കോഹ്‌ലി മികച്ചതാണെന്ന് വീണ്ടും തെളിയിച്ചു: ഷോയ്ബ് അക്തര്‍
Cricket
കോഹ്‌ലി മികച്ചതാണെന്ന് വീണ്ടും തെളിയിച്ചു: ഷോയ്ബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th September 2023, 9:23 am

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ താരം വിരാട് കോഹ്‌ലി നേടിയ തകർപ്പൻ സെഞ്ച്വറിയിൽ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മുൻ പാക് പേസർ ഷോയ്ബ് അക്തര്‍. ഏകദിന ക്രിക്കറ്റിൽ തന്റെ 47-ാം സെഞ്ച്വറിയാണ് താരം നേടിയത്. ഇതിനുപിന്നാലെയായിരുന്നു അക്തർ കോഹ്‌ലിയെ പ്രശംസിച്ചത്.

‘എന്തുകൊണ്ടാണ് തന്നെ മികച്ചവനായി കണക്കാക്കുന്നതെന്ന് വിരാട് കോഹ്‌ലി ഒരിക്കൽ കൂടി തെളിയിച്ചു. എന്തൊരു ഇന്നിങ്സ്,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിലായിരുന്നു താരത്തിന്റെ ഈ അവിസ്മരണീയ ഇന്നിങ്‌സ് പിറന്നത്. 94 പന്തുകൾ നേരിട്ട താരം പുറത്താവാതെ 122 റൺസാണ് നേടിയത്. ഒൻപത് ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടു കൂടിയായിരുന്നു താരത്തിന്റെ അവിസ്മരണീയ ഇന്നിങ്‌സ്.

ഈ ഇന്നിങ്‌സോടുകൂടി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13,000 റൺസ് തികയ്ക്കുന്ന ബാറ്ററായി മാറാനും മുൻ ഇന്ത്യൻ നായകന് സാധിച്ചു. 267 ഇന്നിങ്‌സുകളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ കോഹ്‌ലിക്കൊപ്പം കെ.എൽ. രാഹുലും സെഞ്ച്വറി നേടി. പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ മികച്ച ഇന്നിങ്‌സ് പുറത്തെടുക്കാൻ താരത്തിന് സാധിച്ചു. 106 പന്തിൽ നിന്നും പുറത്താവാതെ 111 റൺസായിരുന്നു രാഹുൽ നേടിയത്. 12 ഫോറും രണ്ട് സിക്‌സും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ആദ്യ ദിവസം മഴമൂലം നിർത്തിവെക്കുമ്പോൾ 147-2 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ റിസർവ് ഡേയിൽ കളി പുനരാരംഭിക്കുമ്പോൾ ഇന്ത്യൻ ബാറ്റിങ്ങിന്റെ പൂർണ്ണ ഉത്തരവാദിത്വവും കോഹ്‌ലിയും രാഹുലും ഏറ്റെടുക്കുകയായിരുന്നു. 194 പന്തിൽ 233 റൺസിന്റെ കൂറ്റൻ പാർട്ണർഷിപ്‌ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യ 357 എന്ന വലിയ വിജയലക്ഷ്യം പടുത്തുയർത്തിയത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക് ടീം 128 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. 228 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്.

സെപ്‌റ്റംബർ 15 ന് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story Highlight: Shoaib Akhtar appreciate Virat Kohli century against Pakistan