| Monday, 24th July 2023, 8:03 pm

ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിന് ശേഷം ടെസ്റ്റിന്റെ തലവര മാറ്റാന്‍ പാക്‌ബോള്‍; ചര്‍ച്ചയായി കളിശൈലി

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് ബ്രണ്ടന്‍ മക്കെല്ലം ബാസ്‌ബോള്‍ ശൈലി അവതരിപ്പിച്ചത്. ടെസ്റ്റിന്റെ മെല്ലെപ്പോക്കിനെ മാറ്റിയെടുത്ത് നേരിടുന്ന ഓരോ പന്തും ആക്രമിച്ചു കളിക്കുന്ന രീതിയിലാണ് മക്കെല്ലം ബാസ്‌ബോളിനെ അവതരിപ്പിച്ചത്.

മക്കെല്ലത്തിന്റെ ഐഡിയ ഇംഗ്ലണ്ട് ടീം കൃത്യമായി എക്‌സിക്യൂട്ട് ചെയ്തതോടെ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ പിറന്നത് ചരിത്രമായിരുന്നു. പിന്നീട് ടെസ്റ്റില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നതിനെ ബാസ്‌ബോള്‍ എന്ന് പൊതുവെ വിളിച്ചുപോരുകയും ചെയ്തു.

പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച രീതിയിലാണ് ബാബറും സംഘവും ബാറ്റ് വീശുന്നത്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനെ അനുസ്മരിപ്പിക്കും വിധം ലങ്കന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്താണ് പാക് ബാറ്റര്‍മാര്‍ മുന്നേറിയത്.

പാക് പടയുടെ ഈ അറ്റാക്കിങ് അപ്രോച്ചിന് പുതിയ പേര് നല്‍കിയിരിക്കുകയാണ് ഇതിഹാസ താരം ഷോയ്ബ് അക്തര്‍. പാക്‌ബോള്‍ എന്നാണ് അദ്ദേഹം ഈ ശൈലിയെ വിശേഷിപ്പിച്ചത്.

അക്തറിന്റെ വാക്കുകള്‍ക്ക് പിന്നാലെ പാക്‌ബോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. നിരവധി ആരാധകരാണ് പാകിസ്ഥാന്‍ ടീമിനെയും അവരുടെ പുതിയ ശൈലിയെയും പ്രശംസിച്ച് രംഗത്തെത്തിയത്.

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരിലെ ആദ്യ ടെസ്റ്റ് പാകിസ്ഥാന്‍ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. ധനഞ്ജയ ഡി സില്‍വയെന്ന ലങ്കയുടെ ബ്രഹ്‌മാസ്ത്രത്തിന് മറുപടിയായി പാകിസ്ഥാന്‍ മറുപടി നല്‍കിയത് സൗദ് ഷക്കീല്‍ എന്ന തങ്ങളുടെ വജ്രായുധം കൊണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടി പാകിസ്ഥാന് ലീഡ് സമ്മാനിച്ച ഷക്കീല്‍ രണ്ടാം ഇന്നിങ്‌സിലും കരുത്ത് കാട്ടി.

കൊളംബോയിലെ സിംഹളീസ് ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന രണ്ടാം മത്സരത്തിലും പാകിസ്ഥാനാണ് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സിന്റെ ആദ്യ ദിവസം തന്നെ ലങ്കയെ 166 റണ്‍സിന് ഓള്‍ ഔട്ടാക്കിയ പാകിസ്ഥാന്‍ ബാറ്റിങ് തുടരുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടിയിരിക്കുകയാണ്.

ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖ്, 47 പന്തില്‍ 51 റണ്‍സ് നേടിയ ഷാന്‍ മസൂദ് എന്നിവരെയാണ് ആദ്യ ദിനം പാകിസ്ഥാന് നഷ്ടമായത്. 99 പന്തില്‍ 74 റണ്‍സുമായി അബ്ദുള്ള ഷഫീഖും 21 പന്തില്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസവുമാണ് നിലവില്‍ ക്രീസില്‍.

ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷാ മൂന്ന് വിക്കറ്റും ഷഹീന്‍ ഷാ അഫ്രിദി ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Shoaib Akhtar coined new name for Pakistan’s test cricket approach

We use cookies to give you the best possible experience. Learn more