| Sunday, 18th November 2018, 3:23 pm

പിണറായി എന്ന മേലാളന്റെ കയ്യിലെ ചട്ടുകമല്ല ബെഹ്‌റ, സംയമനം പാലിക്കുമെന്ന് കരുതേണ്ട: സര്‍ക്കാരിനെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശശികല ടീച്ചറേയും കെ. സുരേന്ദ്രനേയും പോലുള്ള അയ്യപ്പഭക്തരെ മനപൂര്‍വം അറസ്റ്റ് ചെയ്യുന്നതിലൂടെ യുദ്ധ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ബെഹ്‌റയുടെ പൊലീസ്‌രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളമെന്നും പിണറായി എന്ന മേലാളന്റെ കൈയ്യിലെ ചട്ടുകമായി മാറാനല്ല ബെഹ്‌റക്ക് ഐ.പി.എസ് പദവി നല്‍കിയതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഭക്തര്‍ക്കെതിരെയുള്ള നടപടികളില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബി.ജെ.പി സംയമനം പാലിച്ചു കൊള്ളും എന്നുള്ള ധാരണ വേണ്ടെന്ന മുന്നറിയിപ്പും ശോഭാ സുരേന്ദ്രന്‍ നല്‍കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശശികല ടീച്ചറേയും കെ.സുരേന്ദ്രനേയും പോലുള്ള അയ്യപ്പഭക്തരെ മനപൂര്‍വം അറസ്റ്റ് ചെയ്യുന്നതിലൂടെ അയ്യപ്പഭക്തരോട് ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലെന്നും യുദ്ധം ആണ് ആഗ്രഹിക്കുന്നതെന്നും പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇരുമുടികെട്ടുമായി ശബരിമലയ്ക്ക് പോയ ഭക്തരെ ആണ് ക്രൂരമായി പിടിച്ചു വലിച്ചു പോലീസ് കൊണ്ടു പോയത്.

ബെഹ്‌റയുടെ പൊലീസ് രാജ് നടത്തേണ്ട വെള്ളരിക്കാപട്ടണം അല്ല ഈ കേരളം. പിണറായി എന്ന മേലാളന്റെ കൈയ്യിലെ ചട്ടുകം ആയി മാറാന്‍ അല്ല നിങ്ങളുടെ ഐ.പി.എസ് പദവി എന്നു നിങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ ആണ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത് എന്നത് ഇവിടെയുള്ള ജനങ്ങള്‍ എല്ലാം കണ്ടതാണ്.

ഇപ്പോള്‍ ഇതാ കെ.സുരേന്ദ്രനെ പൊലീസിന്റെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് റിമാന്‍ഡും ചെയ്തിരിക്കുന്നു. ഭക്തരെ അടിച്ചമര്‍ത്തി കൊണ്ട് ആചാര ലംഘനം നടത്താം എന്നാണ് മുഖ്യമന്ത്രിയുടെ ധാരണ എങ്കില്‍ തെറ്റി പോയി എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ സര്‍വ്വ സീമകളും മറികടന്നു കൊണ്ടുള്ള ഈ പൊലീസ് നായാട്ടിനു സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരുള്ളൂ.


ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനകള്‍ തന്നെ ഉണ്ടെന്നു തീര്‍ച്ചയാണ്. മനപൂര്‍വം ജനങ്ങളെ പ്രകോപിപ്പിച്ചു നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇപ്പോഴും വിജയിക്കാത്തത് അയ്യപ്പ ഭക്തരുടെ സഹിഷ്ണുത കൊണ്ട് മാത്രം ആണ്. ഇത്തരം കാടന്‍ നടപടികളില്‍ നിന്നും പിന്മാറാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നമ്മള്‍ എന്നും സംയമനം പാലിച്ചു കൊള്ളും എന്നുള്ള ധാരണയും വേണ്ട.

Latest Stories

We use cookies to give you the best possible experience. Learn more