ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മയെ പുകഴ്ത്തി മുന്‍ പാക് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ഷോയ്ബ് അക്തര്‍. അഭിഷേകിന്റെ കാലത്തല്ല ഞാന്‍ പന്തെറിഞ്ഞത് എന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും അഭിഷേക് ഇന്ത്യയുടെ ഭാവി താരമാണെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു.
ദുബായില്‍ വെച്ച് അഭിഷേക് ശര്‍മയെ കണ്ടുമുട്ടിയതും തുടര്‍ന്ന് നടന്ന സംഭാവഷണവുമെല്ലാം അക്തര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Just ran into an exceptional talent Abhishek Sharma here in Dubai. He’ll do wonders in years to come. pic.twitter.com/8u6RNMZooS
— Shoaib Akhtar (@shoaib100mph) February 22, 2025
‘ഞാന്‍ ഈ യുഗത്തിലല്ല ജനിച്ചത് എന്നതില്‍ ഏറെ സന്തോഷിക്കുന്നു, അതിന് കാരണം ഈ കൊച്ചുപയ്യനാണ്. അവനൊരു സെഞ്ച്വറി നേടി, അത് ഏറെ മികച്ചതായിരുന്നു.
തന്റെ സ്‌ട്രെങ്ത് ഒരിക്കലും കൈവിടരുതെന്നും തന്നെക്കാള്‍ മികച്ചവരുമായി എല്ലായ്‌പ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കണമെന്നും ഞാന്‍ അഭിഷേകിനെ ഉപദേശിക്കും. വളരെ മികച്ച ഒരു കരിയര്‍ അവന് മുമ്പിലുണ്ട്.
അവന് എല്ലാ വിധ ആശംസകളും നേരുന്നു. മുന്നോട്ട് പോകൂ, എല്ലാ റെക്കോഡുകളും തകര്‍ക്കൂ. ഇവന്‍ ഇന്ത്യയുടെ റൈസിങ് സ്റ്റാറാണ്,’ അക്തര്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടി-20യില്‍ അഭിഷേകിന്റെ കരുത്തില്‍ ഇന്ത്യ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 54 പന്തില്‍ നിന്നും 135 റണ്‍സാണ് താരം സ്വന്തമാക്കിയത്. 13 സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അന്താരാഷ്ട്ര ടി-20യിലെ 16 ഇന്നിങ്‌സില്‍ നിന്നും 33.43 ശരാശരിയില്‍ 535 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമാണ് ടി-20 കരിയറില്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
അതേസമയം, ഐ.പി.എല്‍ 2025ന്റെ മുന്നൊരുക്കത്തിലാണ് അഭിഷേക് ശര്‍മ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായാണ് താരം ബാറ്റേന്തുന്നത്. മെഗാ താരലേലത്തിന് മുന്നോടിയായി ഓറഞ്ച് ആര്‍മി നിലനിര്‍ത്തിയ താരങ്ങളില്‍ പ്രധാനിയും അഭിഷേക് തന്നെയായിരുന്നു.
Content highlight: Shoaib Akhtar praises Abhishek Sharma