എനിക്ക് ഇനി പാകിസ്ഥാന് വേണ്ടി കളിക്കാന്‍ താത്പര്യമില്ല; തുറന്നുപറഞ്ഞ് സൂപ്പര്‍ താരം
Sports News
എനിക്ക് ഇനി പാകിസ്ഥാന് വേണ്ടി കളിക്കാന്‍ താത്പര്യമില്ല; തുറന്നുപറഞ്ഞ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 7:33 pm

പാകിസ്ഥാന്‍ ദേശീയ ടീമിന് വേണ്ടി ഇനിയും കളത്തിലിറങ്ങാന്‍ തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി മുന്‍ പാക് നായകന്‍ ഷോയ്ബ് മാലിക്. പാകിസ്ഥാനെ പ്രതിനിധീകരിച്ച ഓരോ നിമിഷവും താന്‍ ഒരുപാട് ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടി-20 ഫോര്‍മാറ്റില്‍ നിന്നും ഇനിയും വിരമിക്കല്‍ പ്രഖ്യാപിക്കാത്ത മാലിക്, ഭാവിയില്‍ ടീമിന്റെ ഭാഗമായിരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി.

2024 ടി-20 ലോകകപ്പില്‍ ഷോയ്ബ് മാലിക് ടീമിന്റെ ഭാഗമായിരുന്നില്ല. ലോകകപ്പില്‍ ഇന്ത്യയോടും യു.എസ്.എയോടും പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്തായിരുന്നു.

‘ഒരുപാട് വര്‍ഷക്കാലം പാകിസ്ഥാനെ പ്രതിനിധീകരിച്ചതില്‍ എനിക്കേറെ സന്തോഷവും സംതൃപ്തിയുമുണ്ട്. ഇനി പാകിസ്ഥാനെ പ്രതിനിധീകരിച്ചുകൊണ്ട് കളത്തിലിറങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഞാന്‍ ഇതിനോടകം തന്നെ രണ്ട് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്, ഇനി ഒരു ഫോര്‍മാറ്റ് മാത്രമാണ് ശേഷിക്കുന്നത്. എനിക്ക് അവസരം ലഭിക്കുന്ന എല്ലാ ലീഗുകളിലും കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു,’ മാലിക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പറഞ്ഞതായി സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു.

2006ലാണ് താരം ടി-20 ഫോര്‍മാറ്റില്‍ പാകിസ്ഥാനായി അരങ്ങേറ്റം കുറിച്ചത്. 2021 നവംബര്‍ 20ന് ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിക്കുന്നത് വരെ 124 മത്സരത്തിലാണ് താരം പാകിസ്ഥാനെ കുട്ടി ക്രിക്കറ്റില്‍ പ്രതിനിധീകരിച്ചിരുന്നത്.

ബാറ്റ് ചെയ്ത 111 ഇന്നിങ്‌സില്‍ നിന്നും ഒമ്പത് അര്‍ധ സെഞ്ച്വറിയടക്കം 2,435 റണ്‍സാണ് മാലിക് നേടിയത്. 31.21 എന്ന ശരാശരിയിലും 125.64 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

ടി-20യില്‍ പാകിസ്ഥാനായി 28 വിക്കറ്റും താരം നേടിയിട്ടുണ്ട്. 24.10 ശരാശരിയും 20.3 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരത്തിന്റെ എക്കണമി 7.10 ആണ്.

ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും മാലിക് നേരത്തെ വിരമിച്ചിരുന്നു. 2015 നവംബര്‍ 1ന് ഇംഗ്ലണ്ടിനെതിരെയാണ് താരം അവസാന ടെസ്റ്റ് കളിച്ചത്. 38 (91), 0 (1) എന്നിങ്ങനെയാണ് അവസാന ടെസ്റ്റില്‍ മാലിക്കിന്റെ പ്രകടനം.

2013 ഏകദിന ലോകകപ്പില്‍ ഇന്ത്യക്കൈതിരെയാണ് വണ്‍ ഡേ ഫോര്‍മാറ്റില്‍ മാലിക് അവസാനമായി പാകിസ്ഥാന്റെ പച്ച ജേഴ്‌സിയണിഞ്ഞത്. മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായിട്ടായിരുന്നു താരത്തിന്റെ മടക്കം.

 

 

Content Highlight: Shoaib Malik says he is not interested in representing Pakistan anymore