| Wednesday, 17th August 2022, 4:45 pm

അവനെ പോലെ ഉള്ളവര്‍ അങ്ങനെ ചെയ്യും നിങ്ങള്‍ അവരെ താങ്ങി നടക്കും; ഐ.സി.സിക്കെതിരെ ആഞ്ഞടിച്ച് ഷോയിബ് അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദി ഹണ്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ പാകിസ്ഥാന്‍ താരത്തെ കളിയാക്കുന്ന രീതിയില്‍ പ്രതികരിച്ചിട്ടും ഓസീസ് താരം മാര്‍കസ് സ്‌റ്റോയിനിസിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഷോയിബ് അക്തര്‍.

പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഹസ്‌നായിന്റെ ബൗളിങ് ആക്ഷനെ മാര്‍കസ് സ്റ്റോയിനിസ് കളിയാക്കിയതാണ് അക്തറിനെ ചൊടിപ്പിച്ചത്.

ദി ഹണ്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ സതോണ്‍ ബ്രേവും ഓവല്‍ ഇന്‍വിന്‍സിബിള്‍സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം നടന്നത്. ബ്രേവ് താരമായ സ്‌റ്റോയിനിസിനെ പാക് യുവതാരം പുറത്താക്കിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

27 പന്തില്‍ നിന്നും 37 റണ്‍സുമായി പുറത്തായ സ്റ്റോയിനിസ് പവലിയനിലേക്ക് നടക്കുമ്പോള്‍ ഹസ്‌നായിന്‍ ചക്കിങ് ചെയ്തുവെന്ന് (കൈമുട്ട് മടക്കിയെറിയുന്ന രീതി) കാണിക്കുകയായിരുന്നു.

എന്നാല്‍ താരത്തിന്റെ ഈ പ്രതികരണം ആരാധകരില്‍ വലിയ എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു. അവരില്‍ പലരും സ്റ്റോയിന്‍സിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ എല്ലാവരേക്കാളും ശക്തമായ വിമര്‍ശനവുമായിട്ടാണ് അക്തര്‍ രംഗത്തുവന്നിരിക്കുന്നത്. സ്‌റ്റോയിന്‍സിന്റെ പ്രവര്‍ത്തിയെ ഷെയിം ഫുള്‍ എന്നായിരുന്നു അക്തര്‍ വിശേഷിപ്പിച്ചത്.

ഇത്തരക്കാരുടെ പ്രവര്‍ത്തിയില്‍ ഐ.സി.സി ഒരു നടപടിയും എടുക്കാന്‍ പോണില്ലെന്നും അക്തര്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ദി ഹണ്‍ഡ്രഡ് 2022യില്‍ മുഹമ്മദ് ഹസ്‌നായിന്റെ ബൗളിങ് ആക്ഷന്‍ സംബന്ധിച്ചുള്ള മാര്‍കസ് സ്റ്റോയിനിസിന്റെ പ്രവര്‍ത്തി തീര്‍ത്തും ലജ്ജാകരമാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിനക്കെങ്ങനെയാണ് ധൈര്യം വന്നത്?

ഐ.സി.സി ഇതിനെതിരെ ഒരു നടപടിയും കൈക്കൊള്ളാതെ മിണ്ടാതിരിക്കുമെന്ന് എനിക്കുറപ്പാണ്. ഒരു കളിക്കാരനും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്താന്‍ പാടില്ല,’ അക്തര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, ബിഗ് ബാഷ് ലീഗില്‍ കളിക്കുമ്പോള്‍ ഹസ്‌നായിന്റെ ബൗളിങ് ആക്ഷനില്‍ നടപടിയുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ റിലീസിങ്ങിലും ആംഗിള്‍ ഓഫ് റിലീസിങ്ങിലും കൃത്യമായി വര്‍ക് ചെയതതിന് ശേഷം ക്ലിയറന്‍സ് നേടിയിരുന്നു.

അതേസമയം, ഹണ്‍ഡ്രഡില്‍ നടന്ന ബ്രേവ് – ഇന്‍വിസിബിള്‍ മത്സരത്തില്‍ സ്‌റ്റോയിനിസിന്റെ ടീം പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ബ്രേവ് 100 പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തിന് 137 റണ്‍സാണ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍വിന്‍സിബിള്‍സ് 18 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

മത്സരത്തില്‍ ഹസ്‌നായിന്‍ 15 പന്തില്‍ നിന്നും 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.

Content Highlight: Shoaib Akhtar slams Marcus Stoicis and ICC

We use cookies to give you the best possible experience. Learn more