ഹിന്ദുരാഷ്ട്രം മുതൽ സാമ്പത്തിക മാന്ദ്യം വരെ; അയോധ്യാ വിധിയുടെ രാഷ്ട്രീയ മാനങ്ങൾ
Opinion
ഹിന്ദുരാഷ്ട്രം മുതൽ സാമ്പത്തിക മാന്ദ്യം വരെ; അയോധ്യാ വിധിയുടെ രാഷ്ട്രീയ മാനങ്ങൾ
ഷുഹൈബ് ദനിയാല്‍
Sunday, 10th November 2019, 3:06 pm

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടു വരെ ബാബ്റി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രംപണിയണമെന്ന സംഘ്പരിവാര്‍ വാദം സുപ്രീം കോടതി ശനിയാഴ്ച ശരിവെച്ചിരിക്കുന്നു.

വിശ്വാസവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞു കഴിഞ്ഞമൂന്നുപതിറ്റാണ്ടു കാലമായി രാജ്യത്തെ വരിഞ്ഞു മുറുക്കിയിരുന്ന സമസ്യക്ക് പുതിയ രാഷ്ട്രീയമാനങ്ങളെഴുതപ്പെട്ടിരിക്കുകയാണ് ഈ വിധിയിലൂടെ. നിയമപോരാട്ടം അവസാനിച്ചിരിക്കുന്നു. ഇന്ത്യന്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാവിയെ ഈ വിധി എങ്ങനെ പരുവപ്പെടുത്തുമെന്നതാണ് കാതലായ ചോദ്യം.

ഹിന്ദുരാഷ്ട്രവാദം ഇന്ത്യയുടെ അധികാര ആദര്‍ശമായി മാറുന്നു

1947 ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഹിന്ദുരാഷ്ട്രവാദമെന്നത് ഇന്ത്യയില്‍ ഒരു വര്‍ഗീയ പ്രത്യശാസ്ത്രമായി മാത്രമായിരുന്നു അടയാളപ്പെടുത്തിയിരുന്നത്. ചുരുങ്ങിയ കോണുകളില്‍ മാത്രം നേരിയ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ മാത്രമേ അന്നത്തെ ഹിന്ദുത്വ മുഖമായിരുന്നു ജനസംഘിനു കഴിഞ്ഞിരുന്നുള്ളു. ബി.ജെ.പി ആയി രൂപം മാറിയ സംഘിനു 1984 നെ ലോക്‌സഭ ഇലക്ഷനില്‍ വെറും രണ്ടു സീറ്റ് മാത്രമാണ് നേടാനായത്.

എന്നാല്‍ 1980 കളിലെ രാമജന്മഭൂമി കാമ്പയിനോട് കൂടി ചിത്രം മാറുന്നു. പിന്നീട് കണ്ടത് ഹിന്ദുത്വം നടുക്കളത്തിലിറങ്ങി കളിക്കുന്നതാണ്. അക്കാലത്തു കോണ്‍ഗ്രസില്‍ നിന്നുപോലും ഇതിനു പിന്തുണയുണ്ടായിരുന്നു എന്നതോര്‍ക്കണം. ബി.ജെ.പി ബാബരി തകര്‍ക്കുന്നതിന് കച്ചകെട്ടിയിറങ്ങിയതും ഇക്കാലത്താണ്.

തുടര്‍ന്നങ്ങോട്ട് തകര്‍ത്താടുവാന്‍ ഹിന്ദുത്വ ശക്തികള്‍ക്കു കഴിഞ്ഞു. ബീഫ് വിരുദ്ധ നിയമങ്ങളും, മതംമാറ്റ നിരോധന നിയമങ്ങളും ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിവേരറുക്കുന്ന നയങ്ങളുമായി അധികാര രാഷ്ട്രീയത്തില്‍ അവര്‍ സ്ഥാനംപിടിച്ചു.

