പരാതി പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കണം; കടുത്ത നിലപാടുമായി ശോഭ സുരേന്ദ്രന്‍
Kerala News
പരാതി പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കണം; കടുത്ത നിലപാടുമായി ശോഭ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th January 2021, 9:34 am

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ ശേഷം തന്നെ അവഗണിച്ചെന്ന പരാതി പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍. കേന്ദ്രനേതൃത്വം ഇടപെട്ട് എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഇതിനിടയില്‍ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം അനുനയശ്രമം നടത്താന്‍ ഒരുങ്ങിയത്.

ശോഭാ സുരേന്ദ്രന്‍ അടുത്തയാഴ്ച കേന്ദ്രനേതാക്കളെ കാണാന്‍ ഒരുങ്ങുകയാണ്.

ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും പങ്കെടുക്കാത്തതിന് കാരണമില്ലെന്നും നേരത്തേ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

50 ശതമാനം സ്ത്രീകള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പ്രമുഖ വനിതാ നേതാക്കളിലൊരാളായ ശോഭാ സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആര്‍.എസ്.എസും ആവശ്യപ്പെട്ടിരുന്നു.

മുതിര്‍ന്ന നേതാക്കളെ അവഗണിച്ചത് താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നും ഇത് പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും നേതൃത്വം വിലയിരുത്തിയിരുന്നു.

അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ബി.ജെ.പിക്ക് ഒരു മെമ്പര്‍ പോലും ഇല്ലാതിരുന്ന സമയത്താണ് പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു.

വിഷയത്തില്‍ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ദല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സാധ്യതാപട്ടികയില്‍ പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായിരുന്നു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, സി.കൃഷ്ണകുമാര്‍, സന്ദീപ് വാരിയര്‍ എന്നിവരെക്കൂടാതെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവരും പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

ബി.ജെ.പി പക്ഷത്തുള്ള മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായിരുന്ന ജേക്കബ് തോമസ്, ടി.പി.സെന്‍കുമാര്‍, സി.വി.ആനന്ദബോസ് എന്നിവരും പട്ടികയിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shoba Surendran takes strong stand against state leadership