ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.
വിവിധ ഭാഷകളിലായി മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ ശോഭനയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലൂടെയാണ് തന്റെ വ്യക്തിത്വം രൂപപെട്ടതെന്നും എല്ലാവരും സ്കൂളിൽ പോകുമ്പോൾ താൻ സിനിമയിലേക്ക് വന്നെന്നും ശോഭന പറയുന്നു.
മികച്ച സംവിധായകരോടൊപ്പവും കലാകാരന്മാരോടൊപ്പവുമുള്ള അനുഭവമാണ് തനിക്ക് ഒരുപാട് പാഠങ്ങൾ സമ്മാനിച്ചതെന്നും അന്നത്തെ നായികമാർ തമ്മിൽ നല്ല മത്സരമൊക്കെയുണ്ടായിരുന്നുവെന്നും ശോഭന പറഞ്ഞു. നടി സുഹാസിനിയുടെ നേതൃത്വത്തിൽ ഇടയ്ക്ക് ഒത്തുകൂടാറുണ്ടെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് രേവതിയാണെന്നും ശോഭന കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിലൂടെയാണ് എൻ്റെ വ്യക്തിത്വം രൂപം കൊണ്ടത്
– ശോഭന
‘പതിനാല് വയസ്സ് എന്നത് തീരെ ചെറിയ പ്രായമല്ലേ. സിനിമാ മേഖലയിലൂടെയാണ് എൻ്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികൾ സ്കൂളിലും കോളേജിലും പോകുമ്പോൾ, ഞാൻ സിനിമയിലേക്ക് പോയി. എൻ്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകൾക്കൊപ്പം. കഴിവുള്ള സംവിധായകർ, താരങ്ങൾ.
അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയിൽ കൂടുതൽ അറിവുകൾ പകർന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാൻ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മൾ കുറേ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു.
അന്നെല്ലാവരും തമ്മിൽ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയിൽനിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മിൽ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗദറുണ്ടാവും. സുഹാസിനിയാണ് മുൻകൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കുട്ടുകാർക്കറിയാം.
തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്. എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവർ എന്ന് പറയുന്നത് രേവതിയാണ്. ഒരുപാട് വർഷങ്ങളായുള്ള സൗഹൃദം. ഞങ്ങൾ തമ്മിൽ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവർക്കും ഒരുപാട് ജോലിയുണ്ട്,’ശോഭന പറയുന്നു.
മലയാളത്തിന്റെ ജനപ്രിയ താരജോഡിയായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിച്ച തുടരും എന്ന സിനിമയാണ് ഉടനെ റിലീസാവാനുള്ള ശോഭനയുടെ സിനിമ. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ മാസം അവസാനം റിലീസ് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
Content Highlight: Shobana About Her Film Career And Revathi