സാനിയയും ഷുഹൈബ് മാലിക്കും പാക് താരങ്ങളും ആഹാരം കഴിക്കുന്ന ദൃശ്യമുയര്‍ത്തി ആക്രമിച്ച് ആരാധകര്‍: മറുപടിയുമായി സാനിയാ മിര്‍സ
Cricket
സാനിയയും ഷുഹൈബ് മാലിക്കും പാക് താരങ്ങളും ആഹാരം കഴിക്കുന്ന ദൃശ്യമുയര്‍ത്തി ആക്രമിച്ച് ആരാധകര്‍: മറുപടിയുമായി സാനിയാ മിര്‍സ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2019, 12:14 pm

 

മാഞ്ചസ്റ്റര്‍: ഇന്ത്യ-പാക് മത്സരത്തിന് തലേദിവസം രാത്രി പാക് താരങ്ങള്‍ മാഞ്ചസ്റ്ററിലെ ഷിഷ കഫേയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ച് താരങ്ങള്‍ക്കെതിരെ ആക്രമണവുമായി പാക്കിസ്ഥാനി ആരാധകര്‍. പാക് ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക്, ഭാര്യയും ടെന്നിസ് താരവുമായ സാനിയ മിര്‍സ, പാക് ക്രിക്കറ്റ് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉല്‍ ഹഖ് തുടങ്ങിയവര്‍ സിനിഷയില്‍ ഒരുമിച്ചുകൂടിയതിന്റെ വീഡിയോ ഉയര്‍ത്തിക്കാട്ടിയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് മാഞ്ചസ്റ്ററിലെ ഷിഷ കഫേയില്‍ രാത്രി രണ്ടു മണിക്ക് ഷൊയ്ബ് മാലിക് പുകവലിക്കുകയാണ്. മറ്റുള്ളവര്‍ ബര്‍ഗറും പിസയുമടക്കമുള്ള ജങ്ക് ഫുഡ് കഴിക്കുകയാണെന്നും പറഞ്ഞാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

രാത്രി പുറത്തിറങ്ങുന്നത് കുറ്റമൊന്നുമല്ല. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ താരങ്ങള്‍ ഇത് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

നേരിട്ട ആദ്യ ബോളില്‍ തന്നെ ഔട്ടായ ഷൊയ്ബ് മാലിക്കിനെയാണ് ആരാധകര്‍ കൂടുതലായി ലക്ഷ്യമിടുന്നത്. ഷൊയ്ബിന്റെ മോശം പ്രകടനത്തിന് സാനിയയേയും ആരാധകര്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിന് മറുപടിയുമായി സാനിയ രംഗത്തുവന്നിട്ടുണ്ട്.

‘ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ, ഒരു കുട്ടി ഞങ്ങള്‍ക്കൊപ്പമുണ്ടെന്നത് പോലും കണക്കാക്കാതെ അനുവാദം ചോദിക്കാതെ നിങ്ങള്‍ എടുത്ത വീഡിയോയാണത്. നിങ്ങളുടെ അറിവിലേക്കായി, ആ ഔട്ടിങ് ഡിന്നര്‍ കഴിക്കാന്‍ വേണ്ടിയുള്ളതാണ്. കളി തോറ്റാലും ആളുകള്‍ക്ക് ആഹാരം കഴിക്കാന്‍ അനുവാദമുണ്ട്. വിഡ്ഢിക്കൂട്ടങ്ങള്‍. പോയി വേറെന്തെങ്കിലുമുണ്ടോയെന്ന് നോക്കൂ’ എന്നാണ് സാനിയയുടെ പ്രതികരണം.

ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴാം തവണയാണ് പാകിസ്താന്‍ ഇന്ത്യയോട് പരാജയപ്പെടുന്നത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.