|

പണ്ടാണെങ്കില്‍ എന്നെയും വിരാട് അടിച്ചുതൂക്കിയേനെ, എന്നാല്‍ അങ്ങേര്‍ക്കെതിരെ പറ്റില്ല; ഈ തലമുറയിലെ ഏറ്റവും മികച്ചവന്‍: അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലി ഈ തലമുറയിലെ ഏറ്റവും മികച്ച താരമാണെന്ന് മുന്‍ പാക് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍. വിരാടിനെ സച്ചിനോടുപമിച്ച അക്തര്‍ താരം നൂറ് സെഞ്ച്വറി നേടണമെന്നും പറഞ്ഞു.

ഐ.എല്‍.ടി-20യിലെ സൈഡ് ലൈന്‍ റിപ്പോര്‍ട്ടിങ്ങിനിടെയാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.

‘അന്ന് സച്ചിന്‍ ഒരു പന്ത് മാത്രം ഉപയോഗിച്ചാണ് കളിച്ചിരുന്നത്. അന്ന് ഒരു സര്‍ക്കിള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നാണെങ്കില്‍ സച്ചിന്‍ കൂറേക്കൂടി റണ്‍സ് നേടുമായിരുന്നു.

റിക്കി പോണ്ടിങ്ങിനും ബ്രയാന്‍ ലാറക്കുമൊപ്പം അദ്ദേഹം എക്കാലെത്തെയും മികച്ച താരമാണ്. ഷെയ്ന്‍ വോണും വസീം അക്രവും എക്കാലത്തെയും മികച്ച താരങ്ങള്‍ തന്നെ. വിരാട് അവര്‍ക്കൊപ്പമെത്താന്‍ മത്സരിക്കുകയായിരുന്നു.

ഞങ്ങളുടെ കാലത്തായിരുന്നെങ്കില്‍ അവന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമായിരുന്നു, എന്നിരുന്നാലും അവന്‍ ഇപ്പോള്‍ സ്‌കോര്‍ ചെയ്യുന്നത് പോലെ തന്നെ റണ്‍സ് നേടിയേനെ. എന്നെ പോലെയുള്ളവര്‍ ഇതുപോലെ തന്നെ അടിവാങ്ങേണ്ടിയും വന്നേനെ. എന്നാല്‍ വസീം അക്രമിനെതിരെ കളിക്കുന്നത് ഒട്ടും എളുപ്പമല്ല.

വിരാട് വിരാടാണ്. അവന്‍ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററാണ്. രണ്ട് തലമുറകളും തമ്മില്‍ ഒരിക്കലും ഒരു താരതമ്യത്തിനും സാധ്യതയില്ല. വിരാടിന് എല്ലാ വിധ അഭിനന്ദനങ്ങളും. അവന്‍ നൂറ് സെഞ്ച്വറി നേടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ അക്തര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനും ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒന്നാമനുമാണ് വിരാട്. 80 സെഞ്ച്വറി നേട്ടങ്ങളാണ് ഇതുവരെ വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 100 സെഞ്ച്വറി നേടിയ സച്ചിന്‍ മാത്രമാണ് നിലവില്‍ വിരാടിന് മുമ്പിലുള്ളത്.

522 അന്താരാഷ്ട്ര മത്സരത്തില്‍ നിന്നും 26,199 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് വിരാട്.

54.11 ശരാശരിയില്‍ റണ്ണടിക്കുന്ന വിരാട് 139 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 50 സെഞ്ച്വറി നേടിയ ഏക താരവും വിരാട് തന്നെ.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനമാണ് ഇനി വിരാടിന് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജനുവരി 25നാണ് പരമ്പരയിലെ ആദ്യ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content Highlight: Shoaib Akhtar praises Virat Kohli