ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് ടുര്‍ണ്ണമെന്റിലെ കലാശപ്പോരിന് ഒരു മത്സരം മാത്രം അകലെ കളത്തിനകത്തും പുറത്തും ക്രിക്കറ്റ് ആവേശം വാനോളമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ – പാക്ക് മത്സരം വീണ്ടുമെത്തിയ ഏഷ്യകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരത്തിലും തോല്‍ക്കാനായിരുന്നു പാക്കിസ്താന്റെ വിധി.
തോല്‍വിയില്‍ പാക്ക് ആരാധകരുടെ ഭാഗത്തുനിന്നും കോച്ചിന്റെ ഭാഗത്തുനിന്നും രൂക്ഷവിമര്‍ശനമാണ് ടീം നേരിട്ടത്. ഇന്ത്യക്കെതിരെ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനുകാരണം ബാറ്റ്സ്മാന്‍മാര്‍ ഉത്തരവാദിത്വമില്ലാതെ ബാറ്റുവീശിയിതിനാലെന്ന് പാകിസ്ഥാന്‍ മുഖ്യ പരിശീലകന്‍ മിക്കി ആര്‍തര്‍ പറഞ്ഞിരുന്നു. ഏഷ്യ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ കനത്ത പരാജയമേറ്റു വാങ്ങിയ പാക്കിസ്ഥാന്‍ ടീമിന്റെ പാളിച്ചകളെക്കുറിച്ച് തുറന്നടിക്കുകയായുരുന്നു മിക്കി ആര്‍തര്‍.
Read Also : മോദിക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ തോല്‍വിയെക്കുറിച്ച് പരിഹാസരൂപേണ ചോദ്യങ്ങള്‍ ചോദിച്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയോട് ദേഷ്യപ്പെട്ടുകൊണ്ടാണ് മുന്‍ പാക് ഷൊയൈബ് അക്തര്‍ പ്രതികരിച്ചത്. ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ തുടച്ചുനീക്കപ്പെട്ടുവെന്നും ഇനിയും ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുകയെന്നുമായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ താങ്കള്‍ ക്രിക്കറ്റിനെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ മറുപടി നല്‍കാമെന്നും അല്ലാതെ പാക്കിസ്ഥാന്‍ ഒലിച്ചുപോയി എന്നൊക്കെ പറഞ്ഞാല്‍ മറുപടി നല്‍കാനാവില്ലെന്നും അക്തര്‍ തുറന്നു പറഞ്ഞു.
എ.ബി.പി ന്യൂസ് അവതാരകയോടാണ് അക്തര്‍ ടെലിവിഷന്‍ ചര്‍ച്ചക്കിടെ ദേഷ്യപ്പെട്ടത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും സന്ദീപ് പാട്ടീലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ പാക്കിസ്ഥാനെ ആധികാരികമായി കീഴടക്കിയിരുന്നു. ഇന്ന് നടക്കുന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മത്സര വിജയികളാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.