| Friday, 18th August 2023, 9:33 pm

ആറ് വര്‍ഷം ബാക്കിയുണ്ട്, സച്ചിന്റെ നൂറ് സെഞ്ച്വറി വിരാട് പുഷ്പം പോലെ മറികടക്കും: അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സെഞ്ച്വറിയുടെ റെക്കോഡ് മറികടക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കുമെന്ന് മുന്‍ പാക് താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍. വിരാടിന് ഇനിയും ആറ് വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കുമെന്നും അക്തര്‍ പറഞ്ഞു.

റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.

‘വിരാട് കോഹ്‌ലി സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ പോലെയായിരിക്കുകായാണ്. വിരാട് ഇതിനോടകം നിരവധി റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. അവന് ഇനിയും ആറ് വര്‍ഷം ക്രിക്കറ്റില്‍ സജീവമാകാന്‍ സാധിക്കും. സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡും അവന്‍ തകര്‍ക്കും. അതിനുള്ള തീക്ഷ്ണത വിരാടിലുണ്ട്,’ അക്തര്‍ പറഞ്ഞു.

നിലവില്‍ 76 സെഞ്ച്വറികളാണ് വിരാടിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ 46 സെഞ്ച്വറി നേടിയ വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ 29 സെഞ്ച്വറിയും ടി-20യില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സെഞ്ച്വറി നേട്ടത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ വിരാട് കോഹ്‌ലിക്ക് കേവലം നാല് സെഞ്ച്വറികള്‍ മാത്രം മതി. ഏകദിനത്തില്‍ 49 സെഞ്ച്വറിയുള്ള സച്ചിന്റെ റെക്കോഡ് വിരാട് എളുപ്പത്തില്‍ മറികടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

വരാനിരിക്കുന്ന ഏഷ്യ കപ്പാണ് ഇനി വിരാടിന് മുമ്പിലുള്ളത്. 2023 ഏകദിന ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ഏറെ പ്രാധാന്യമാണ് ഏഷ്യാ കപ്പിന് കല്‍പിക്കപ്പെടുന്നത്.

ഈ ടൂര്‍ണമെന്റില്‍ തന്നെ വിരാട് ഏകദിന സെഞ്ച്വറി നേടത്തില്‍ സച്ചിനെ മറികടക്കുമെന്നും ഒ.ഡി.ഐ സെഞ്ച്വറിയില്‍ ഹാഫ് സെഞ്ച്വറിയടിക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ വിരാട് ഈ റെക്കോഡ് തകര്‍ത്താലും അദ്ദേഹം അതില്‍ അഭിരമിക്കില്ലെന്നും ഇന്ത്യയുടെ വിജയം മാത്രമായിരിക്കും അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടാവുകയുള്ളൂ എന്നും മുന്‍ താരം റോബിന്‍ ഉത്തപ്പ പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉത്തപ്പ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘വിരാട് റെക്കോഡ് തകര്‍ത്തുന്നതിനെ കുറിച്ചൊന്നും കാര്യമാക്കുന്നേയില്ല. ആ സെഞ്ച്വറി നേട്ടങ്ങളെക്കാളും ഇന്ത്യയുടെ വിജയത്തിനാണ് അദ്ദേഹം പരിഗണന നല്‍കുന്നത്.

ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുക എന്നത് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. അദ്ദേഹം റെക്കോഡുകളെ കുറിച്ചൊന്നും തന്നെ ചിന്തിക്കുന്നില്ല.

ഏഷ്യാ കപ്പിനിടയിലോ ലോകകപ്പിനിടയിലോ അതുമല്ലെങ്കില്‍ അവന്റെ കരിയറിന്റെ മറ്റേതെങ്കിലും ഘട്ടത്തിലോ ആ നാഴികക്കല്ല് പിന്നിട്ടാലും (സച്ചിന്റെ ഏകദിന സെഞ്ച്വറിയുടെ റെക്കോഡ്) അതൊന്നും അവന്‍ കണക്കിലെടുക്കണമെന്നില്ല. കാരണം അവന്റെ ഏക ശ്രദ്ധ ഇന്ത്യയുടെ വിജയത്തില്‍ മാത്രമാണ്, അല്ലാതെ ആ സെഞ്ച്വറി നേട്ടങ്ങളിലല്ല,’ ഉത്തപ്പ പറഞ്ഞു.

Content Highlight: Shoaib Akhtar says Virat Kohli can break Sachin Tendulkar’s record of 100 centauries

Latest Stories

We use cookies to give you the best possible experience. Learn more