| Thursday, 16th March 2023, 8:02 pm

ലോകത്തെ മുഴുവന്‍ കുടുകുടാ ചിരിപ്പിച്ച ആ ക്യാച്ച് ഡ്രോപ്പില്‍ സംഭവിച്ചതെന്ത്? തുറന്ന് പറച്ചിലുമായി ക്യാച്ച് വിട്ടയാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ താരങ്ങളുടെ ഫീല്‍ഡിങ് എന്നും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ചിരിക്കാനുള്ള വകയൊരുക്കാറുണ്ട്. എളുപ്പം കയ്യിലൊതുക്കാവുന്ന ക്യാച്ചുകള്‍ നിലത്തിട്ടും ക്യാച്ചെടുക്കാനോടി പരസ്പരം കൂട്ടിയിടിച്ച് വീണുമെല്ലാം പാക് താരങ്ങള്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ചിരിയിലാഴ്ത്തിയിട്ടുണ്ട്.

ഇക്കൂട്ടത്തില്‍ ആരാധകരെ ഏറ്റവുമധികം ചിരിപ്പിച്ചത് പാക് സൂപ്പര്‍ താരം സഈദ് അജ്മലിന്റെയും ഷോയ്ബ് മാലിക്കിന്റെയും ക്യാച്ച് ഡ്രോപ്പായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു ഈ സംഭവം നടന്നത്.

ക്യാച്ചെടുക്കാന്‍ ഓടിയെത്തിയ അജ്മലും ഷോയ്ബ് മാലിക്കും തമ്മിലുള്ള കമ്മ്യൂണിക്കേഷന്‍ പിഴച്ചപ്പോള്‍ ക്രിക്കറ്റിലെ ഏറ്റവും രസകരമായ മൊമെന്റുകളിലൊന്നായി അത് മാറി.

ആ സംഭവം ഓര്‍ത്തെടുക്കുകയാണ് ഷോയ്ബ് മാലിക്. എ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കഹാനി എന്ന പരിപാടിയിലായിരുന്നു മാലിക് ഇക്കാര്യം പറഞ്ഞത്.

‘എത്ര സംസാരിച്ചാലും ഓരോ തവണ പറയുമ്പോഴും നമുക്ക് തന്നെ ചിരി വരുന്ന ചില കാര്യങ്ങളില്ലേ, അത്തരത്തില്‍ ഒന്നാണ് ഇത്. ആ ക്യാച്ചെടുക്കാന്‍ ഞാന്‍ ഓടിച്ചെന്നു. നിലത്തിരുന്ന് കൈകള്‍ പൂ പോലെ വെച്ച് സഈദ് അജ്മലും ആ ക്യാച്ചിന് വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ അവന്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പന്ത് അവന്റെ കയ്യുടെ തൊട്ടടുത്തായിരുന്നു ചെന്നുവീണത്.

അവിടെ ഞാന്‍ ചെയ്ത തെറ്റെന്താണെന്നാല്‍ ആ ക്യാച്ചെടുക്കാന്‍ ഞാന്‍ യെസ് പറഞ്ഞിരുന്നില്ല എന്നതാണ്. എന്നാല്‍ അവന്‍ കൈകള്‍ പൂ പോലെ വെച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ അവന്‍ എളുപ്പത്തില്‍ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കുമെന്ന് ഞാന്‍ കരുതി. അത് വളരെ എളുപ്പമായിരുന്നു.

എന്നാല്‍ അവന്‍ ആ ക്യാച്ച് കൈവിട്ടുകളഞ്ഞപ്പോള്‍ എന്തേ നീ ആ ക്യാച്ചെടുത്തില്ല എന്ന് ഞാന്‍ അവനോട് ചോദിച്ചു. അഥവാ ഏതെങ്കിലും കാരണവശാല്‍ ഞാന്‍ ആ ക്യാച്ച് ഡ്രോപ് ചെയ്യുകയാണെങ്കില്‍ പിടിക്കാമെന്ന് കരുതിയാണ് അങ്ങനെ കൈവെച്ച് ഇരുന്നതെന്നാണ് അവന്‍ പറഞ്ഞത്. എന്നാല്‍ ഞാനാകട്ടെ ആ ക്യാച്ച് വിടുകയും ചെയ്തു, എന്നിട്ടവന്‍ പിടിച്ചതുമില്ല,’ മാലിക് പറഞ്ഞു.

Content Highlight: Shoaib Malik recalls the funny catch drop incident

We use cookies to give you the best possible experience. Learn more