| Sunday, 1st July 2018, 5:15 pm

'പേര് ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്'; ഓണ്‍ലൈന്‍ മാധ്യമങ്ങളെ പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്: മാധ്യമപ്രവര്‍ത്തകന് ശോഭ സുരേന്ദ്രന്റെ ഭീഷണിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് വാര്‍ത്ത ചെയ്യാന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകന് ശോഭ സുരേന്ദ്രന്റെ ഭീഷണിയെന്ന് ആരോപണം.

അഴിമുഖം സബ് എഡിറ്റര്‍ അരുണ്‍.ടി.വിജയനെയാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ലേഖകന്‍ വാര്‍ത്ത ചെയ്യാന്‍ ശോഭാ സുരേന്ദ്രനെ വിളിച്ചത്.

ബി.ജെ.പി അധ്യക്ഷന്റെ കസേര ഒരുമാസത്തോളമായി ഒഴിഞ്ഞു കിടക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത സംഭവ വികാസമാണല്ലോയെന്നും ഇത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലേയെന്നുമായിരുന്നു ശോഭാ സുരേന്ദ്രനോടുള്ള ലേഖകന്റെ ആദ്യ ചോദ്യം.

ഇതിന് മറുപടി നല്‍കിയത് കുമ്മനത്തെ ഗവര്‍ണറായി ആദരിച്ചത് കേരളത്തിലെ ബി.ജെ.പിയെ സംബന്ധിച്ച് ഒരു ചരിത്ര സംഭവമാണെന്നാണ്. പക്ഷെ അത് അടിയന്തരമായി മാറ്റിയതല്ലേ എന്ന് ചോദിച്ചപ്പോള്‍, ചോദ്യം തെറ്റാണെന്നും അദ്ദേഹത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആദരിക്കുകയാണ് ചെയ്തതെന്നും മറുപടി നല്‍കി.

പകരക്കാരനെ കണ്ടെത്താതെ ഇത്തരമൊരു നീക്കം നടത്തിയതല്ലേ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നായിരുന്നു ലേഖകന്റെ അടുത്ത ചോദ്യം. എന്നാല്‍ അടുത്ത നടപടിക്രമങ്ങളെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടെന്നും അത് തീരുമാനിക്കാന്‍ പാര്‍ട്ടി നേതൃത്വമുണ്ടെന്നും അതിനായി അമിത് ഷാ ഉടന്‍ കേരളത്തിലെത്തുമെന്നുമാണ് ശോഭ സുരേന്ദ്രന്‍ മറുപടി കൊടുത്തത്.


Also Read:  കണ്ണൂരില്‍ നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം


മറ്റൊരു ചോദ്യം കൂടി ചോദിക്കാന്‍ ശോഭ സുരേന്ദ്രന്‍ അനുവദിച്ചില്ല. ഇതോടെ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് അഞ്ചു മിനിട്ടിനു ശേഷം ശോഭ സുരേന്ദ്രന്‍ ലേഖകനെ തിരിച്ചു വിളിച്ചു.

“അതേ ഞാന്‍ പേര് നോട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഓണ്‍ലൈനില്‍ അടിച്ചു വന്നാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. പത്രമെന്ന രീതിയില്‍ പ്രത്യേകിച്ചും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പല കാര്യങ്ങളും അനധികൃതമായി എഴുതുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ നിരീക്ഷണം പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പറും പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. രണ്ട് ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു. ആ രണ്ട് ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം പറഞ്ഞു. കൃത്യമായി അതുമാത്രമായിരിക്കണം പ്രസിദ്ധീകരിച്ച് വരുന്നത്”. എന്നായിരുന്നു ഭീഷണിയുടെ സ്വരത്തില്‍ ശോഭ സുരേന്ദ്രന്‍ ലേഖകനോട് പറഞ്ഞത്.

ഫോണില്‍ സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അതിലുള്ളത് മാത്രമേ എനിക്ക് എഴുതാന്‍ സാധിക്കുകയുള്ളൂവെന്നും ലേഖകന്‍ മറുപടി നല്‍കിതോടെ അവര്‍ ഫോണ്‍ കട്ട് ചെയ്തു.


Also Read:  ടി.പി കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി


ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനെ  ശോഭ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.  പ്രധാനമന്ത്രിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെയാണ് ഷാനി പ്രഭാകരനെ ശോഭ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്.

ഭഗത് സിംഗ് ജയിലില്‍ കഴിയവേ കോണ്‍ഗ്രസിന്റെ ഒരു നേതാക്കളും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഭഗത് സിംഗിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച കാര്യം അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം.

നെഹ്റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ കുറിച്ച് ആരാഞ്ഞ അവതാരകയോട് ഷാനി പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ തയ്യാറാല്ലെന്നും ഷാനിയുടെ ചര്‍ച്ചകള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

താന്‍ ഈ ചോദ്യത്തിന് മുകളില്‍ ഉള്ള ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണെന്നും ദയവായി ശോഭാ സുരേന്ദ്രന്റെ ശ്രദ്ധയില്‍ പ്രസംഗംപ്പെട്ടിട്ടില്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവനായി ചര്‍ച്ചയില്‍ കാണിക്കാന്‍ കഴിയില്ലെന്നും അവതാരക പറഞ്ഞെങ്കിലും ശോഭാ സുരേന്ദ്രന്‍ തന്റെ വാദം തുടരുകയായിരുന്നു.


Also Read:  ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, അതു കേട്ടു പേടിക്കാന്‍ വേറെ ആളെ നോക്കണം; ശോഭാ സുരേന്ദ്രന് പറയാതെ വയ്യയിലൂടെ മറുപടിയുമായി ഷാനി പ്രഭാകരന്‍


ഇതിനിടെ ഇത് ചെറിയ കളിയല്ല ഷാനി. ഇതിന് ഷാനി മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് അവതാരകയോട് ഹിന്ദി പഠിക്കാനും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു.

നേരത്തെ, റിപ്പോട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ബി.ജെപി നേതാവ് ഗോപാലകൃഷ്ണന്‍ അവതാരകന്‍ അഭിലാഷ് മോഹനനെ ചര്‍ച്ചക്കിടെ താക്കീത് ചെയ്തിരുന്നു. “ഭീഷണി വേണ്ടെന്നും അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ ആലില പോലെ വിറച്ചു പോകുന്നവരല്ല ഇവിടെ ഉള്ളതെന്നുമാണ്” അഭിലാഷ് ഗോപാലകൃഷ്ണന്റെ താക്കീതിന് മറുപടി ആയി നല്‍കിയത്.

We use cookies to give you the best possible experience. Learn more