ലോകകപ്പിലെ മോശം ഫീല്‍ഡിങ്ങില്‍ പാകിസ്ഥാന്‍ ടീമിനെ രൂക്ഷമായി വിമര്‍ഷിച്ച് പാക് ലെജന്‍ഡ് ഷോയ്ബ് അക്തര്‍. ഫീല്‍ഡിങ്ങിലെ മോശം പ്രകടനത്തെയാണ് അക്തര്‍ വിമര്‍ശിച്ചത്.
ക്യാച്ചസ് കാന്‍ വിന്‍ മാച്ചസ് എന്ന വാക്യം ക്രിക്കറ്റില്‍ എത്രത്തോളം പ്രധാനമാണെന്ന് കാണിച്ചുതന്നെ മത്സരം കൂടിയായിരുന്നു ഇത്. ഡേവിഡ് വാര്‍ണറിനെ രണ്ട് തവണ കൈവിട്ടതടക്കം ഫീല്‍ഡിങ്ങിലെ മോശം പ്രകടനം പാകിസ്ഥാനെ തിരിഞ്ഞുകൊത്തുകയായിരുന്നു.
വ്യക്തിഗത സ്‌കോര്‍ പത്തില്‍ നില്‍ക്കവെയാണ് ഡേവിഡ് വാര്‍ണറിന് ആദ്യ ലൈഫ് ലഭിക്കുന്നത്. ഷഹീന്‍ ഷാ അഫ്രിദിയുടെ ഡെലിവെറിയില്‍ ഷോട്ട് കളിച്ച വാര്‍ണറിന് പിഴച്ചു. മിഡ് ഓണില്‍ ഒസാമ മിറിന്റെ കയ്യില്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും താരം ക്യാച്ച് കൈവിട്ടുകളയുകയായിരുന്നു.
വാര്‍ണര്‍ 101ല്‍ നില്‍ക്കവെയാണ് അടുത്ത ലൈഫും താരത്തിന് ലഭിക്കുന്നത്. ആദ്യ അവസരത്തിന് സമാനമെന്നോണം ഒസാമ മിര്‍ തന്നെയാണ് വാര്‍ണറിനെ വീണ്ടും കൈവിട്ടുകളഞ്ഞത്.
വീണ്ടും ലൈഫ് ലഭിച്ച വാര്‍ണര്‍ 62 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 163 റണ്‍സ് നേടിയാണ് ഓസീസ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. 62 റണ്‍സിനാണ് പാകിസ്ഥാന്‍ തോറ്റത് എന്നതും രസകരമായ വസ്തുതയാണ്.
സ്റ്റീവ് സ്മിത്തിനെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ക്യാപ്റ്റന്‍ ബാബറും നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ സ്‌കോര്‍ ബോര്‍ഡിനെ അധികം ബുദ്ധിമുട്ടിക്കാതെ സ്മിത് ഏഴ് റണ്‍സിന് പുറത്തായി.
ഇതിന് പിന്നാലെയാണ് അക്തര്‍ രംഗത്തെത്തിയത്. പാകിസ്ഥാന്‍ ടീമിന് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നും എതിരാളികള്‍ നല്‍കുന്ന അവസരങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കണമെന്നുമാണ് അക്തര്‍ പറഞ്ഞത്.
എക്‌സിലൂടെയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ വിമര്‍ശനം.
‘നിങ്ങള്‍ക്ക് ഒരു അവസരവും സഷ്ടിക്കാന്‍ കഴിയുന്നില്ല. ബാറ്റര്‍മാര്‍ നല്‍കുന്ന അവസരമെങ്കിലും ഉപയോഗിക്കൂ. നിങ്ങള്‍ക്ക് ഇത്രയും ക്യാച്ചുകള്‍ വിട്ടുകളയാന്‍ സാധിക്കില്ല,’ അക്തര്‍ കുറിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ച്വറി കരുത്തില്‍ 367 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 305 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഒക്ടോബര്‍ 23നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മാച്ചില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.
Content highlight: Shoaib Akhtar criticize Pakistan team