| Tuesday, 31st October 2023, 10:48 pm

പാണ്ഡ്യക്ക് വേണ്ടി സൂപ്പര്‍ ബാറ്ററെ ഒഴിവാക്കാം, എന്നാല്‍... ഇന്ത്യക്ക് കര്‍ശന നിര്‍ദേശവുമായി അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. കളിച്ച ആറ് മത്സരത്തില്‍ ആറിലും വിജയിച്ച് 12 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ഏഴാം മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ടീം സെലക്ഷനില്‍ നിര്‍ദേശം നല്‍കുകയാണ് മുന്‍ പാക് പേസറും ഇതിഹാസ താരവുമായ ഷോയ്ബ് അക്തര്‍. പൂര്‍ണ ആരോഗ്യവാനാല്ലാത്ത ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് അക്തര്‍ നിര്‍ദേശിക്കുന്നത്.

‘നല്ല അഞ്ച് ദിനങ്ങള്‍ കൂടിയാണ് ഇന്ത്യക്ക് ട്രോഫി നേടാന്‍ ആവശ്യമായുള്ളത്. പൂര്‍ണ ആരോഗ്യവാനല്ലാത്ത ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തരുത്. ഹര്‍ദിക് ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയെത്തുമ്പോള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ശ്രേയസ് അയ്യരിനെ ടീമില്‍ നിന്നും ഒഴിവാക്കി ഹര്‍ദിക്കിനെ ഉള്‍പ്പെടുത്താം. എന്നാല്‍ ഒരിക്കലും ബൗളര്‍മാരില്‍ ആരെയും ഒഴിവാക്കരുത്,’ അക്തര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. കാലിനേറ്റ പരിക്ക് കാരണം ആ മത്സരം ഭാഗികമായും ന്യൂസിലാന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ മത്സരം പൂര്‍ണമായും ഹര്‍ദിക്കിന് നഷ്ടമായിരുന്നു. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ഹര്‍ദിക്കിന് പകരക്കാരനായി എത്തിയത്.

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് യൂണിറ്റിനെ കുറിച്ചും അക്തര്‍ സംസാരിച്ചു. ഇന്ത്യക്ക് മത്സരങ്ങള്‍ വിജയിക്കാന്‍ ബാറ്റര്‍മാരുടെ ആവശ്യമില്ലെന്നും ബൗളര്‍മാരുടെ ശക്തിയാണ് ഇന്ത്യയെ മുമ്പോട്ട് നയിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.

‘ഇന്ത്യക്ക് മത്സരങ്ങള്‍ വിജയിക്കാന്‍ ഇനി ബാറ്റര്‍മാരുടെ ആവശ്യമില്ല. അവരുടെ ബൗളേഴ്സ് ലോകകപ്പ് ചാര്‍ട്ടുകള്‍ ഭരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരം തന്നെ നോക്കൂ, അവര്‍ 229 റണ്‍സ് ഡിഫന്‍ഡ് ചെയ്യുകയും നൂറ് റണ്‍സിന് വിജയിക്കുകയും ചെയ്തു,’ അക്തര്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനാല്‍ ടീമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമിയാണ് ബൗളിങ് യൂണിറ്റിനെ നയിക്കുന്നത്. രണ്ട് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ടീമിലെത്തിയ ആദ്യ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചും ഷമിയായിരുന്നു.

ഷമിക്കൊപ്പം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് നിരയില്‍ കരുത്താകുമ്പോള്‍ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് എതിര്‍ ടീം ബാറ്റര്‍മാരെ കറക്കി വീഴ്ത്തുന്നത്. വരും മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

നവംബര്‍ രണ്ടിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

Content highlight: Shoaib Akhtar advice don’t include half fit Hardik Pandya in team

We use cookies to give you the best possible experience. Learn more