ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.
പതിനാലാം വയസില്‍ നായികയായി അരങ്ങേറിയ ശോഭന ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തിരക്കേറിയ അഭിനേത്രിയായി മാറിയുന്നു. ചെറു പ്രായത്തില്‍ തന്നെ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായി മാറിയപ്പോള്‍ പ്രായത്തിന്റേതായ സന്തോഷങ്ങള്‍ നഷ്ടപ്പെട്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ശോഭന.
തനിക്ക് വേണ്ടതെല്ലാം സിനിമ അപ്പോള്‍ തന്നിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് സിനിമ ഒരു നിധിയായിരുന്നെന്നും ശോഭന പറഞ്ഞു. എന്നാല്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ രാവിലെ നാല് മണിക്ക് എഴുന്നേല്‍പ്പിക്കുമെന്നും അത് മാത്രമാണ് ഒരു പ്രശ്‌നമായി തോന്നിയിട്ടുള്ളതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശോഭന.
‘പതിനഞ്ചാം വയസില്‍ എന്റെ പ്രായത്തിനെ കുറിച്ച് സിനിമാ മേഖലയിലുള്ള ഒരാളും ആലോചിച്ചിട്ടേയില്ല. അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ കൊമേഴ്ഷ്യലി വിജയിച്ചിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റ് ആണ്. അല്ലാതെ എന്നെ ഒരു സിനിമക്ക് വേണ്ടി ബുക്ക് ചെയ്യുന്ന ആള്‍ക്ക് അയ്യോ ആ കുട്ടിക്ക് പതിനഞ്ച് വയസേ ഉള്ളു എന്ന ചിന്ത വരില്ലല്ലോ.
അതുകൊണ്ടുതന്നെ എനിക്ക് അയ്യോ കോളേജില്‍ പോണം, പാര്‍ട്ടിക്ക് പോകണം, അങ്ങനെയുള്ള ചിന്തയെല്ലാം വന്നിട്ടേയില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതുണ്ട്. ഞങ്ങളുടെ ജനറേഷനില്‍ അത്തരത്തിലുള്ള ചിന്തയൊന്നും ഇല്ലായിരുന്നു. എന്നെ സംബന്ധിച്ച് പുറത്തുപോകുന്നതെല്ലാം സിനിമക്ക് വേണ്ടിയാണ്.
എന്റെ പാര്‍ട്ടിയെല്ലാം സെറ്റിലുള്ള എന്റെ സുഹൃത്തുക്കളാണ്. എന്റെ ഭക്ഷണമെല്ലാം സെറ്റിലുള്ള ഭക്ഷണമാണ്. ഹോളിഡേയ്ക്ക് പോകണമെങ്കില്‍ കൂട്ടിയിട്ട് കൊണ്ടുപോകും. അതില്‍ കൂടുതല്‍ ഒരു പതിനഞ്ച് വയസുള്ള പെണ്‍കുട്ടിക്ക് എന്താണ് വേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നിധിപോലെ ആയിരുന്നു. അങ്ങനെ നമ്മള്‍ അതിനെ കാണണം.
എന്നാല്‍ മലയാള സിനിമയിലെ ഒരേ ഒരു പ്രശ്‌നം എന്ന് പറയുന്നത് രാവിലെ നാല് മണിക്ക് തന്നെ ചായ തന്ന് എഴുന്നേല്‍പ്പിച്ച് വിടും എന്നതാണ്. അന്നും അങ്ങനെയാണ് ഇപ്പോഴും അങ്ങനെത്തന്നെയാണ്. അഞ്ച് മണിക്ക് നമ്മള്‍ എഴുന്നേറ്റാല്‍ ഏഴ് മണി ആകുമ്പോഴേക്കും സെറ്റില്‍ എത്തും. പിന്നെ ആ കാലത്തൊന്നും ആരും സിറ്റിയില്‍ ഷൂട്ട് വെക്കില്ല. അങ്ങനെ ഷൂട്ടെല്ലാം കഴിഞ്ഞ് തിരിച്ചുവന്ന് കിടക്കുമ്പോള്‍ പന്ത്രണ്ട് മണിയെല്ലാം ആകും. അത് മാത്രമേ എനിക്കൊരു പ്രശ്‌നമായി തോന്നിയിട്ടുള്ളൂ. പക്ഷെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും,’ ശോഭന പറയുന്നു.
Content Highlight: Shobana Says Film Gave Her Everything She Needed At The Age Of 15