| Thursday, 5th January 2023, 3:52 pm

എന്റെ ഫാസ്റ്റസ്റ്റ് ഡെലിവറിയുടെ റെക്കോഡ് തകര്‍ക്കാന്‍ നടന്ന് ഉമ്രാന്‍ എല്ലൊടിക്കരുതെന്ന് മാത്രമാണ് പ്രാര്‍ത്ഥന: അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ഉമ്രാന്‍ മാലിക് ഒരു അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഡെലിവറി എന്ന റെക്കോഡാണ് ഉമ്രാന്‍ തന്റെ പേരിലാക്കിയത്. 155 കിലോമാറ്ററായിരുന്നു ഉമ്രാന്റെ പന്തിന്റെ വേഗം.

പാകിസ്ഥാന്‍ ലെജന്‍ഡ് ഷോയ്ബ് അക്തറിന്റെ റെക്കോഡ് ഉമ്രാന്‍ മാലിക് തകര്‍ക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. 2003 ഇംഗ്ലണ്ടിനെതിരെയായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്ത് പിറന്നത്. 161.3 കിലോമീറ്ററായിരുന്നു ആ ഡെലിവറിയുടെ വേഗം.

എന്നാല്‍ നേരത്തെ ഒരു പ്രാക്ടീസ് സെഷനിടെ ഉമ്രാന്‍ ആ റെക്കോഡ് തകര്‍ക്കുകയും ചെയ്തിരുന്നു.

മികച്ച രീതിയില്‍ പന്തെറിയുകയും ഒപ്പം ഭാഗ്യവുമുണ്ടെങ്കില്‍ അക്തറിന്റെ റെക്കോഡ് താന്‍ തകര്‍ക്കുമെന്നും എന്നാല്‍ അതിനല്ല, രാജ്യത്തിനായി മികച്ച രീതിയില്‍ കളിക്കാനാണ് താന്‍ ശ്രമിക്കുന്നത് എന്നായിരുന്നു ഉമ്രാന്‍ പറഞ്ഞത്.

ഉമ്രാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവുമായി സാക്ഷാല്‍ ഷോയ്ബ് അക്തര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഉമ്രാന്‍ ആ റെക്കോഡ് തകര്‍ക്കുകയാണെങ്കില്‍ തനിക്ക് ഏറെ സന്തോഷമാകുമെന്നായിരുന്നു അക്തറിന്റെ പ്രതികരണം. ഒപ്പം ആ നേട്ടം കൈവരിക്കുന്നതിനിടെ പരിക്ക് പറ്റിക്കരുതെന്നും അക്തര്‍ പറയുന്നു.

‘അവന്‍ എന്റെ റെക്കോഡ് തകര്‍ക്കുകയാണെങ്കില്‍ ഞാന്‍ ഏറെ സന്തോഷവാനായിരിക്കും. ആ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുന്നതിനിടെ അവന്‍ എല്ലൊടിക്കില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫിറ്റായി തുടരാനാണ് എന്റെ ഉപദേശം,’ അക്തര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ റെക്കോഡ് തകര്‍ത്തായിരുന്നു ഉമ്രാന്‍ മാലിക് ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത്. 2018ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ജസ്പ്രീത് ബുംറ 153.36 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിരുന്നു. ഈ റെക്കോഡാണ് ഉമ്രാന്‍ മാലിക് മറികടന്നത്.

155 കിലോമീറ്ററായിരുന്നു ഉമ്രാന്റെ പന്തിന്റെ വേഗത. മത്സരത്തിലെ വേഗതയേറിയ പന്തും ഇതുതന്നെ. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ഉമ്രാന്‍ ഇന്ത്യന്‍ നിരയില്‍ തരംഗമായത്. 6.75 ആയിരുന്നു താരത്തിന്റെ എക്കോണമി.

ചരിത് അസലങ്കയെയും ക്യാപ്റ്റന്‍ ദാസുന്‍ ഷണകയെയുമാണ് ഉമ്രാന്‍ മടക്കിയത്. ശ്രീലങ്കയെ വിജയത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്ന ഷണകയുടെ വിക്കറ്റ് വീഴ്ത്തിയ ഉമ്രാനാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരച്ചുകൊണ്ടുവന്നത്.

ബൗണ്ടറി ലക്ഷ്യമാക്കി ഷോട്ട് കളിച്ച ഷണകയെ ചഹലിന്റെ കൈകളിലെത്തിച്ചാണ് ഉമ്രാന്‍ മടക്കിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ നിര്‍ണായക പങ്കായിരുന്നു ഉമ്രാന്‍ വഹിച്ചത്. രണ്ടാം മത്സരത്തിലും ഇന്ത്യയുടെ തുറുപ്പ് ചീട്ട് ഉമ്രാന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല.

Content Highlight: Shoaib Akhtar’s advice to Umran Malik

Latest Stories

We use cookies to give you the best possible experience. Learn more