സൗത്ത് ആഫ്രിക്കക്കെതിരായ വമ്പന്‍ ജയത്തിന് ശേഷം ഇന്ത്യന്‍ ബൗളിങ് നിരയെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷോയ്ബ് അക്തര്‍. മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ആഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്ത ഇന്ത്യ ലോകകപ്പില്‍ വിജയ കുതിപ്പ് തുടരുകയാണ്. ഇതോടെ കളിച്ച എട്ട് മത്സരവും വിജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ മിന്നും പ്രകടനമാണ് ഷോയ്ബ് അക്തറിനെ അതിശയപ്പെടുത്തിയത്.
‘ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയിട്ടും ക്രെഡിറ്റ് അവര്‍ക്ക് കിട്ടുന്നില്ല. ബാറ്റര്‍മാര്‍ക്ക് വേണ്ടി ചെയ്യുന്നതുപോലെ ഇന്ത്യന്‍ ബൗളര്‍മാരെയും അടിസ്ഥാനപരമായി പരിഗണിക്കേണ്ട സമയമാണിത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളിങ് ആഘോഷിക്കേണ്ട സമയമാണിത്, കാരണം അവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്,’ അക്തര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
തെംപ ബാവുമ, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, കഗീസോ റബാദ എന്നിവരുടെ വിക്കറ്റുകള്‍ നേടി മിന്നും പ്രകടനാണ് രവീന്ദ്ര ജഡേജ നടത്തിയത്. ഒമ്പത് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് ജഡ്ഡു നേട്ടം കൈവരിച്ചത്. റാസി വാന്‍ ഡെര്‍ ഡസണ്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും, രണ്ട് വിക്കറ്റ് നേടി കുല്‍ദീപ് യാദവും തിളങ്ങി. കളിയുടെ തുടക്കത്തില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കിയിരുന്നു. ജസ്പ്രീത് ബുംറ വിക്കറ്റൊന്നും എടുത്തില്ലെങ്കിലും 5 ഓവറില്‍ 2.80 എന്ന എക്കണോമിയില്‍ ബൗള്‍ ചെയ്ത് സൗത്ത് ആഫ്രിക്കന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ഇന്ത്യന്‍ ബൗളിങ് നിരക്കെതിരെ പൊരുതിത്തോറ്റ സൗത്ത് ആഫ്രിക്കയോടുള്ള നിരാശയും അക്തര്‍ പ്രകടിപ്പിച്ചു.
‘സൗത്ത് ആഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ കുടുങ്ങുകയായിരുന്നു. നായകന്‍ തെംപ ബാവുമ പോലും ഇന്ത്യന്‍ പേസര്‍മാരെ ആക്രമിച്ചില്ല. അദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്യണമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 121 പന്തില്‍ 101 റണ്‍സിന് പുറത്താകാതെയാണ് കോഹ്‌ലി തന്റെ കരിയറിലെ 49ാം ഏകദിന സെഞ്ച്വറി നേടിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ ലോകറെക്കോഡിനൊപ്പമാണ് വിരാട്. ശ്രേയസ് 77 (87) റണ്‍സും രോഹിത് ശര്‍മ 40 (24) റണ്‍സുമെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഒന്നിന് പിറകെ ഒന്നായി തകര്‍ന്ന് വീഴുന്നതാണ് കാണാന്‍ സാധിച്ചത്. യാന്‍സന്‍ 14 (30) റണ്‍സും റസീ വാന്‍ ഡേര്‍ ഡസണ്‍ 13 (32) റണ്‍സും ഡേവിഡ് മില്ലര്‍ 11 (11) റണ്‍സുമാണ് നേടിയത്.
Content Highlight: Shoaib Akhtar Praises Indian Bowlers