ലോകകപ്പില്‍ കളിച്ച എല്ലാ മത്സരവും വിജയിച്ച് ഇന്ത്യ അപരാജിത കുതിപ്പ് തുടരുകയാണ്. ആറ് മത്സരത്തില്‍ ആറും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ തുടരുന്നത്.
ടീമിന്റെ ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതാണ് ആരാധകര്‍ക്ക് ഏറെ ആവേശത്തിലാഴ്ത്തുന്നത്. ഒരു കൂട്ടം മികച്ച താരങ്ങള്‍ എന്നതിലുപരി ടീം എന്ന നിലയിലും മെന്‍ ഇന്‍ ബ്ലൂവിന് നിലവില്‍ വീക്ക്‌നെസ്സുകളില്ല.
ലോകകപ്പിലെ അണ്‍ബീറ്റണ്‍ റണ്‍ തുടരുന്നതിനിടെ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് യൂണിറ്റിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍.
ഇന്ത്യയുടെ ബൗളര്‍മാര്‍ ലോകകപ്പ് ചാര്‍ട്ടുകള്‍ ഭരിക്കുകയാണെന്നായിരുന്നു അക്തര്‍ പറഞ്ഞത്.
‘ഇന്ത്യക്ക് മത്സരങ്ങള്‍ വിജയിക്കാന്‍ ഇനി ബാറ്റര്‍മാരുടെ ആവശ്യമില്ല. അവരുടെ ബൗളേഴ്‌സ് ലോകകപ്പ് ചാര്‍ട്ടുകള്‍ ഭരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരം തന്നെ നോക്കൂ, അവര്‍ 229 റണ്‍സ് ഡിഫന്‍ഡ് ചെയ്യുകയും നൂറ് റണ്‍സിന് വിജയിക്കുകയും ചെയ്തു,’ അക്തര്‍ പറഞ്ഞു.
ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനാല്‍ ടീമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമിയാണ് ബൗളിങ് യൂണിറ്റിനെ നയിക്കുന്നത്. രണ്ട് മത്സരത്തില്‍ നിന്നും ഒരു ഫൈഫറും ഒരു ഫോര്‍ഫറുമായി ഒമ്പത് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ടീമിലെത്തിയ ആദ്യ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചും ഷമിയായിരുന്നു.
ഷമിക്കൊപ്പം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് നിരയില്‍ കരുത്താകുമ്പോള്‍ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് എതിര്‍ ടീം ബാറ്റര്‍മാരെ കറക്കി വീഴ്ത്തുന്നത്.
വരും മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ലോകകപ്പിലെ അപരാജിത കുതിപ്പും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ എന്ന പേരും ഇന്ത്യക്ക് തുടരാന്‍ സാധിക്കും.
ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. നവംബര്‍ രണ്ടിന് നടക്കുന്ന മത്സരത്തിന് മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദിയാകുന്നത്.
Content Highlight: Shoaib Akhtar praises Indian bowlers