|

കരിയറിന്റെ തുടക്കം മുതലേ വലിയ ഫ്രോഡ്; ബാബര്‍ അസമിനെതിരെ അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ പേസറും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ പരാജയത്തിന് പിന്നാലെയാണ് അക്തര്‍ ബാബര്‍ അസമിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

ബാബര്‍ തെറ്റായ ഹീറോകളെയാണ് കരിയറിന്റെ തുടക്കം മുതല്‍ പിന്തുടര്‍ന്നതെന്നും താരത്തിന്റെ ചിന്താഗതികളെല്ലാം തെറ്റായിരുന്നു എന്നും വിമര്‍ശിച്ചു.

ഗെയിം ഓണ്‍ ഹേ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ എല്ലായ്‌പ്പോഴും ബാബര്‍ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യാറുണ്ട്. നിങ്ങള്‍ പറയൂ, ആരാണ് വിരാട് കോഹ്‌ലിയുടെ ഹീറോ? സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്, അദ്ദേഹം നൂറ് സെഞ്ച്വറി നേടിയിട്ടുണ്ട്. വിരാട് ഇപ്പോള്‍ അദ്ദേഹത്തിന്റെ ലെഗസി പിന്തുടരുകയാണ്.

ആരാണ് ബാബര്‍ അസമിന്റെ ഹീറോ? ടുക് ടുക് (ഒരു താരത്തിന്റെയും പേര് പറയാതെ). നിങ്ങള്‍ തെറ്റായ ഹീറോകളെയാണ് തെരഞ്ഞെടുത്തത്. നിന്റെ ചിന്തകളും തെറ്റായിരുന്നു. തുടക്കം മുതല്‍ തന്നെ നിങ്ങളൊരു ഫ്രോഡായിരുന്നു.

ഞാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ച് സംസാരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. എനിക്ക് പൈസ കിട്ടുന്നു എന്നത് കൊണ്ടുമാത്രമാണ് ഞാന്‍ ഇത് ചെയ്യുന്നത്. ഇത് വെറും സമയം നഷ്ടപ്പെടുത്തലാണ്.

2001 മുതല്‍ ഈ തകര്‍ച്ച ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ദിവസത്തില്‍ മൂന്ന് തവണ സ്വഭാവം മാറുന്ന ക്യാപ്റ്റന്‍മാര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്,’ അക്തര്‍ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ 26 പന്ത് നേരിട്ട താരം 23 റണ്‍സിനാണ് പുറത്തായത്. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഏകദിനത്തില്‍ മികച്ച പ്രകടനമല്ല ബാബര്‍ അസം കുറച്ചുകാലമായി പുറത്തെടുക്കുന്നത്. 2023 നവംബറിന് ശേഷം ഏകദിനത്തില്‍ ഒരു തവണ മാത്രമാണ് ബാബര്‍ 50+ സ്‌കോര്‍ കണ്ടെത്തിയത്. ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ടോപ് റാങ്കുകളില്‍ തുടരവെയാണ് ബാബര്‍ മോശം പ്രകടനം തുടര്‍ക്കഥയാക്കുന്നത്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും പരാജയപ്പെട്ടതോടെ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകലിന്റെ വക്കിലാണ്. നേരത്തെ, ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും കിവികള്‍ പരാജയപ്പെട്ടിരുന്നു. 60 റണ്‍സിന്റെ തോല്‍വിയാണ് റിസ്വാനും സംഘവും ഏറ്റുവാങ്ങിയത്.

എന്നാല്‍ പാകിസ്ഥാന്റെ സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുത്താല്‍ പാകിസ്ഥാന് നേരിയ സാധ്യതയുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് ഇനിയുള്ള രണ്ട് മത്സരങ്ങളും പരാജയപ്പെടുകയും പാകിസ്ഥാന്‍ തങ്ങളുടെ ശേഷിക്കുന്ന മത്സരം മികച്ച മാര്‍ജിനില്‍ വിജയിക്കുകയുമാണ് ഇതിനായി വേണ്ടത്. ബംഗ്ലാദേശിനോടും ഇന്ത്യയോടുമാണ് ന്യൂസിലാന്‍ഡിന്റെ മത്സരം. ഇതില്‍ ബംഗ്ലാദേശിനെതിരായ മത്സരം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. ബംഗ്ലാദേശിനെയാണ് പാകിസ്ഥാന് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേരിടാനുള്ളത്.

Content Highlight: Shoaib Akhtar slams Babar Azam

Video Stories