| Monday, 11th September 2023, 8:52 am

എന്റെ ഏറ്റവും വലിയ എതിരാളി ആ ഇന്ത്യന്‍ ബൗളറായിരുന്നു, തച്ചുതകര്‍ത്ത അവനെ ഒരിക്കല്‍പോലും പുറത്താക്കാന്‍ സാധിച്ചിരുന്നില്ല: അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് പാക് ഇതിഹാസ താരം ഷോയ്ബ് അക്തര്‍. പാകിസ്ഥാന്റെ പേസ് ബൗളിങ് ഫാക്ടറിയിലെ ഏറ്റവും മികച്ചതും ശക്തിയേറിയതുമായ പ്രൊഡക്ടായിരുന്നു അക്തര്‍.

തന്റെ പ്രൈമില്‍ ലോകത്തിലെ എല്ലാ ബാറ്റര്‍മാരുടെയും പേടിസ്വപ്‌നമായിരുന്ന അക്തര്‍ തന്റെ ഏറ്റവും വലിയ എതിരാളിയെ കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ പേസറായിരുന്ന ലക്ഷ്മിപതി ബാലാജിയായിരുന്നു തന്റെ ഏറ്റവും വലിയ റൈവലെന്നാണ് അക്തര്‍ പറഞ്ഞത്.

വേക്ക് അപ് വിത് സോരഭ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അക്തര്‍ ബാലാജിയെ കുറിച്ച് സംസാരിച്ചത്. ബാലാജിയായിരുന്നു താന്‍ നേരിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തനായ എതിരാളിയെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

‘ലക്ഷ്മിപതി ബാലാജിയായിരുന്നു എന്റെ ഏറ്റവും വലിയ എതിരാളി. കളിക്കളത്തില്‍ അവന്‍ മറ്റെന്തിനെക്കാളും എന്നെ വെറുത്തിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ എന്റെ പന്തുകളെ അടിച്ചുപറത്തിയിരുന്നു. അവനെ ഒരിക്കല്‍പ്പോലും എനിക്ക് പുറത്താക്കാന്‍ സാധിച്ചിരുന്നില്ല,’ അക്തര്‍ പറഞ്ഞു.

ഇന്ത്യക്കായി കളിച്ച എട്ട് ടെസ്റ്റിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 51 റണ്‍സാണ് ബാലാജി നേടിയത്. 31 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്ത 16 ഇന്നിങ്‌സില്‍ നിന്നും 78.94 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 120 റണ്‍സാണ് ബാലാജിയുടെ സമ്പാദ്യം.

ഇന്ത്യക്കായി 30 ഏകദിനത്തില്‍ മാത്രമാണ് ബാലാജി പന്തെറിഞ്ഞത്. ഈ 30 മത്സരത്തില്‍ നിന്നും 34 വിക്കറ്റാണ് ബാലാജി നേടിയത്. 48 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ മികച്ച പ്രകടനം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 27 വിക്കറ്റാണ് ബാലാജിയുടെ സമ്പാദ്യം. 171 റണ്‍സിന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ടെസ്റ്റിലെ ബാലാജിയുടെ മികച്ച പ്രകടനം. 3.43 എന്ന എക്കോണമിയിലും 37.18 എന്ന ശരാശരിയിലുമാണ് ടെസ്റ്റില്‍ താരം പന്തെറിഞ്ഞത്.

അതേസമയം, അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പിനെ കുറിച്ചും അക്തര്‍ സംസാരിച്ചു. ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടക്കുന്നതിനാല്‍ ഹോം ടീമിന് മേല്‍ വലിയ തോതിലുള്ള സമ്മര്‍ദമുണ്ടാകുമെന്നാണ് അക്തര്‍ പറഞ്ഞത്.

ലോകകപ്പിനുള്ള പാകിസ്ഥാന്റെ ടീമിന്റെ ബൗളിങ് സ്‌ക്വാഡ് ഏറെ മികച്ചതാണെന്നും ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ മോശം പ്രകടനം നടത്തിയാല്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുമെന്നും അക്തര്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഇന്ത്യയിലെത്തണം, ഇന്ത്യയെ പരാജയപ്പെടുത്തണം. ഞങ്ങള്‍ 600 കോടിയൊന്നും ചെലവാക്കിയിട്ടില്ല. എല്ലാ സമ്മര്‍ദവും നിങ്ങള്‍ക്ക് മേലാണ്. മാധ്യമങ്ങള്‍ നിങ്ങളെ തിന്നുകളയും,’ അക്തര്‍ പറഞ്ഞു.

Content highlight: Shoaib Akhtar about Lakshmipathy Balaji

We use cookies to give you the best possible experience. Learn more