ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് സച്ചിന്‍, എന്നാല്‍ അക്കാര്യത്തില്‍ വെറും വട്ടപൂജ്യം; വിരാടും അങ്ങനെ തന്നെ: അക്തര്‍
Sports News
ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് സച്ചിന്‍, എന്നാല്‍ അക്കാര്യത്തില്‍ വെറും വട്ടപൂജ്യം; വിരാടും അങ്ങനെ തന്നെ: അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th March 2023, 12:22 pm

ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്നും ക്യാപ്റ്റന്‍സിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ അദ്ദേഹം വെറും പരാജയമാണെന്നും പാക് സ്പീഡ്സ്റ്ററും ക്രിക്കറ്റ് ലെജന്‍ഡുമായ ഷോയ്ബ് അക്തര്‍. ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ സച്ചിന്‍ സമ്മര്‍ദത്തിലാവുകയാണെന്നാണ് തനിക്ക് തോന്നിയതെന്നും അക്തര്‍ പറഞ്ഞു.

ബോല്‍ ന്യൂസുമായി നടന്ന അഭിമുഖത്തിനിടെയായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്. മറ്റൊരു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന് വിരാട് കോഹ്‌ലിയുടെ കാര്യം പറയവെയാണ് അക്തര്‍ സച്ചിന്റെ കാര്യവും പരാമര്‍ശിച്ചത്.

‘സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു.

 

 

ഞാന്‍ എന്റെ സുഹൃത്തുക്കളിലൊരാളോട് വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കുകയായിരുന്നു, ഇതേ കാര്യം തന്നെയാണ് അവനെ കുറിച്ചും ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.

അവന്‍ പരാജയപ്പെട്ടു. അവന്റെ മനസിന്റെ ശക്തിയിലാണ് വിരാട് കളിക്കാനിറങ്ങുന്നത്. അവന്റെ മനസ് ശാന്തമായിരുന്നപ്പോള്‍ ടി-20 ലോകകപ്പില്‍ അവന്റെ പ്രകടനം നമ്മള്‍ കണ്ടതാണ്,’ അക്തര്‍ പറഞ്ഞു.

 

വിരാടിന്റെ ബാറ്റിങ് പല തവണ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും ചെയ്‌സിങ്ങില്‍ വിരാടിന്റെ ബാറ്റിങ് അതിഗംഭീരമാണെന്നും അക്തര്‍ പറഞ്ഞു.

‘ചെയ്‌സിങ്ങിനിടെയാണ് വിരാട് നാല്‍പതോളം സെഞ്ച്വറിയടിച്ചത് എന്ന കാര്യവും നമ്മള്‍ പരിശോധിക്കേണ്ടതാണ്. ഞാന്‍ വിരാട് കോഹ്‌ലിയെ വല്ലാതെ പ്രശംസിക്കുന്നുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. എന്തുകൊണ്ട് വിരാടിനെ പ്രശംസിച്ചുകൂടാ. ഒരു കാലത്ത് വിരാടിന്റെ സെഞ്ച്വറികളായിരുന്നു ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്,’ അക്തര്‍ പറഞ്ഞു.

 

 

Content Highlight: Shoaib Akhtar about Virat Kohli and Sachin Tendulkar