ഓസീസിനെതിരായ മത്സരത്തില്‍ ഷദാബ് ടീമില്‍ വേണ്ട; പാകിസ്ഥാനോട് മുന്‍ നായകന്‍
ഇന്ത്യക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ താരങ്ങളും ടീം മാനേജ്മെന്റും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ലോകകപ്പില്‍ ഇതുവരെ രണ്ട് ജയവും ഒരു തോല്‍വിയുമാണ് പാകിസ്ഥാന്റെ പക്കലുള്ളത്.
പാക് താരങ്ങളുടെ ഫിറ്റ്നെസിലെ അപാകതയും പരിശീലകരുമായുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങളും മുന്‍ പാക് താരങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നാലാം മത്സരത്തില്‍ പാകിസ്ഥാന്‍ നേരിടേണ്ടത് മുന്‍ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ആണ്. ഒക്ടോബര്‍ 20ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
എന്നാല്‍ പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഷദാബ് ഖാനെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷോയിബ് മാലിക്ക്.
‘ഷദാബ് മികച്ച ബൗളറാണ്, പക്ഷെ അവന്‍ ബുദ്ധിമുട്ടുകയാണ്. മറ്റു ടീമുകളിലും ബുദ്ധിമുട്ടുന്ന ബൗളര്‍മാരുണ്ട്, എന്നാല്‍ അവര്‍ വിക്കറ്റ് നേടുന്നുമുണ്ട്.
പക്ഷെ ഷദാബിന്റെ കാര്യം അങ്ങനെയല്ല. ടീം അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് 10 ഓവറുകളാണ് അല്ലാതെ ബൗണ്ടറികളും സിക്സറുകളുമല്ല. അതുകൊണ്ടാണ് ഓസ്ട്രേലിയയുമായുള്ള മത്സരത്തില്‍ അവനെ ഒഴിവാക്കണമെന്നാണ് എനിക്ക് തോന്നുന്നത്.’ മാലിക്ക് എ സ്പോട്സിനോട് പറഞ്ഞു.
കളിച്ച മൂന്ന് കളികളില്‍ നിന്നും 131 റണ്‍സ് വഴങ്ങി വെറും രണ്ട് വിക്കറ്റുകളാണ് ഷദാബ് നേടിയത്. ഏഷ്യ കപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഷദാബിനെ ഒഴിവാക്കുന്നത് സെലക്ടര്‍മാര്‍ ആലോചിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
ലോകകപ്പില്‍ മുന്‍ ചാമ്പ്യരായ കങ്കാരുപ്പട നേടിയത് മൂന്ന് കളികളില്‍ ഒരു ജയം മാത്രമാണ് നേടിയത്. ശ്രീലങ്കയോടാണ് ഓസീസ് ലോകകപ്പില്‍ ഇതുവരെ ജയിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 209 റണ്‍സ് 35.2 ഓവറിലാണ് ഓസീസ് മറികടന്നത്. എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ആദം സാംപയാണ് ശ്രീലങ്കയെ തകര്‍ത്തുവിട്ടത്. സാംപ തന്നെയായിരുന്നു കളിയിലെ താരവും.
Content highlight: Shoaib Malik says Pakistan should drop Shadab Khan against Australia