രാമക്ഷേത്രത്തിനു വഴിയൊരുക്കിക്കൊണ്ടു സുപ്രീം കോടതി വിധി വന്നതോടെ ഹിന്ദുത്വ ദേശീയതയുടെ ഉയര്‍ച്ച പൂര്‍ണമായി. ഹിന്ദുത്വവും ഭരണ സംവസിദ്ധാന്തങ്ങളും എത്രമാത്രം ഇഴയടുപ്പത്തിലാണെന്നു സുപ്രീം കോടതി വിധി പരിശോധിച്ചാല്‍ സംശയാതീതമായി ബോധ്യമാകും.

സ്വകാര്യ വ്യക്തികളോ സംഘടനകളോ അല്ല മോദി സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റ് തന്നെ രാമക്ഷേത്രം പണിയണമെന്നാണ് പരമോന്നത കോടതി കല്‍പിച്ചിരിക്കുന്നത്. നിയമ വിദഗ്ദ്ധന്‍ ഫൈസാന്‍ മുസ്തഫയുടെ വാക്കുകളെടുക്കാം, ‘നിയമ വാഴ്ചയേക്കാള്‍ കോടതി പ്രാമുഖ്യത്തിലെടുത്ത വിശ്വാസാചാരങ്ങളെ മാത്രമാണ്.’

വര്‍ഗീയത മുറ്റിയ അക്രമോല്‌സുകതയിലൂടെ മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന ഒരുകൂട്ടരുടെ രാഷ്ട്രീയ സിന്ധാന്തം ഇന്ന് രാജ്യത്തിന്റെ പൊതുബോധമായി മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതായത്, സംഘ്പരിവാര്‍ സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രം വിദൂരതയിലല്ല എന്ന് സാരം.

ബി.ജെ.പിയുടെ അപ്രമാദിത്വം

ഒറ്റപ്പാതയിലായിരുന്നു ഹിന്ദുത്വ ദേശീയതയുടെയും ബി.ജെ.പിയുടെയും വളര്‍ച്ച. ബാബരി മസ്ജിദ് തുറന്ന് ആരാധന നടത്താന്‍ ഹിന്ദുക്കളെ അനുവദിച്ചുകൊണ്ടുള്ളകോടതി വിധിയെ പിന്താങ്ങി 1986 ല്‍ കോണ്‍ഗ്രസ് രാമജന്മഭൂമിമൂവ്‌മെന്റിനു തിരികൊളുത്തിയപ്പോഴേക്കും പള്ളി തന്നെ പൊളിച്ചു കളയണമെന്ന വാദവുമായി ബി.ജെ.പി കളംപിടിച്ചു. പള്ളി തകര്‍ത്ത് പകരം അമ്പലം പണിയണമെന്ന് വര്‍ഗീയതയാളിക്കത്തിച്ചു വലിയ പ്രക്ഷോഭങ്ങള്‍ അവര്‍ സംഘടിപ്പിച്ചു.

ബാബരി ധ്വംസനം കഴിഞ്ഞു രണ്ട് പതിറ്റാണ്ട് ശേഷം 2014 ഇല്‍ ബി.ജെ.പി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി. ബി.ജെ.പിയുടെ അധികാര ആരോഹണത്തിന് കോടതിയുടെ ബോധപൂര്‍വമായ മെല്ലെപ്പോക്കുകള്‍ക്ക് അത്ര ചെറുതല്ലാത്ത പങ്കുണ്ട്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ തന്നെ രാമക്ഷേത്രത്തിനു വഴിതുറന്നതിനു സുപ്രീം കോടതിയോട് നന്ദിയറിയിച്ചുകൊണ്ടുള്ള ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയുടെവാക്കുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

സ്വാതന്ത്ര്യാനന്തര കാലത്ത് കോണ്‍ഗ്രസ്സിനുണ്ടായിരുന്ന സ്വീകാര്യതയുടെ തതുല്യമായ നിലയിലാണ് ബി.ജെ.പിയുടെ ആശയ പരിസരങ്ങളെ ഇന്ന് വായിക്കപ്പെടുന്നത് എന്ന് വേണം കരുതാന്‍.

രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതപ്പെടുമ്പോള്‍ സുവര്‍ണലിപികളിലായിരിക്കും രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ കാലഘട്ടം എഴുതപ്പെടുക എന്ന് നദ്ദ പറഞ്ഞു വെക്കുന്നു. സുപ്രീം കോടതി വിധി എത്തരത്തില്‍ സംഘപരിവാറിന്റെ അധികാരത്തെ ഊട്ടിയുറപ്പിക്കുമെന്നത് നദ്ദക്ക് സുവ്യക്തമാണ്.

മുസ്‌ലീം അന്യവത്കരണം

മുസ്‌ലിംകളെ അരികുവത്കരിച്ചും പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടുമാണ് ഹിന്ദുത്വ ദേശീയത വളര്‍ന്നു വന്നത്. അതിന്റെ തുടരുന്ന തേരോട്ടം മുസ്‌ലിംകളെ സമൂഹത്തില്‍ നിന്നും, അധികാരത്തില്‍ നിന്നും, പൊതു ഇടങ്ങളില്‍ നിന്നും അകലേക്ക് പറിച്ചെറിഞ്ഞുകൊണ്ടേയിരിക്കുന്നു. 2014 പൊതുതെരഞ്ഞെടുപ്പ്ഫലം പരിശോധിച്ചാല്‍ ഇത് മനസിലാകും.

1951 നു ശേഷം ഏറ്റവും കുറവ് മുസ്‌ലിം പ്രാധിനിത്യം കണ്ട വര്‍ഷം അതായിരുന്നു. സാമൂഹിക സാമ്പത്തിക സൂചികകളെടുത്താല്‍ തന്നെയും ദളിതുകളെക്കാള്‍ മോശം അവസ്ഥയിലാണ് മുസ്‌ലിം സമുദായം രാജ്യത്തിന്റെ പലഭാഗത്തും.

കാലമിന്നേക്കും മുസ്‌ലിം ബഹിഷ്‌കരണം അനൗദ്യോഗികമായ സാമൂഹിക ഘടനക്കുള്ളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നത് നിയമപരമായി സാധൂകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഭാര്യയെ ഉപേക്ഷിച്ചാല്‍ ഇന്ന് മുസ്‌ലിം പുരുഷന്മാര്‍ മാത്രമാണ് ‘ക്രിമിനലുകള്‍’ ആവുക.

നിയമം യാതൊരു വിധത്തിലും മുസ്‌ലിങ്ങള്‍ക്കു സഹായകമാകില്ല എന്നതാണ് ബാബരി വിധി അടിവരയുള്ള മറ്റൊരു തലം. സുന്നി വഖഫ്  പുനഃപരിശോധനാ ഹരജി നല്‍കില്ല എന്ന് തീരുമാനമെടുത്തു കഴിഞ്ഞു.

സൗകര്യപൂര്‍വം മറക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍

പട്ടിണിയെക്കുറിച്ചു നമുക്ക് മറക്കാം, കാരണം സിക്കിമിനെ കിട്ടുമല്ലോ എന്നാണ് 1975 ലെഇന്ദിരാ ഗാന്ധിയുടെ സിക്കിം പിടിച്ചെടുക്കലിനെ കളിയാക്കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന ബി ജി വര്‍ഗീസ് എഴുതിയത്.

ഈ രാഷ്ട്രീയ ആയുധം ഇന്നും ആവര്‍ത്തിക്കപ്പെടുന്നതാണ് നാം കാണുന്നത്. സുപ്രീം കോടതി വിധിയും ക്ഷേത്ര നിര്‍മാണവും അനുബന്ധ കോലാഹലങ്ങളും രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവും തകര്‍ന്നടിയുന്ന ജീവിത നിലവാരങ്ങളും പോലുള്ള അടിയന്തിര പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ സഹായിക്കും എന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

ഇതില്‍ അവര്‍ക്കു ഏറ്റവും സഹായകമായ സുപ്രീം കോടതി വിധിയും. വരുന്ന കുറച്ചധികം കാലത്തേക്കു വാചാലമാകാനുള്ള വിഭവങ്ങള്‍ ഈ വിധി അവര്‍ക്കു സമ്മാനിച്ചിട്ടുണ്ട്.

