2023 ഐ.സി.സി ലോകകപ്പ് ആവേശത്തോടെ തുടരുകയാണ്. കളിച്ച എട്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയും മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണുള്ളത്.
എന്നാല്‍ ക്രിക്കറ്റിലെ നിയന്ത്രണ നിയമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസതാരം ഷോയ്ബ് അക്തര്‍. രണ്ട് പന്തുകള്‍ ഉപയോഗിക്കുന്നതും യാഡ് സര്‍ക്കിളിനു പുറത്ത് കുറച്ച് ഫീല്‍ഡര്‍മാരെ മാത്രം അനുവദിക്കുന്നതിനാലും ഇന്നത്തെ ക്രിക്കറ്റ് തട്ടിപ്പാണെന്നാണ് അക്തര്‍ പറയുന്നത്.
‘ഇന്നത്തെ ക്രിക്കറ്റ് തട്ടിപ്പാണ്. രണ്ട് പുതിയ പന്തുകള്‍ ഉപയോഗിച്ച് ബാറ്റര്‍മാര്‍ ഇന്ന് 30000 റണ്‍സ് വരെ തികക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസഫ്, ജാക്ക്‌സ് കാലിസ് എന്നിവരെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അവര്‍ 50 ഓവറില്‍ റണ്‍സ് നേടിയത് ഒരു പന്ത് ഉപയോഗിച്ചായിരുന്നു. റണ്‍സ് നേടുന്നത് ആരായിരുന്നാലും ഞാന്‍ അവരുടെ കൂടെയുണ്ട്. എന്നാല്‍ യാഡ് സര്‍ക്കിളിന് പുറത്ത് ആറ് ഫീല്‍ഡര്‍മാരെ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകും,’ അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായി ഇന്നത്തെ ക്രിക്കറ്റിനെ മാറ്റി മറിക്കുകയാണെന്നും ബൗളര്‍മാരെ വെറും ബൗളിങ് യന്ത്രമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2023 ഐ.സി.സി ലോകകപ്പില്‍ വമ്പന്‍ വിജയങ്ങളും തോല്‍വികളും സംഭവിച്ചപ്പോള്‍ കാണാന്‍ സാധിച്ചത് ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും മികച്ച പ്രകടനമായിരുന്നു.
അഫ്ഗാനിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരത്തില്‍ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് വാംഖഡെയില്‍ അരങ്ങേറിയത്. വമ്പന്‍ തോല്‍വിയില്‍ നിന്നും അട്ടിമറി വിജയത്തിലേക്കുള്ള ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഒറ്റയാന്‍ പോരാട്ടം ലോകമെമ്പാടും അമ്പരപ്പോടെ കാണുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ പട 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് പടുത്തുയര്‍ത്തി.
നവംബര്‍ എട്ടിന് നടന്ന ഇംഗ്ലണ്ട്- നെതര്‍ലന്‍ഡസ് മത്സരത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. 160 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. നവംബര്‍ ഒമ്പതിന് ചിന്നസ്വാമി സ്റ്റഡിയത്തില്‍ ന്യൂസീലാന്‍ഡ്- ശ്രീലങ്ക പോരാട്ടം നടക്കാനിരിക്കുകയാണ്. സെമി ഫൈനല്‍ സാധ്യതകള്‍ ഉറപ്പിക്കാന്‍ ന്യൂസീലാന്‍ഡിന് മത്സരം നിര്‍ണായകമാണ്.
Content Highlight: Shoaib Akhtar Says Today’s Cricket Is Just A Scam