|

50 സെഞ്ച്വറി രോഹിത്തിന് വലിയ കാര്യമല്ല; ഷൊയ്ബ് അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ വമ്പന്‍ വിജയം നേടിയതോടെ ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മുഹമ്മദ് ഷമി നേടിയ ഏഴ് വിക്കറ്റിന്റെ ചരിത്രനേട്ടവും വിരാട് കോഹ്‌ലിയുടെ 50ാം സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ വേഗമേറിയ സെഞ്ച്വറിയും ഇന്ത്യല്‍ വിജയത്തെ അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസം ഷൊയ്ബ് അക്തര്‍. വിരാട് കോഹ്‌ലിയെപ്പോലെ രോഹിത്തിനും 50 സെഞ്ച്വറികള്‍ നേടാന്‍ കഴിയുമെന്നും അദ്ദേഹം ടീമിന് നിര്‍ണായകമായ റോളാണ് കൈകാര്യം ചെയ്യുന്നതെന്നും പറഞ്ഞു.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച 5 പവര്‍ പ്ലേ സ്‌കോറുകളില്‍ നാലെണ്ണം ഈ ടൂര്‍ണമെന്റില്‍ നിന്നുള്ളതാണ്. പവര്‍ പ്ലേ കൂടുതല്‍ മുതലാക്കി ടീമിന് മികച്ച അടിത്തറ നല്‍കുന്നതില്‍ മാത്രമാണ് രോഹിത് ശ്രദ്ധ നല്‍കിയത്.

‘അദ്ദേഹത്തിനും 50 ഏകദിന സെഞ്ച്വറികള്‍ നേടാമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും അത് ചെയ്യാന്‍ കഴിയും, അത് അദ്ദേഹത്തിന് വലിയ കാര്യമല്ല. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത് മികച്ചവനാണ്. തുടക്കത്തില്‍ തന്നെ എതിര്‍ ടീമിനെ അദ്ദേഹം അടിച്ചു പറത്തുകയാണ്,’

രോഹിത് അക്രമ രീതിയിലുള്ള ബാറ്റിങ്ങിലൂടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്. മത്സരങ്ങളില്‍ ഓപ്പണിങ് അക്രമാസക്തമായി കളിക്കുന്നത് രോഹിത്തിന്റെ വലിയ പ്രത്യേകതയാണ്. അതാണ് അദ്ദേഹം പുറത്താകാനുള്ള കാരണവും.

ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ രോഹിത് ശര്‍മ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 47 റണ്‍സ് നേടിയ രോഹിത് എതിരാളികളെ മികച്ച രീതിയിലാണ് അക്രമിച്ചത്. 167.7 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇടിവെട്ട് പ്രകടനത്തിനൊടുവില്‍ ടിം സൗത്തി എറിഞ്ഞ പന്ത് ഉയര്‍ത്തിയടിച്ച ഹിറ്റ്മാന്റെ ക്യാച്ച് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ കയ്യില്‍ പെടുകയായിരുന്നു.

Content Highlight: Shoaib Akhtar congratulates Rohit Sharma.