അടിയുടെ പൊടിപൂരമായിരുന്നു ഏഷ്യാ കപ്പിലെ പാക്-അഫ്ഗാന്‍ മത്സരം. ഗ്രൗണ്ടിലും സ്റ്റേഡിയത്തിലും വാക്കേറ്റവും ഒച്ചപ്പാടും ബഹളവും തന്നെ.
കളിക്കിടയില്‍ അഫ്ഗാന്‍ താരവും പാക് താരവും തമ്മില്‍ ഒന്ന് ഉരസിയിരുന്നെങ്കിലും അത് വലിയ കാര്യമായില്ല. പക്ഷെ, കളിക്ക് ശേഷം നടന്നത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫാന്‍ഫൈറ്റുകളിലൊന്നായിരുന്നു.
കളിയില്‍ തോറ്റതിന്റെ രോഷം സ്റ്റേഡിയത്തിലെ കസേരകളോടായിരുന്നു അഫ്ഗാന്‍ ആരാധകര്‍ തീര്‍ത്തത്. നാലു പാടും കസേരകള്‍ പറക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
കളി കാണാനെത്തിയ പാക് ആരാധകര്‍ക്ക് നേരെയും അഫ്ഗാനികള്‍ രോഷം പ്രകടിപ്പിച്ചു. ഇരു ടീമിന്റെയും ഫാന്‍സ് തമ്മില്‍ കയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ നീങ്ങിയിരുന്നു.
ഇതൊക്കെ ഒരു രീതിയില്‍ കെട്ടടങ്ങിയപ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ അടുത്ത തല്ല് തുടങ്ങി. അടിപിടിയുടെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് പാക് മുന്‍താരം ഷൊയിബ് അക്തറെത്തുകയായിരുന്നു. അഫ്ഗാന്‍ ഫാന്‍സിനെ കണക്കിന് വിമര്‍ശിക്കുന്ന കുറച്ച് വാചകങ്ങളും കൂടി ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
This is what Afghan fans are doing.
This is what they’ve done in the past multiple times.This is a game and its supposed to be played and taken in the right spirit.@ShafiqStanikzai your crowd & your players both need to learn a few things if you guys want to grow in the sport. pic.twitter.com/rg57D0c7t8— Shoaib Akhtar (@shoaib100mph) September 7, 2022
‘ദേ കണ്ടില്ലേ, ഇതാണ് അഫ്ഗാന്‍ ഫാന്‍സ് ചെയ്യുന്നത്. ഇതിപ്പൊ കുറെ തവണയായി ഇവന്മാരിത് തന്നെ ചെയ്യുന്നു. ഇതൊരു കളിയാണ്. അതിനെ അതുപോലെ തന്നെ കാണാനും മനസിലാക്കാനും ശ്രമിക്കണം,’ ട്വീറ്റിന്റെ ആദ്യ ഭാഗത്ത് പറയുന്നു.
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ സി.ഇ.ഒ ഷാഫിഖ് സ്റ്റാനിക്‌സായിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അക്തറിന്റെ അടുത്ത വരി. ഇതാണ് ട്വിറ്റര്‍ തല്ലുമാലക്ക് തുടക്കം കുറിച്ചത്.
‘ഷാഫിഖ് സ്റ്റാനിക്‌സായ്, കായികലോകത്ത് വളരണമെങ്കില്‍ നിങ്ങളുടെ ഈ നാട്ടുകാരും പിന്നെ നിങ്ങളുടെ കളിക്കാരും കുറച്ച് കാര്യങ്ങള്‍ ഒന്നു പഠിക്കേണ്ടി വരും,’ അക്തര്‍ പറഞ്ഞു.
പറയണോ പൂരം… ഈ ട്വീറ്റിന് മറുപടിയായി സ്റ്റാനിസ്‌കായ് എത്തി. ആളുകളുടെ വികാരത്തെ നിയന്ത്രിക്കാനാകില്ലെന്നും രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കരുതെന്നും സ്റ്റാനിസ്‌കായ് പറഞ്ഞു.
‘ജനക്കൂട്ടത്തിന്റെ വികാരത്തെ അങ്ങനെ നിയന്ത്രിക്കാനാകില്ല. ഇത് ആദ്യത്തെ സംഭവവുമൊന്നുമല്ല. നേരത്തെയും പലതവണ ക്രിക്കറ്റില്‍ ഇതൊക്കെ സംഭവിച്ചിട്ടുണ്ട്. പിന്നെ ഞങ്ങള്‍ എങ്ങനെയാണ് ടീമിനെ നോക്കുന്നതെന്ന് അറിയണമെങ്കില്‍ കബീര്‍ ഖാനോടും ഇന്‍സമാം ഭായിയോടും റാഷിദ് ലത്തീഫിനോടും ഒന്ന് ചോദിച്ചാല്‍ മതി. അവര് നല്ല വ്യക്തമായി പറഞ്ഞു തരും.
പിന്നെ ഒരു ഉപദേശം തരാം. അടുത്ത തവണ സംസാരിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കണം, വെറുതെ രാജ്യത്തെ പറ്റിയൊന്നും പറയാന്‍ നില്‍ക്കണ്ട,’ സ്റ്റാനിസ്‌കായിയുടെ ട്വീറ്റില്‍ പറയുന്നു.
You can’t control the emotions of the crowd and such incidents happened in the world of cricket multiple, you should go ask Kabir Khan, Inzimam Bhai and @iRashidLatif68 how we treated them. Am giving you an advice next time baat ko nation pe Mat lena https://t.co/JQTgzWBNqL
— Shafiq Stanikzai (@ShafiqStanikzai) September 7, 2022
അവസാന ഓവര്‍ വരെ ആവേശം തുടര്‍ന്ന മത്സരത്തില്‍, ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സായിരുന്നു നേടിയത്. 130 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ പതിനാറാം ഓവര്‍ വരെ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടി പതറി. 118 റണ്‍സാകുമ്പോഴേക്കും ഒമ്പത് വിക്കറ്റും നഷ്ടപ്പെട്ടു.
എന്നാല്‍ അവസാന ഓവറില്‍ നസീം ഷാ നടത്തിയ മിന്നും പ്രകടനം പാകിസ്ഥാനെ വിജയത്തിലെത്തിച്ചു. ആറ് ബോളില്‍ നിന്നും 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ ലക്ഷ്യം ആദ്യ രണ്ട് പന്തില്‍ സിക്‌സര്‍ പായിച്ചുകൊണ്ട് നസീം ഷാ നേടുകയായിരുന്നു.
Content Highlight: Shoaib Akhtar, Ex Afghanistan Cricket Chief’s Fight in Twitter