| Friday, 16th September 2022, 11:26 am

ബാബര്‍ അതിന് പറ്റിയ ആളല്ല, അവനെകൊണ്ട് അതിനൊന്നും പറ്റില്ല; ബാബറിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ നിലവിലെ ഏറ്റവും മികച്ച താരമാണ് ബാബര്‍ അസം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ടീമിന്റെ ബാറ്റിങ്ങിനെ നയിക്കുന്ന താരമാണ് ബാബര്‍. ചടുലമായ ഷോട്ട് സെലക്ഷന്‍ കൊണ്ടും ഷോട്ടിന്റെ ഭംഗികൊണ്ടും അദ്ദേഹം ആരാധകരുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്.

പാകിസ്ഥാന്റെ നായകന്‍ കൂടിയായ അദ്ദേഹം ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഈയിടെ അവസാനിച്ച ഏഷ്യാ കപ്പില്‍ ടീമിനെ ഫൈനലില്‍ വരെ എത്തിക്കാന്‍ ബാബറിന് സാധിച്ചിരുന്നു.

എന്നാല്‍ ഫൈനലില്‍ ശ്രീലങ്കക്കെതിരെ തോല്‍ക്കാനായിരുന്നു ബാബറിന്റെയും പാകിസ്ഥാന്റെയും വിധി. ഏഷ്യാ കപ്പില്‍ മോശം ബാറ്റിങ്ങായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. ആറ് മത്സരത്തില്‍ നിന്നും വെറും 68 റണ്‍സാണ് അദ്ദേഹത്തിന് നേടാന്‍ സാധിച്ചത്.

ബാബറിന്റെ ഈ മോശം പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസ് ബൗളിങ്ങ് ഇതിഹാസമായിരുന്ന ഷോയ്ബ് അക്തര്‍. ബാബര്‍ റണ്‍സ് അടിക്കുന്നതിനേക്കാള്‍ കൂടുതല്‍ അട്രാക്ടീവ് ഷോട്ട് കളിക്കാനാണ് ശ്രദ്ധിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

ടി-20യിലെ ബാബറിന്റെ ലീഡ് ചെയ്യാനുള്ള അവകാശവും അക്തര്‍ ചോദ്യം ചെയ്തു. ട്വന്റി-20യില്‍ അദ്ദേഹം പാകിസ്ഥാനെ നയിക്കാന്‍ യോഗ്യനല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

‘ഈ ഫോര്‍മാറ്റിന് പറ്റിയ ക്യാപ്റ്റന്‍ ബാബറാണെന്ന് ഞാന്‍ കരുതുന്നില്ല. ക്ലാസിക് ഡ്രൈവുകള്‍ കളിച്ച് തന്റെ ഫോം വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അവന്‍ ക്ലാസായി കാണാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. ഇത് എന്ത് രീതിയാണ്?,’ അക്തര്‍ ചോദിച്ചു.

ട്വന്റി-20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ കുറിച്ചും അക്തര്‍ വാചാലനാകുന്നുണ്ട്. ബാറ്റിങ്ങില്‍ തീരെ ഡെപ്ത് ഇല്ലെന്നും ഈ ടീമുമായി ഓസ്‌ട്രേലിയയില്‍ എന്ത് കാണിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തീരെ ഡെപ്ത്തില്ല, ഓസ്ട്രേലിയയിലെ ഒരു പ്രധാന ടൂര്‍ണമെന്റിനായി ഇത്തരം കളിക്കാരെ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം എനിക്ക് മനസ്സിലാകുന്നില്ല.

ഓസ്ട്രേലിയയില്‍ പാകിസ്ഥാന്റെ ബാറ്റിങ് ഫോം പുറത്തുവന്നാല്‍, ബാബറിനെയും സഖ്‌ലൈനും പിരിച്ചുവിടും. ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയെ പോലും വെറുതെ വിടുമെന്ന് കരുതുന്നില്ല,’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Shoaib Akthar says Babar is not right choice for Pakistan’s T20 Captain

We use cookies to give you the best possible experience. Learn more