സ്വപ്‌നത്തില്‍ പോലും ആഗ്രഹിക്കാത്ത ഒരു മോശം റെക്കോഡാണ് മുന്‍ പാക് നായകന്‍ ഷോയിബ് മാലിക്കിനെ തേടിയെത്തിയിരിക്കുന്നത്. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പുറത്തായതിന് പിന്നാലെയാണ് മാലിക്കിനെ തേടി ഈ റെക്കോഡ് എത്തിയത്.
എല്‍.പി.എല്ലിലെ ജാഫ്‌ന കിങ്‌സ്-ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ് മത്സരത്തിനിടെ പുറത്തായതിന് പിന്നാലെയായിരുന്നു മാലിക് ഈ മോശം റെക്കോഡ് സ്വന്തമാക്കിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഹിറ്റ് വിക്കറ്റായിട്ടായിരുന്നു താരത്തിന്റെ മടക്കം. പാകിസ്ഥാന്റെ തന്നെ വഹാബ് റിയാസിന്റെ പന്തിലായിരുന്നു മാലിക് മടങ്ങിയത്.
ഇതോടെ ടി-20 ഫോര്‍മാറ്റില്‍ മൂന്ന് തവണ ഹിറ്റ് വിക്കറ്റായി മടങ്ങുന്ന ആദ്യ താരം എന്ന അനാവശ്യ റെക്കോഡാണ് മാലിക്കിനെ തേടിയെത്തിയിരിക്കുന്നത്. നേരത്തെ പി.എസ്.എല്ലിലടക്കം താരം ഹിറ്റ് വിക്കറ്റായി പുറത്തായിരുന്നു.
വഹാബിന്റെ ഒരു ബൗണ്‍സര്‍ താരത്തിന്റെ ഹെല്‍മെറ്റില്‍ കൊള്ളുകയും ഹെല്‍മെറ്റിന്റെ പ്രൊട്ടക്ഷന്‍ ഗാര്‍ഡിന്റെ ഒരു ഭാഗം സ്റ്റംപിലേക്ക് വീഴുകയുമായിരുന്നു.
vs പെഷവാര്‍ – 2017
vs ലാഹോര്‍ ഖലന്ദേഴ്‌സ് – 2021 (പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്)
vs ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ് – 2022 (ലങ്കന്‍ പ്രീമിയര്‍ ലീഗ്) – എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു മാലിക് ഹിറ്റ് വിക്കറ്റായി മടങ്ങിയത്.
മത്സരത്തില്‍ ടോസ് നേടിയ ജാഫ്‌ന കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസും അവിഷ്‌ക ഫെര്‍ണാണ്ടോയും ചേര്‍ന്ന് തെറ്റില്ലാത്ത തുടക്കമാണ് കിങ്‌സിന് നല്‍കിയത്. ഗുര്‍ബാസ് 23 റണ്‍സും ഫെര്‍ണാണ്ടോ 18 റണ്‍സും നേടി പുറത്തായി.
മൂന്നാമനായി ഇറങ്ങി ബംഗ്ലാദേശ് സൂപ്പര്‍ താരം ആഫിഫ് ഹുസൈന്റെ അര്‍ധ സെഞ്ച്വറിയാണ് കിങ്‌സിന് തുണയായത്. ഹുസൈന്‍ 35 പന്തില്‍ നിന്നും 54 റണ്‍സ് നേടി. ആഫിഫ് ഹുസൈന് പുറമെ വിക്കറ്റ് കീപ്പര്‍ സമരവിക്രമയും ക്യാപ്റ്റന്‍ തിസര പെരേരയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ജാഫ്‌ന മികച്ച സ്‌കോര്‍ സ്വന്തമാക്കി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് കിങ്‌സ് സ്വന്തമാക്കിയത്.
ഗ്ലാഡിയേറ്റേഴ്‌സിനായി വഹാബ് റിയാസ് മൂന്നും നുവാന്‍ തുഷാര രണ്ടും വിക്കറ്റ് സ്വന്തമാക്കി.
171 റണ്‍സ് ടാര്‍ഗെറ്റുമായി കളത്തിലിറങ്ങിയ ഗ്ലാഡിയേറ്റേഴ്‌സിന് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഗംഭീര തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍ തനുക ദബാരെയും വണ്‍ ഡൗണ്‍ ബാറ്റര്‍ ലാഹിരു ഉദാരയും വളരെ പെട്ടെന്ന് തന്നെ മടങ്ങിയെങ്കിലും മെന്‍ഡിസ് അടി തുടര്‍ന്നു.
45 പന്തില്‍ നിന്നും 58 റണ്‍സാണ് മെന്‍ഡിസ് സ്വന്തമാക്കിയത്. ഇഫ്തിഖര്‍ അഹമ്മദും നുവാഹിന്ദു ഫെര്‍ണാണ്ടോയും മികച്ച പിന്തുണയാണ് മെന്‍ഡിസ് നല്‍കിയത്. ഇഫ്തിഖര്‍ 23ഉം ഫെര്‍ണാണ്ടോ 22 റണ്‍സും നേടി പുറത്തായി.
ഇമാദ് വസീമും വഹാബ് റിയാസും തങ്ങളാല്‍ കഴിയുന്നത് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്‌തെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ 154ന് ഒമ്പത് എന്ന നിലയില്‍ ഗ്ലാഡിയേറ്റേഴ്‌സ് പോരാട്ടം അവസാനിപ്പിച്ചു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബിനുര ഫെര്‍ണാണ്ടോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ഫുള്ളറും വിജയകാന്ത് വിയാസ്‌കാന്തും ചേര്‍ന്നാണ് ഗല്ലെയെ എറിഞ്ഞിട്ടത്.
Content Highlight: Shoaib Malik became the first batsman to be dismissed as a hit wicket three times in the T20 format