മറ്റൊരു സിനിമയാണ് റാം. രണ്ട് ഭാഗങ്ങളായാണ് ഈ സിനിമ തിയേറ്ററില്‍ എത്തുകയെന്ന് മുമ്പേതന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. തൃഷ, ഇന്ദ്രജിത്ത് തുടങ്ങിയ കാസ്റ്റിങ് മുതൽ മേക്കിങ് വരെയുള്ള ഘടകങ്ങളിലൂടെ പ്രഖ്യാപനം മുതല്‍ക്കേ വലിയ രീതിയില്‍ ഹൈപ്പ് കയറിയ ചിത്രമാണെങ്കിലും റാം ഇതുവരെ ഷൂട്ടിങ് പുര്‍ത്തിയാക്കുകയോ റിലീസിന് എത്തുകയോ ചെയ്തിട്ടില്ല.
ഷൂട്ടിങ് തുടങ്ങിയെങ്കിലും കൊവിഡ് സമയത്ത് നിന്ന് പോവുകയായിരുന്നു. പിന്നീട് പുനരാരംഭിച്ചെങ്കിലും പല പ്രശ്‌നങ്ങള്‍ കാരണം ചിത്രം മുടങ്ങി പോവുകയായിരുന്നു. ഇപ്പോഴും സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് റാമിനെ കാണുന്നത്. ഇതേ കൂട്ടുകെട്ടിൽ തന്നെ ശേഷം ഷൂട്ട് ചെയ്ത ചിത്രങ്ങളായിരുന്നു ദൃശ്യം 2, ട്വൽത്ത് മാൻ, നേര്. ഈ ചിത്രങ്ങളെല്ലാം പുറത്തിറങ്ങി കഴിഞ്ഞു.
റാം സിനിമ തിയേറ്ററിൽ ഇറങ്ങിയാൽ അത് തനിക്ക് ഗുണം ചെയ്യുമെന്നാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ പറയുന്നത്. മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിക്കാനുള്ള ഭാഗ്യം റാമിലാണ് ലഭിച്ചതെന്നും പക്ഷെ ആ ചിത്രം ഇനി ഇറങ്ങുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിൽ മോഹൻലാലിനൊപ്പം നല്ല സീനുകളാണ് തനിക്കുള്ളതെന്നും ഷോബി മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റാം എന്ന സിനിമയിൽ ലാലേട്ടനൊപ്പം ആദ്യമായി അഭിനയിച്ചു. പക്ഷെ ആ സിനിമ ഇനി വരുമോയെന്നറിയില്ല: ഷോബി തിലകൻ
‘ലാലേട്ടന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ഈയിടെയാണ് എനിക്ക് ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത്. പക്ഷെ കൊവിഡ് സമയത്ത് ആ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരുന്നു. അതുകൊണ്ട് ഇനി ആ ചിത്രം ഇറങ്ങുമോ എന്നറിയില്ല. ആ സിനിമയിൽ മൂന്ന് സീൻ മോഹൻലാൽ എന്ന നടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. നല്ല സീനുകളാണത്. പടം ഇറങ്ങിയാൽ ആ സീൻ തീർച്ചയായും എനിക്കൊരു പ്ലസ് പോയിന്റ് ആയിരിക്കും എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്,’ഷോബി തിലകൻ പറയുന്നു.
ഫസ്റ്റ് പാർട്ടിൽ മാത്രം ശ്രദ്ധിച്ചിരുന്നുവെങ്കിൽ റാം ഈ സമയം കൊണ്ട് റിലീസ് ചെയ്യാൻ കഴിയുമായിരുന്നുവെന്ന് സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. യു.കെ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഷൂട്ട് ചെയ്തിട്ടുള്ള സിനിമയാണ് റാം.
Content Highlight: Shobby Thilakan About His Character In Ram Movie And Mohanlal