അനാവൃതമാകുന്ന അടിസ്ഥാന അജണ്ട

കുറച്ചെങ്കിലും ഇന്ത്യന്‍ അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ക്ക് പുറത്തു നിന്നിരുന്ന എല്ലാ ഹിന്ദുരാഷ്ട്രവാദങ്ങളെയും ഭരണ സംവിധാനങ്ങള്‍ക്കുള്ളിലേക്കെടുക്കാന്‍ ബി.ജെ.പിക്കു പച്ചക്കൊടി കാണിക്കുകയാണ് സുപ്രീം കോടതി വിധി ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യ വിധി വന്നതിനുമണിക്കൂറുകള്‍ക്കു ഉള്ളില്‍ മുസ്‌ലിം വ്യക്തിനിയമങ്ങളെറദ്ദുചെയ്യുന്നതിനെകുറിച്ചാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വംനിശ്ചയിക്കുന്ന നിയമമായിരിക്കും മറ്റൊന്ന്. മതപരിവര്‍ത്തനങ്ങളെ വിലക്കുകയും ബീഫ് നിരോധിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ പിന്നാലെ വരും.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ എല്ലാ മതില്‍കെട്ടുകളും തങ്ങള്‍ക്കുമുന്നില്‍ തകര്‍ന്നു വീണു കിടക്കുമ്പോള്‍ തോന്നിയത് നടപ്പിലാക്കാന്‍ ബി.ജെ.പിക്ക് കഴിയും എന്നതാണ് വാസ്തവം.

അയോധ്യയില്‍ അവസാനിക്കുന്നില്ല

ബാബരിമാത്രമല്ല സംഘ്പരിവാര്‍ പട്ടികയില്‍ അമ്പലത്തിനുമേലെ കെട്ടിപ്പൊക്കിയത്. ‘ഹിന്ദു അമ്പലങ്ങള്‍; അവക്കെന്തു സംഭവിച്ചു’ എന്ന സീതാറാം ഗോയലും അരുണ്‍ ഷൂറിയും എഴുതിയ പുസ്തകത്തില്‍ ഈ അമ്പലങ്ങള്‍ ആയിരത്തോളം വരും എന്നവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ആര്‍.എസ്.എസോ ബി.ജെ.പിയോ സുപ്രീം കോടതി വിധിക്കു ശേഷം ഇങ്ങനെ ഒരു പരാമര്‍ശം ഇതുവരെയും നടത്തിയിട്ടില്ല.

എന്നാല്‍ ‘സുപ്രീം കോടതി വിധി കഥാവസാനം അല്ലെന്നും അതൊരു തുടക്കം മാത്രമാണെന്നും’ ആണ് വിധിവന്നയുടന്‍ മധുരയിലെയും വരാണസിയിലെയും പള്ളികളെ പരാമര്‍ശിച്ചു കൊണ്ട് വിശ്വ ഹിന്ദു പരിഷത് അഭിപ്രായപ്പെട്ടത്.

മറ്റേതൊരു സംഘ്പരിവാര്‍ സംഘടനേയാക്കളും ഹിന്ദുപരിഷത് ആണ് ബാബരി മസ്ജിദ് തകര്‍ക്കാന്‍ ചുക്കാന്‍ പിടിച്ചതും നിയമ നടപടികളില്‍ കക്ഷിയായതും എന്ന് ഓര്‍ക്കണം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു കീഴ്‌വഴക്കമാണ് സുപ്രീം കോടതി ശനിയാഴ്ച സൃഷ്ടിച്ചത്. ബി.ജെ.പി ഉടന്‍ തന്നെ സമാനമായ മറ്റു കേസുകളിലേക്കു പോകുകയില്ലെന്നു തത്കാലം കരുതാമെങ്കിലും സംഘ്പരിവാറിന് ഏതുസമയത്തും എടുത്തു വീശാവുന്ന മൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധമായി ബാബരി നിലനില്‍ക്കുക തന്നെ ചെയ്യും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷുഹൈബ് ദനിയാല്‍
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