ഇന്ത്യന്‍ സിനിമയിലെ ആ മഹാനടന്‍ പോലും കാരവന്‍ ഉപയോഗിച്ചില്ല, പ്ലാസ്റ്റിക് കസേരയിലാണ് ഇരുന്നത്: ശോഭന
Entertainment
ഇന്ത്യന്‍ സിനിമയിലെ ആ മഹാനടന്‍ പോലും കാരവന്‍ ഉപയോഗിച്ചില്ല, പ്ലാസ്റ്റിക് കസേരയിലാണ് ഇരുന്നത്: ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th December 2024, 2:24 pm

കല്‍ക്കി 2898 എ.ഡി എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അമിതാഭ് ബച്ചന്‍ കാരവന്‍ അധികം ഉപയോഗിച്ചില്ലെന്നും പ്ലാസ്റ്റിക് കസേരയിലാണ് ഇരുന്നതെന്നും ശോഭന പറയുന്നു. ഓരോ പ്രാവശ്യവും അമിതാഭ് ബച്ചന്‍ കസേരയില്‍ നിന്ന് ഇരുന്ന് എഴുന്നേല്‍ക്കുന്നത് കാണുമ്പോള്‍ പാവം തോന്നുമെന്നും എന്നാല്‍ കാരവന്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന് ഇന്‍ കണ്‍വീനിയന്റ് ആണെന്നും ശോഭന പറഞ്ഞു.

കാരവന്‍ ഒരു റേഞ്ച് ജഡ്ജ് ചെയ്യുന്നതുപോലെയാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശോഭന.

‘കല്‍ക്കി സിനിമയില്‍ അഭിനയിക്കുമ്പോള്‍ അമിതാഭ് ബച്ചന്‍ സാറും അധികം കാരവാന്‍ ഉപയോഗിക്കില്ലായിരുന്നു. അതില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് പ്രോസ്തറ്റിക് മേക്കപ്പും വലിയ താടിയെല്ലാം ഉണ്ടാകും. അതെല്ലാം ഇട്ടിട്ട് ആ വലിയ മനുഷ്യന്‍ ഒരു സാധാരണ പ്ലാസ്റ്റിക് കസേരയില്‍ ഇരിക്കുന്നുണ്ടാകും.

ഓരോ പ്രാവശ്യവും അദ്ദേഹം എഴുന്നേല്‍ക്കുന്നത് കാണുമ്പോള്‍ നമുക്കേ പാവം തോന്നും. എന്നിട്ട് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തിനാ സാര്‍ ഇത്രയും കഷ്ടപ്പെടുന്നത് കാരവാന്‍ ഉപയോഗിച്ചൂടേയെന്ന്. അദ്ദേഹത്തിനാണെങ്കില്‍ ദിവസം അഞ്ച് ലക്ഷം രൂപയോളം വാടകവരുന്ന വലിയ കാരവന്‍ ആയിരുന്നു ബുക്ക് ചെയ്തിരുന്നത്.

എന്നാല്‍ അദ്ദേഹം അത് അധികം ഉപയോഗിക്കാറേയില്ല. കാരണം അദ്ദേഹത്തിന് അത് ഇന്‍ കണ്‍വീനിയന്റ് ആയി തോന്നിയിട്ടുണ്ടാകും. കാരവന്‍ ഒരു റേഞ്ച് ജഡ്ജ് ചെയ്യുന്നതുപോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഞാന്‍ ഇപ്പോള്‍ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്.

അതിനായി ഞാന്‍ പോയപ്പോള്‍ അവിടെയുള്ള പ്രൊഡക്ഷന്‍ ടീം എന്നോട് ചോദിച്ചു എന്റെ കൂടെ എത്രപേരാണ് ഉള്ളതെന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ മാത്രമേ ഉള്ളു, ബാക്കി കാര്യത്തിനെല്ലാം നിങ്ങളുടെ ടീം ഇല്ലേയെന്ന്. അത് കേട്ടപ്പോള്‍ പ്രൊഡക്ഷന്‍ ടീം കുറച്ച് ഹാപ്പി ആയി. എന്നാല്‍ അതേ സമയം തന്നെ അവരെന്നെ ജഡ്ജ് ചെയ്യുകയും ആയിരുന്നു,’ ശോഭന പറയുന്നു.

Content Highlight: Shobana Talks About Amithabh Bachan