|

ലാറയല്ല, സച്ചിനല്ല, പോണ്ടിങ്ങല്ല എന്റെ കരിയറില്‍ എന്നെ വെള്ളം കുടിപ്പിച്ചത് ആ ശ്രീലങ്കന്‍ ബൗളറാണ്; വെളിപ്പെടുത്തലുമായി ഷോയിബ് അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് പാകിസ്ഥാന്റെ സ്റ്റാര്‍ പേസറും ഇതാഹാസവുമായിരുന്ന ഷോയിബ് അക്തര്‍. തന്റെ വന്യമായ വേഗത കൊണ്ട് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്ന അക്തര്‍ അന്നത്തെ കാലത്തെ എല്ലാ ബാറ്റര്‍മാരുടെയും പേടിസ്വപ്‌നമായിരുന്നു.

ഒരു താരത്തേയും പേടിക്കാതെ പന്തെറിഞ്ഞ അക്തറിനെ വെള്ളം കുടിപ്പിച്ച ബാറ്ററെ കുറിച്ച് പറയുകയാണ് അക്തര്‍. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് താന്‍ പന്തെറിഞ്ഞതില്‍ വെച്ച് ഏറ്റവും ടഫസ്റ്റ് ബാറ്റര്‍ എന്നായിരുന്നു അക്തര്‍ പറഞ്ഞത്.

സ്‌പോര്‍ട്‌സ് കീഡയോടായിരുന്നു അക്തര്‍ മനസുതുറന്നത്. നേരത്തെ നടന്ന അഭിമുഖം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

‘ഞാന്‍ പന്തെറിഞ്ഞതില്‍ ഏറ്റവും ടഫസ്റ്റായ ബാറ്റര്‍ മുത്തയ്യ മുരളീധരനാണ്. ഞാന്‍ തമാശ പറയുകയാണെന്ന് കരുതരുത്. എന്നോട് ബൗണ്‍സര്‍ എറിയരുത് എന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. ബൗണ്‍സര്‍ അദ്ദേഹത്തിന്റെ മേല്‍ കൊണ്ടാല്‍ അദ്ദേഹം മരിച്ചുപോകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഞാന്‍ പിച്ച് ചെയ്ത് എറിഞ്ഞാല്‍ സ്വയം വിക്കറ്റ് തന്നുകൊള്ളാം എന്നാണ് എന്നോട് പറയാറുള്ളത്. എന്നാല്‍ ഞാനെപ്പോഴും ബൗണ്‍സര്‍ പോലുള്ള പന്തെറിയുമ്പോഴും അദ്ദേഹം അടിച്ചുപറത്തുന്നത് പതിവായിരുന്നു. എന്നിട്ട് അറിയാതെ തട്ടിപ്പോയി എന്നാണ് എപ്പോഴും എന്നോട് പറയാറുള്ളത്,’ അക്തര്‍ പറയുന്നു.

തന്റെ കരിയറില്‍ 2,000+ റണ്‍സാണ് മുത്തയ്യ മുരളീധരന്‍ നേടിയത്.

133 ടെസ്റ്റില്‍ നിന്നും 164 ഇന്നിങ്‌സ് കളിച്ച മുരളീധരന്‍ 1,261 റണ്‍സായിരുന്നു സ്വന്തമാക്കിയത്. 11.67 ശരാശരിയില്‍ ബാറ്റ് ചെയ്ത മുരളീധരന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 67 ആണ്.

162 ഏകദിനത്തില്‍ ബാറ്റ് ചെയ്ത മുരളീധരന്‍ 77.56 സ്‌ട്രൈക്ക് റേറ്റില്‍ 674 റണ്‍സാണ് സ്വന്തമാക്കിയത്. പുറത്താവാതെ നേടിയ 33 ആണ് താരത്തിന്റെ ഏകദിനത്തിലെ ഹൈയ്യസ്റ്റ് സ്‌കോര്‍.

ഇതിന് പുറമെ അന്താരഷ്ട്ര ടി-20 മത്സരങ്ങള്‍, ലിസ്റ്റ് എ മത്സരങ്ങള്‍ തുടങ്ങിയ ഫോര്‍മാറ്റില്‍ നിന്നും താരം റണ്ണടിച്ചുകൂട്ടിയിട്ടുണ്ട്.

Content Highlight: Shoaib Akhtar about Muthaiah Muralidharan