കഴിഞ്ഞ ദിവസമായിരുന്നു ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇംഗ്ലണ്ട് കിരീടം ചൂടിയത്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയും അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഏറെ കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ഫൈനലില്‍ തോല്‍ക്കാനായിരുന്നു അവരുടെ വിധി. പല രീതിയിലും ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം നിന്നപ്പോള്‍ 2010ന് ശേഷം ഒരിക്കല്‍ക്കൂടി ത്രീ ലയണ്‍സ് കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരാവുകയായിരുന്നു.
എന്നാലിപ്പോള്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മുമ്പില്‍ ഒരു ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഷോയിബ് അക്തര്‍.
അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന 50 ഓവര്‍ ലോകകപ്പില്‍ ചാമ്പ്യന്‍മാരാവാനാണ് അക്തര്‍ പാകിസ്ഥാന്‍ ടീമിനോടാവശ്യപ്പെട്ടിരിക്കുന്നത്.
‘അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് ഒരു ലോകകപ്പ് നടക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഹീറോ ആകണമെങ്കില്‍ വാംഖഡെയില്‍ വെച്ച് നിങ്ങള്‍ വിജയിക്കണം, ലോകകപ്പ് സ്വന്തമാക്കണം.
ഇത് നിങ്ങള്‍ക്കുള്ള വെല്ലുവിളിയാണ്. പോയ് സ്വന്തമാക്കൂ. വീണിടത്ത് നിന്നും എഴുന്നേല്‍ക്കൂ, അടുത്ത വേള്‍ഡ് കപ്പ് നമ്മളുടേതാണെന്ന് നിങ്ങള്‍ ഉറപ്പാക്കുക,’ അക്തര്‍ പറഞ്ഞു.
2011ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാകുന്നത്.
2011ലും അതിന് മുമ്പ് 1996ലും 1987ലും ഇന്ത്യ ലോകകപ്പിന് ആതിഥേയരായിട്ടുണ്ടായിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് ലോകകപ്പിന് വേദിയാവുന്നത് എന്ന പ്രത്യേകതയും 2023 ലോകകപ്പിനുണ്ട്.
2011ല്‍ നടന്ന ലോകകപ്പിലെ ഫൈനല്‍ മത്സരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു നടന്നത്. ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയിരുന്നു.