ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയിരുന്നു, എന്നാല്‍ ആ സിനിമയുടെ തിരക്കില്‍ ദൃശ്യം ചെയ്യാന്‍ സാധിച്ചില്ല: ശോഭന
Entertainment
ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയിരുന്നു, എന്നാല്‍ ആ സിനിമയുടെ തിരക്കില്‍ ദൃശ്യം ചെയ്യാന്‍ സാധിച്ചില്ല: ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st December 2024, 5:09 pm

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.

കരിയറില്‍ തനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന. ചില സിനിമകള്‍ ഇഷ്ടമാകാതെ ഒഴിവാക്കിയിട്ടുണ്ടെന്നും എന്നാല്‍ ചിലത് മറ്റ് കാരണങ്ങള്‍ കൊണ്ട് ചെയ്യാന്‍ പറ്റിയില്ലെന്നും ശോഭന പറഞ്ഞു. ഗംഗൈ അമരന്‍ സംവിധാനം ചെയ്ത തമിഴിലെ ഹിറ്റുകളിലൊന്നായ കരകാട്ടകാരന്‍ എന്ന സിനിമയില്‍ ആദ്യം തന്നെയായിരുന്നു കാസ്റ്റ് ചെയ്തതെന്ന് ശോഭന പറഞ്ഞു.

എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ലെന്നും അതില്‍ ചെറിയ വിഷമമുണ്ടെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് ആദ്യം തന്റെയടുത്തേക്ക് വന്നിരുന്നെന്നും ആ സബ്ജക്ട് തനിക്ക് ഇഷ്ടമായെന്നും ശോഭന പറഞ്ഞു. എന്നാല്‍ അതേ സമയത്തായിരുന്നു വിനീത് ശ്രീനിവാസന്റെ തിരയുടെ ഷൂട്ടെന്നും രണ്ട് സിനിമയുടെയും ഡേറ്റുകള്‍ ക്ലാഷാകുന്നതുകൊണ്ട് ദൃശ്യം വേണ്ടെന്ന് വെച്ചെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ശോഭന.

‘കരിയറില്‍ ചെയ്യാന്‍ പറ്റാതെപോയ കുറച്ച് സിനിമകളുണ്ട്. ചിലത് ഞാനായിട്ട് വേണ്ടെന്ന് വെച്ചതും മറ്റ് ചില കാരണങ്ങളാല്‍ ചെയ്യാന്‍ പറ്റാതെ പോയ സിനിമകളും അതില്‍ പെടും. അത്തരത്തിലൊരു സിനിമയാണ് കരകാട്ടക്കാരന്‍. അതിലെ നായികയാകേണ്ടിയിരുന്നത് ഞാനായിരുന്നു. പക്ഷേ എന്തോ ചില കാരണങ്ങള്‍ കൊണ്ട് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല.

അതുപോലെ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ ദൃശ്യവും എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമയാണ്. അതിന്റെ സംവിധായകന്‍ എനിക്ക് സ്‌ക്രിപ്‌റ്റൊക്കെ അയച്ചുതന്നിരുന്നു. എനിക്ക് ആ സബ്ജക്ട് ഇഷ്ടമാവുകയും ചെയ്തു. പക്ഷേ, അതേസമയം തന്നെ വിനീത് ശ്രീനിവാസന്റെ തിരയിലും ഞാനുണ്ടായിരുന്നു. രണ്ട് സിനിമയുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് വരുമെന്നുള്ളതുകൊണ്ട് ദൃശ്യം വേണ്ടെന്നു വെക്കുകയായിരുന്നു,’ ശോഭന പറഞ്ഞു.

Content Highlight: Shobana says she couldn’t do Drishyam movie because of Thira