| Saturday, 18th March 2023, 11:30 pm

അവനെന്റെ റെക്കോഡ് തകര്‍ക്കുമെങ്കില്‍ ആദ്യം പോയി കെട്ടിപിടിക്കുന്നത് ഞാനായിരിക്കും; ഇന്ത്യന്‍ താരത്തോട് ഷോയിബ് അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ക്രിക്കറ്റില്‍ നിരവധി ഫാസ്റ്റ് ബൗളര്‍മാര്‍ മുന്‍ പാകിസ്ഥാന്‍ താരം ഷോയിബ് അക്തറിന്റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആര്‍ക്കും അതിന് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതിനകം 157 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞതോടെ ഇന്ത്യന്‍ താരം ഉമ്രാന്‍ മാലിക് റെക്കോഡ് പേരിലാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷോയിബ്. വേഗത്തിന്റെ കാര്യത്തില്‍ ഉമ്രാന്‍ മാലിക്ക് തന്റെ റെക്കോഡ് മറികടക്കുന്നതില്‍ സന്തോഷം മാത്രമെയുള്ളൂവെന്നും വേണ്ടിവന്നാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറാണെന്നും ഷോയിബ് പറഞ്ഞു.

‘അവന്‍ നന്നായി പന്തെറിയുന്നുണ്ട്. മികച്ച റണ്ണപ്പുണ്ട് ഉമ്രാന്. കൂടാതെ കരുത്തനുമാണ്. കൈകള്‍ക്കും വേഗമുണ്ട്. ധൈര്യത്തോടെ പന്തെറിഞ്ഞാല്‍ അവന് വേഗം കൂട്ടാന്‍ സാധിക്കുന്നതോടൊപ്പം വിക്കറ്റെടുക്കുന്നത് ആസ്വദിക്കാനും കഴിയും. ഞാന്‍ പന്തെറിയാന്‍ 26 സ്റ്റെപ്പുകളെടുക്കുന്നുണ്ട്. ഉമ്രാന്‍ ഇരുപതും. ഉമ്രാന്‍ 26ലേക്ക് പോവുമ്പോള്‍ അദ്ദേഹത്തിന് വ്യത്യസ്തത കൊണ്ടുവരാന്‍ സാധിക്കും. വരും ദിവസങ്ങളില്‍ അദ്ദേഹം പഠിക്കും.

ഉമ്രാന്റെ എന്തെങ്കിലും സഹായം ചെയ്യാനും ഞാന്‍ തയ്യാറാണ്. എന്റെ റെക്കോഡ് തകര്‍ക്കാന്‍ പറ്റുമെങ്കില്‍ അത് സ്വന്തമാക്കൂ. കഴിഞ്ഞ 20 വര്‍ഷത്തോളമായി റെക്കോര്‍ഡ് തകര്‍ക്കാനായിട്ടില്ല. ആ റെക്കോര്‍ഡ് തകരുന്നതില്‍ സന്തോഷം മാത്രമാണുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ഉമ്രാനെ ആദ്യം ചേര്‍ത്തുപിടിക്കുന്നത് ഞാനായിരിക്കും,’ ഷോയിബ് പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അനായാസം മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് കഴിയുന്നുവെന്നുള്ളതാണ് പ്രത്യേകത.

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമിനൊപ്പമാണ് ഉമ്രാന്‍. ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ താരത്തെ കളിപ്പിച്ചിരുന്നില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു പേസര്‍. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ഏകദിനത്തിലും ഉമ്രാനെ കളിപ്പിക്കാന്‍ സാധ്യതയില്ല.

Content Highlights: Shoaib Akthar about Umran Malik’s Bowling

Latest Stories

We use cookies to give you the best possible experience. Learn more