വാഗാ അതിര്‍ത്തിയില്‍ കാണിച്ച ആവേശം ഗ്രൗണ്ടിലും കാണിക്കണമായിരുന്നു; ഹസന്‍ അലിയ്ക്കും അക്തറിന്റെ വിമര്‍ശനം
ICC WORLD CUP 2019
വാഗാ അതിര്‍ത്തിയില്‍ കാണിച്ച ആവേശം ഗ്രൗണ്ടിലും കാണിക്കണമായിരുന്നു; ഹസന്‍ അലിയ്ക്കും അക്തറിന്റെ വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th June 2019, 11:24 am

മാഞ്ചസ്റ്റര്‍: ഇന്ത്യയ്‌ക്കെതിരായ തോല്‍വിയില്‍ പാകിസ്താന്‍ ടീമംഗങ്ങളെ നിര്‍ത്തിപ്പൊരിച്ച് ഷോയ്ബ് അക്തര്‍. ഹസന്‍ അലി വാഗാ അതിര്‍ത്തിയില്‍ മാത്രം ഒച്ചവെച്ചത് കൊണ്ട് കാര്യമായില്ലെന്ന് അക്തര്‍ പറഞ്ഞു. ഗ്രൗണ്ടിലും ഹസന്‍ അലി ഈ പ്രകടനം കാഴ്ച വെക്കണമായിരുന്നുവെന്ന് അക്തര്‍ പറഞ്ഞു.

2018ലാണ് ഹസന്‍ അലി വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നോക്കി നൃത്തം ചെയ്തിരുന്നത്. ചടങ്ങ് വീക്ഷിക്കുകയായിരുന്ന ഹസന്‍ എഴുന്നേറ്റ് വന്ന് പാക് സൈനികനെ അനുകരിക്കുകയായിരുന്നു.

ഇന്നലെ ഒമ്പതോവര്‍ എറിഞ്ഞ ഹസന്‍ അലി 84 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

പാക് ക്യാപ്റ്റന്‍ സര്‍ഫറാസിനെയും അക്തര്‍ വിമര്‍ശിച്ചിട്ടുണ്ട്. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയാണ് സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു.
2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്ലിയുടെ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചത്. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫാറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ തന്നെ പകുതി മത്സരം ജയിച്ചതാണ്. പക്ഷെ നിങ്ങള്‍ ഈ മത്സരം ജയിക്കാതിരിക്കാന്‍ നോക്കി. അക്തര്‍ പറഞ്ഞു.