ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ നിന്നും താഴേക്കിറങ്ങിയിരുന്നു. 62 റണ്‍സിന്റെ തോല്‍വി പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റിനെയും ബാധിച്ചിരുന്നു.
ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ച്വറി കരുത്തില്‍ ഓസീസ് 367 റണ്‍സടിച്ചപ്പോള്‍ 305 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാന്‍ സാധിച്ചത്. ഈ തോല്‍വിക്ക് പിന്നാലെ നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
🏏 Match Summary 🏏
Pakistan fall short by 62 runs in Bengaluru.
വരും മത്സരത്തില്‍ വിജയിച്ച് നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്ഥാന്‍ ടീമിനെ ഉപദേശിക്കുകയാണ് മുന്‍ സൂപ്പര്‍ താരവും പാക് ലെജന്‍ഡുമായ ഷോയ്ബ് അക്തര്‍. കഴിവിന്റെ കാര്യത്തില്‍ എതിരാളികളായ അഫ്ഗാനിസ്ഥാന്‍ തുല്യരാണെന്നും ചെപ്പോക്കിലെ സാഹചര്യങ്ങള്‍ അഫ്ഗാനിസ്ഥാന് അനുകൂലമാണെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അക്തര്‍ പറഞ്ഞു.
‘അഫ്ഗാനിസ്ഥാന്‍ വളരെ മികച്ച ടീമാണ്. ഒരിക്കലും അവരെ വിലകുറച്ച് കാണാന്‍ സാധിക്കില്ല. കഴിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ പാകിസ്ഥാന് തുല്യരാണ്.
ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ടേണ്‍ ചെയ്യുന്ന സാഹചര്യമുള്ളതിനാല്‍ സാഹചര്യം അഫ്ഗാനിസ്ഥാന് അനുകൂലമാകും. ഇത്തരം അവസ്ഥകളില്‍ പാകിസ്ഥാന്‍ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെങ്കിലും ശക്തമായി തിരിച്ചുവരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നാണക്കേട് ഒഴിവാക്കാന്‍ നിങ്ങള്‍ പൂര്‍ണ നിശ്ചയദാര്‍ഢ്യത്തോടെ കളിക്കണം,’ അക്തര്‍ പറഞ്ഞു.
ഓസീസിനെതിരായ തോല്‍വിയെ കുറിച്ചും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പ്രകടനത്തെ കുറിച്ചും അക്തര്‍ സംസാരിച്ചു.
‘ടോസ് ലഭിച്ചിട്ടും ബൗളിങ് തെരഞ്ഞെടുത്തു! എന്തിന്? ആദ്യം ബാറ്റ് ചെയ്ത് 320 റണ്‍സ് നേടിയതിന് ശേഷം മത്സരം ബൗളര്‍മാര്‍ക്ക് വിട്ടുകൊടുക്കണമായിരുന്നു. ഒരുപക്ഷേ അവര്‍ക്ക് മത്സരം വിജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു.
ബാബര്‍ അസം മികച്ച താരമാണ്. പക്ഷേ വീണ്ടും ഓര്‍മിപ്പിക്കുന്നു, മികച്ച താരങ്ങള്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കണം. വലിയ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാതെ നിനക്ക് മികച്ച താരമെന്ന പേര് സ്വന്തമാക്കാന്‍ സാധിക്കില്ല. വലിയ മത്സരങ്ങളിലും റണ്‍സ് നേടാന്‍ സാധിക്കുമെന്ന് നീ കാണിച്ചുകൊടുക്കണം,’ അക്തര്‍ പറഞ്ഞു.
ഒക്ടോബര്‍ 23നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ബാബറിന്റെയും സംഘത്തിന്റെയും എതിരാളികള്‍.
Content Highlight: Shoaib Akhtar advice Pakistan team not to lose