| Friday, 11th November 2022, 4:35 pm

ഫൈനലില്‍ പാകിസ്ഥാനെ നേരിടാന്‍ ഒരു മിനിമം യോഗ്യതയൊക്കെ വേണം, എന്നാല്‍ അവന്‍മാര്‍ക്കതില്ല; ഇന്ത്യക്കെതിരെ പരിഹാസവുമായി പാക് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ സെമി ഫൈനലിലെ മോശം പ്രകടനത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ഇന്ത്യന്‍ ടീം വിമര്‍ശന ശരങ്ങളേറ്റുവാങ്ങുകയാണ്. വീണുകിടക്കുന്ന ഇന്ത്യന്‍ ടീമിനെ ഒന്നുകൂടി ചവിട്ടിത്താഴ്ത്താന്‍ പല സൂപ്പര്‍ താരങ്ങളും പരിഹാസവുമായും രംഗത്തെത്തിയിരുന്നു.

ഇക്കൂട്ടത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയവരില്‍ പ്രധാനിയായിരുന്നു മുന്‍ പാക് സൂപ്പര്‍ താരം ഷോയിബ് അക്തര്‍. ഇന്ത്യയുടേത് നാണംകെട്ട തോല്‍വിയായിരുന്നുവെന്നും ടീമിന് ഫൈനല്‍ കളിക്കാന്‍ യോഗ്യതയില്ലെന്നും അക്തര്‍ പറയുന്നു.

ഇന്ത്യ ഒറ്റ മത്സരത്തില്‍ പോലും യൂസ്വേന്ദ്ര ചഹലിനെ കളിപ്പിച്ചില്ലെന്നും അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും അക്തര്‍ പറഞ്ഞു.

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയെ സംബന്ധിച്ച് ഇത് നാണംകെട്ട തോല്‍വിയാണ്. അവര്‍ മോശം രീതിയിലാണ് കളിച്ചത്, അവര്‍ തോല്‍വി അര്‍ഹിക്കുന്നവരാണ്. അവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാനുള്ള യാതൊരു യോഗ്യതയും ഇന്ത്യക്കില്ല.

അവരുടെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിന്റെ പോരായ്മകള്‍ തുറന്നുകാട്ടപ്പെട്ടു. ഓസ്‌ട്രേലിയയിലെ സാഹചര്യം പേസ് ബൗളിങ്ങിന് അനുകൂലമാണ്, എന്നാല്‍ ഇന്ത്യക്കൊപ്പം ഒരു മികച്ച പേസര്‍ ഇല്ലാതെ പോയി.

എനിക്കറിയില്ല അവര്‍ എന്തുകൊണ്ടാണ് ചഹലിനെ കളിപ്പിക്കാതിരുന്നതെന്ന്. ഇന്ത്യയുടെ ടീം സെലക്ഷന്‍ വളരെ കണ്‍ഫ്യൂസിങ്ങാണ്,’ അക്തര്‍ പറഞ്ഞു.

ഇന്ത്യ – പാക് ഫൈനല്‍ മത്സരത്തിനാണ് താന്‍ കാത്തിരിക്കുന്നതെന്നും ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് പാകിസ്ഥാന്‍ കിരീടം നേടണമെന്നതാണ് തന്റെ ആഗ്രഹമെന്നും അക്തര്‍ നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചത്. ഇന്ത്യയുയര്‍ത്തിയ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ത്രീ ലയണ്‍സ് മറികടക്കുകയായിരുന്നു.

ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു പാകിസ്ഥാന്‍ സെമിയില്‍ പ്രവേശിച്ചത്. ഒരു ഘട്ടത്തില്‍ സെമി കാണാതെ പുറത്താവുമെന്ന് കരുതിയ പാകിസ്ഥാന്‍ വീണുകിട്ടിയ അവസരം വിനിയോഗിക്കുകയായിരുന്നു.

നവംബര്‍ 13നാണ് ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനല്‍ മത്സരം. മെല്‍ബണാണ് വേദി.

Content Highlight: Shoaib Akhtar criticized the Indian team after losing in the semi-finals

We use cookies to give you the best possible experience. Learn more