| Tuesday, 31st December 2024, 3:45 pm

മണിച്ചിത്രത്താഴിന്റെ ആ ഒരു റീമേക്ക് മാത്രമേ കണ്ടിട്ടുള്ളൂ, മികച്ച രീതിയില്‍ അവര്‍ ചെയ്തിട്ടുണ്ട്: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനികളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ ഹിറ്റായിരുന്നു. കാലങ്ങള്‍ക്കിപ്പുറവും സിനിമാപ്രേമികള്‍ക്കിടയില്‍ മണിച്ചിത്രത്താഴ് ഒരു അത്ഭുതമായി നിലനില്‍ക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെടുകയും വന്‍ വിജയമായി മാറുകയും ചെയ്തു. ജനപ്രിയ ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു.

മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് മാത്രമേ താന്‍ കണ്ടിട്ടുള്ളൂവെന്ന് പറയുകയാണ് ശോഭന. മറ്റ് ഭാഷകളിലെല്ലാം വന്‍ വിജയമായിട്ടുണ്ടെന്ന് അറിയാമെന്നും ഹിന്ദി റീമേക്ക് മാത്രമേ കാണാന്‍ പറ്റിയുള്ളൂവെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ഒറിജിനലിനോട് പരമാവധി നീതി പുലര്‍ത്തിയാണ് ആ സിനിമ ഒരുക്കിയതെന്നും അതിന്റെ പ്രധാന കാരണം പ്രിയദര്‍ശനാണെന്നും ശോഭന പറഞ്ഞു.

മണിച്ചിത്രത്താഴ് പോലെ ക്ലാസിക്കായിട്ടുള്ള ഒരു സിനിമ വെറുതേ റീമേക്ക് ചെയ്യാന്‍ കഴിയില്ലെന്നും അത്രമാത്രം ശ്രമകരമാണ് ആ കാര്യമെന്നും ശോഭന പറഞ്ഞു. അഭിനേതാക്കളുടെ പെര്‍ഫോമന്‍സും തനിക്ക് ഒരുപാട് ഇഷ്ടമായെന്നും നല്ലൊരു ശ്രമമായി ആ സിനിമയെ കാണുന്നുവെന്നും ശോഭന പറഞ്ഞു. എന്നാല്‍ തമിഴ്, തെലുങ്ക് റീമേക്കുകള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ജ്യോതികയുടെയും മറ്റ് നടിമാരുടെയും പെര്‍ഫോമന്‍സ് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിനോട് സംസാരിക്കുകയായിരുന്നു ശോഭന.

‘മണിച്ചിത്രത്താഴ് ഒരു ക്ലാസിക് സിനിമയാണ്. റിലീസ് ചെയ്ത് 30 വര്‍ഷം പിന്നിട്ടിട്ടും അത് ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഈയടുത്ത് ആ സിനിമ റീ റിലീസ് ചെയ്യുകയുണ്ടായി. മാത്രമല്ല, പല ഭാഷകളിലേക്ക് ആ സിനിമ റീമേക്ക് ചെയ്തിട്ടുമുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ആ സിനിമ റീമേക്ക് ചെയ്തു. ഞാന്‍ ഹിന്ദി റീമേക്ക് മാത്രമേ കണ്ടിട്ടുള്ളൂ.

ഒറിജിനലിനോട് പരമാവധി നീതി പുലര്‍ത്തിയ റീമേക്കായിരുന്നു അത്. മണിച്ചിത്രത്താഴ് പോലൊരു സിനിമ മറ്റൊരു ഭാഷയില്‍ ഒരുക്കുക എന്നത് വലിയൊരു ടാസ്‌കാണ്. പ്രിയദര്‍ശനായതുകൊണ്ട് മാത്രമാണ് അത് സാധിച്ചത്. അതിലെ ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും അതിന്റെ മേക്കിങ്ങുമെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷേ, മറ്റ് റീമേക്കുകള്‍ എനിക്ക് ഇതുവരെ കാണാന്‍ സാധിച്ചില്ല. ജ്യോതികയും മറ്റ് നടിമാരും എങ്ങനെ ചെയ്തുവെന്ന് ഞാന്‍ കണ്ടിട്ടില്ല,’ ശോഭന പറഞ്ഞു.

Content Highlight: Shobana says she only watched Hindi remake of Manichithrathazhu

We use cookies to give you the best possible experience. Learn more